Latest News

ചേലേമ്പ്ര ബാങ്ക് കവര്‍ച്ച: മൂന്ന് പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവ്


മഞ്ചേരി: കോളിളക്കം സൃഷ്ടിച്ച ചേലേമ്പ്ര സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്ക് കവര്‍ച്ചാ കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ക്ക് 10 വര്‍ഷവും നാലാം പ്രതി കനകേശ്വരിക്ക് അഞ്ച് വര്‍ഷവും കഠിനതടവ് വിധിച്ചു. ഇതിനുപുറമേ 20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എസ്.സതീഷ് ചന്ദ്രബാബുവാണ് ശിക്ഷ വിധിച്ചത്.
കോട്ടുളിയില്‍ താമസിക്കുന്ന കോട്ടയം മേലുകാവ് ഉള്ളനാട് വാണിയംപുരക്കല്‍ ജോസഫ് എന്ന ജെയ്‌സണ്‍ എന്ന ബാബു (45), ചെലവൂരില്‍ താമസിക്കുന്ന തൃശൂര്‍ ഒല്ലൂര്‍ തൈക്കാട്ടുശേരി കടവില്‍ ഷിബു എന്ന രാകേഷ്(31), ചെലവൂരില്‍ താമസിക്കുന്ന കോഴിക്കോട് കൊയിലാണ്ടി മൂടാടി നങ്ങലത്ത് രാധാകൃഷ്ണന്‍ (50) എന്നിവര്‍ക്കാണ് 10 വര്‍ഷം കഠിന തടവ് വിധിച്ചത്. രാധാകൃഷ്ണന്റെ ഭാര്യയാണ് നാലാം പ്രതിയായ കനകേശ്വരി(33). സ്ത്രീയായതിനാലും മൂന്ന് കുട്ടികളുടെ അമ്മയായതിനാലുമാണ് കനകേശ്വരിയുടെ ശിക്ഷ അഞ്ച് വര്‍ഷമാക്കി കുറച്ചത്. വ്യാഴാഴ്ച കോടതി ഇവരെ കുറ്റക്കാരായി കണ്‌ടെത്തിയിരുന്നു. കേസില്‍ അഞ്ചാം പ്രതിയായിരുന്ന വയനാട് വൈത്തിരി 12-ാം പാലം പാലക്കല്‍ സൈനുദീന്‍ എന്ന സൈനു (40)വിനെ കോടതി വെറുതെവിട്ടിരുന്നു. 2007 ഡിസംബര്‍ 31നാണ് കവര്‍ച്ച നടന്നത്. 79.660 ഗ്രാം സ്വര്‍ണം, 24.93 ലക്ഷം രൂപ എന്നിവയടക്കം 8,16,43,054 രൂപയാണ് ബാങ്കിനു നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട 16 കിലോ സ്വര്‍ണം ഇനിയും കണെ്ടടുക്കാനായിട്ടില്ല.
കവര്‍ച്ച, കുറ്റകരമായ ഗൂഢാലോചന, രാത്രിയില്‍ അതിക്രമിച്ചുകയറി തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്. സ്‌ഫോടകവസ്തു നിയമപ്രകാരവും കുറ്റം ചുമത്തിയിരുന്നെങ്കിലും ഇത് തെളിയിക്കാനായില്ല. ബാങ്കിന്റെ ഭിത്തി തകര്‍ക്കാന്‍ സ്‌ഫോടകവസ്തു ഉപയോഗിച്ചതിനാലായിരുന്നു ഇത്. കേസിലെ 280 സാക്ഷികളില്‍ 84 പേരെ വിസ്തരിച്ചിരുന്നു. 302 രേഖകളും 363 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി. 2008 മേയ് 26നാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടം ഹോട്ടല്‍ നടത്താനെന്ന വ്യാജേന ഉടമയെ കബളിപ്പിച്ച് വാടകക്കെടുക്കുകയും പുറത്ത് റിപ്പയര്‍ എന്ന ബോര്‍ഡ് വച്ച് ഒന്നു മുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍ സ്‌ഫോടക വസ്തു, മാര്‍ബിള്‍ കട്ടര്‍, കോണ്‍ക്രീറ്റ് കട്ടര്‍, ഡ്രില്ലര്‍, ഗ്യാസ് കട്ടര്‍ തുടങ്ങിയവ ഉപയോഗിച്ച് മാന്‍ ഹോളുണ്ടാക്കി ഗ്യാസ് കട്ടറുപയോഗിച്ചു പൊളിച്ച് സ്വര്‍ണവും കറന്‍സിയും കവരുകയും ഡിസംബര്‍ 31ന് രക്ഷപ്പെടുകയും ചെയ്തുവെന്നാണ് കേസ്.
ജോസഫ്, ഷിബു എന്നിവരെ 2008 ഫെബ്രവരി 27നും രാധാകൃഷ്ണന്‍, ഭാര്യ കനകേശ്വരി എന്നിവരെ 2008 ഫെബ്രുവരി 28നും സൈനുദീനെ 2009 മാര്‍ച്ച് എട്ടിനുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കനകേശ്വരിക്കും കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന മറ്റു പ്രതികള്‍ക്കും അഞ്ചുവര്‍ഷമായി ജാമ്യം അനുവദിച്ചിരുന്നില്ല.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.