Latest News

ഗവ. കോളജില്‍ കന്നട ഭാഷയെ അവഹേളിച്ച് ചുവരെഴുത്ത്

കാസര്‍കോട്: കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ കന്നഡ ഭാഷയെയും കന്നട വിദ്യാര്‍ത്ഥികളെയും അവഹേളിച്ച് കൊണ്ട് ചുവരെഴുത്ത് നടത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. കന്നട ബ്ലോക്കിലെ കോണിപ്പടിയിലും ക്ലാസ് മുറിയുടെ പുറത്തും നോട്ടീസ് ബോര്‍ഡിലും മറ്റുമായി അഞ്ചിടത്താണ് ചുവരെഴുത്ത് നടത്തിയത്.
ഇതേതുടര്‍ന്നാണ് കന്നട വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
' ഇതു കേരളമാണ്, നിങ്ങള്‍ക്കിവിടെ ഒരു അവകാശമില്ല, മലയാള നാട്ടില്‍ വന്ന് കളിക്കേണ്ട, ഇതു കന്നടയല്ല മലയാളികളുടെ കേരളമാണ്...' തുടങ്ങിയ വാചകങ്ങളാണ് ചുവരെഴുത്തിലുള്ളത്. കെ.ഡി.എം എന്നാണ് ചുവരെഴുത്തിന് താഴെ എഴുതിയിരിക്കുന്നത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളുമായും പ്രിന്‍സിപ്പലുമായി ചര്‍ച നടത്തിയതിനെതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കേസെടുക്കാനും കുറ്റം ചെയ്തവരെ കണ്ടെത്താനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളില്‍ വിഭാഗീയത വളര്‍ത്താനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ രാജലക്ഷ്മി പറഞ്ഞു.
എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ചുവരെഴുത്തിന് പിന്നിലെന്ന് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്. എസ്.എഫ്.ഐ നേതൃത്വത്തിലുള്ള കോളജ് യൂണിയന്‍ പുറത്തിറക്കിയ മാഗസിനില്‍ കന്നട വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും മറ്റും നല്‍കാത്തതിന്റെ പേരില്‍ ഏതാനും ദിവസങ്ങളായി കോളജില്‍ പ്രതിഷേധം നില നില്‍ക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റി കലോത്സവത്തിലും മറ്റും യക്ഷഗാനത്തിന് ഒന്നാം സ്ഥാനം നേടിയത് കാസര്‍കോട് ഗവ. കോളജിലെ കന്നട വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു.
മനഃപൂര്‍വം തങ്ങളുടെ ഫോട്ടോ മാഗസിനില്‍ ഉള്‍പെടുത്താതിരിക്കുകായിരുന്നുവെന്ന് കന്നട വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഫോട്ടോ ചേര്‍ക്കാതിരുന്നത് മനഃപൂര്‍വമല്ലെന്നും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ്.യു പ്രവര്‍ത്തകനായ ഹാരിസിന്റെ ഫോട്ടോ പോലും ചേര്‍ത്തിട്ടുണ്ടെന്നും യൂണിയന്‍ ഭാരവാഹികള്‍ പറയുന്നു.
അതിനിടെ ചാനല്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളുമായി അഭിമുഖം നടത്തുന്നതിനിടെ എസ്.എഫ്.ഐ മുന്‍ സെക്രട്ടറി മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറുകയും ചെയ്തു. മൂന്ന് വര്‍ഷം മുമ്പും കന്നട ഭാഷയെ അവഹേളിക്കുന്ന രീതിയുള്ള ശ്രമങ്ങള്‍ കാസര്‍കോട് ഗവ. കോളജില്‍ നടന്നിരുന്നു. ഭാഷാ സംഗമ ഭൂമിയുടെ പവിത്ര തന്നെ നഷ്ടപ്പെടുത്തുന്ന നടപടികളാണ് കാസര്‍കോട് ഗവ. കോളജില്‍ അരങ്ങേറുന്നതെന്ന് അധ്യാപകര്‍ പറയുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.