മുംബൈ: മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞ് സഞ്ജയ് ദത്ത്. രാവിലെ മുംബൈയിലെ വസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് മുംബൈ സ്‌ഫോടന പരമ്പരകേസിലെ വിധിപ്രഖ്യാപനത്തെക്കുറിച്ച് സംസാരിക്കവേ സഞ്ജയ് ദത്ത് പൊട്ടിക്കരഞ്ഞത്. സുപ്രീംകോടതി അഞ്ച് വര്‍ഷത്തെ ശിക്ഷ വിധിച്ച സഞ്ജയ് ഇതിനുശേഷം ആദ്യമായിട്ടാണ് മാധ്യമങ്ങളെ കാണുന്നത്.
എല്ലാ അര്‍ഥത്തിലും താനിപ്പോള്‍ തകര്‍ന്നിരിക്കുകയാണെന്ന് സഞ്ജയ് ദത്ത് പറഞ്ഞു. ഒരു നല്ല മനുഷ്യനായി ജീവിതം തുടരുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ കുടുംബവും ജീവിതവും തകര്‍ന്നു. ഈ രാജ്യത്തെയും രാജ്യത്തെ പൗരന്‍മാരെയും താന്‍ സ്‌നേഹിക്കുന്നതായി പറഞ്ഞപ്പോഴേക്കും ഒപ്പമുണ്ടായിരുന്ന സഹോദരി പ്രിയ ദത്തിനെ കെട്ടിപ്പിടിച്ചു സഞ്ജയ് വിതുമ്പി. വാര്‍ത്താസമ്മേളനത്തിനിടെ പലപ്പോഴും തല കുമ്പിട്ടിരുന്ന് കരഞ്ഞ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ഒപ്പമുണ്ടായിരുന്നവരും ഏറെ പാടുപെട്ടു. ഒടുവില്‍ വികാരാധീനനായി ദത്ത് വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
മാപ്പപേക്ഷ നല്‍കില്ലെന്നും കോടതി നിര്‍ദേശമനുസരിച്ച് ശിക്ഷ അനുഭവിക്കാനായി കോടതിയില്‍ കീഴടങ്ങുമെന്നും സഞ്ജയ് പറഞ്ഞു. അതിനിപ്പുറം ഏറെ ജോലികള്‍ പൂര്‍ത്തിയാക്കാനുണ്‌ടെന്നും കുടുംബത്തോടൊപ്പം കുറച്ചുദിവസങ്ങള്‍ ചെലവഴിക്കണമെന്നും സഞ്ജയ് പറഞ്ഞു. മാപ്പപേക്ഷയ്ക്ക് തന്നേക്കാള്‍ അര്‍ഹരായ നിരവധി പേര്‍ രാജ്യത്തുണ്‌ടെന്നും അദ്ദേഹം പറഞ്ഞു. സങ്കീര്‍ണമായ അവസരങ്ങളില്‍ തന്നെ പിന്തുണച്ച മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും സഞ്ജയ് നന്ദി പറഞ്ഞു. സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം അടുത്ത ദിവസങ്ങളില്‍ ശിക്ഷ അനുഭവിക്കാനായി കോടതിയില്‍ കീഴടങ്ങുമെന്നാണ് സൂചന. 1993 ലെ മുംബൈ സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് ആയുധനിയമപ്രകാരമാണ് സഞ്ജയ് ദത്തിനെ ശിക്ഷിച്ചത്.
നേരത്തെ ടാഡ കോടതി ആറു വര്‍ഷത്തെ ശിക്ഷ വിധിച്ച അദ്ദേഹം ഒന്നരവര്‍ഷത്തോളം തടവിലായിരുന്നു. പിന്നീട് വിധിക്കെതിരായ അപ്പീല്‍ പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ദത്തിന് മാപ്പ് നല്‍കണമെന്ന വാദം ഉയര്‍ന്നിരിക്കെ ഇതിനെ എതിര്‍ക്കുമെന്ന് ശിവസേന ഉള്‍പ്പെടെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മാപ്പപേക്ഷ നല്‍കേണ്‌ടെന്ന് സഞ്ജയ് ദത്ത് തീരുമാനിച്ചതെന്നാണ് വിവരം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment