Latest News

ഹൈദരാബാദ് ഇരട്ട സ്ഫോടനം: ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകരെ എൻ.ഐ.എ ചോദ്യം ചെയ്തു


ഹൈദരാബാദ്: ഹൈദരാബാദ് ഇരട്ടസ്ഫോടനക്കേസില്‍ ഗൂഢാലോചന നടത്തിയതെന്നു സംശയിക്കുന്ന രണ്ട് ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യംചെയ്തു. 2012 ല്‍ പൂനയിലുണ്ടായ സ്ഫോടനക്കേസില്‍ പ്രതികളായ സയദ് മഖ്ബൂല്‍, ഇമ്രാന്‍ ഖാന്‍ എന്നിവരെയാണ് ഇന്നലെ തിഹാര്‍ ജയിലില്‍നിന്ന് ഹൈദരാബാദിലെത്തിച്ചു ചോദ്യം ചെയ്തത്. എന്‍ഐഎയുടെ ആവശ്യപ്രകാരം ഡല്‍ഹി കോടതി ഇവരെ അഞ്ചു ദിവസത്തെ കസ്റഡിയില്‍ വിടുകയായിരുന്നു. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ മഖ്ബൂലും ഇമ്രാന്‍ ഖാനും ദില്‍സുക് നഗറിലുണ്ടായിരുന്നതായി എന്‍ഐഎയ്ക്കു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍. എന്നാല്‍ ഫെബ്രുവരി 21ന് ദില്‍സുക് നഗറിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് ആരും അറസ്റിലായിട്ടില്ല. സ്ഫോടനത്തില്‍ 16 പേരാണു കൊല്ലപ്പെട്ടത്. 117 പേര്‍ക്കു പരിക്കേറ്റിരുന്നു. സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത് പാക്കിസ്ഥാനിലെ ഇന്ത്യന്‍ മുജാഹിദീന്‍ സൂത്രധാരന്‍ റിയാസ് ഭട്കലാണെന്ന നിഗമനത്തിലാണ് എന്‍ഐഎ. ലഭിച്ച വിവരങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ പ്രതികളുടെ രേഖാചിത്രം തയാറായിവരുകയാണെന്ന് ആന്ധ്രപ്രദേശ് ഡിജിപി വി. ദിനേശ് റെഡ്ഡി പറഞ്ഞു. എന്‍ഐഎയ്ക്കു പുറമേ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച 15 പോലീസ് സംഘങ്ങളും സ്ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.

deepika

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.