തൊണ്ണൂറോളം എന്‍ഡോസള്‍ഫാന്‍ രോഗികള്‍ മരിച്ചുവീണ കാറഡുക്ക പഞ്ചായത്തിലാണു നെഞ്ചംപറമ്പ്. നിരോധനം വന്നപ്പോള്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നെഞ്ചംപറമ്പിന്റെ കുന്നുകളില്‍ എന്‍ഡോസള്‍ഫാന്‍ കുഴിച്ചിടുകയായിരുന്നു. നെഞ്ചംപറമ്പിനു കീഴിലുള്ള കൈത്തോട്, മഞ്ഞമ്പാറ, കുണ്ടാര്‍, പടിയത്തടുക്ക തുടങ്ങിയ പ്രദേശങ്ങളില്‍ നവജാതശിശുക്കള്‍ ഇപ്പോഴും ദുരന്തത്തിന്റെ ഭീകരമുഖം വ്യക്തമാക്കുന്നു. തലമാത്രം വളരുന്ന കുട്ടികള്‍ വൈദ്യശാസ്ത്രത്തിന് ഇന്നും അദ്ഭുതം മാത്രം. കണ്ണില്ലാതെ പിറന്ന് മണിക്കൂറുകള്‍ ജീവിച്ചു വെളിച്ചം കാണാതെ മരിച്ച കുട്ടി, കുഞ്ഞുശരീരങ്ങളില്‍ വിഷമഴ കരിച്ചുകളഞ്ഞ തൊലി ഒട്ടിപ്പിടിച്ചിരിക്കുന്നത്, ഏറ്റവുമൊടുവില്‍ പിറന്നുവീണ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാന്‍ എരിയുന്ന നെഞ്ചുമായി കാത്തിരിക്കുന്ന ഒരമ്മയുടെ ദയനീയ ചിത്രവും ഗര്‍ഭം അലസലും കാന്‍സറും ഈ പ്രദേശങ്ങളില്‍ പതിവുകാഴ്ചയാണ്. ശാസ്ത്രീയമായ യാതൊരു തയ്യാറെടുപ്പുമില്ലാതെ എന്‍ഡോസള്‍ഫാന്‍ മണ്ണില്‍ കുഴിച്ചിട്ടതാണ് ഇവിടത്തെ ജനിതക വൈകല്യങ്ങള്‍ക്കു കാരണമെന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അബ്ദുല്ല പറയുന്നു.
കഴിഞ്ഞ 19നാണ് ബീഫാത്തിമ-അഹ്മദ് ദമ്പതികളുടെ നാലാമത്തെ കുഞ്ഞ് പിറന്നത്. വലിപ്പമുള്ള തല, കാല്‍പ്പാദങ്ങള്‍ മുകളിലോട്ടു വളഞ്ഞ്, വീണ്ടുകീറിയ തൊലി. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ഇപ്പോള്‍. കുട്ടി ഇതുവരെ കരഞ്ഞിട്ടില്ല. എന്നാല്‍, ഇവര്‍ക്കിത് ആദ്യ അനുഭവമല്ല. നാലുമക്കളില്‍ മൂന്നുപേരും എന്‍ഡോസള്‍ഫാന്‍ ഇരകള്‍. മൂത്തമകന്‍ മുഹമ്മദ് മുക്താറിനെ എട്ടുലക്ഷത്തോളം രൂപമുടക്കി ചികില്‍സിച്ചു. ഇപ്പോള്‍ വൈകല്യങ്ങളോടുകൂടിത്തന്നെ ജീവിക്കുന്നു. രണ്ടാമതുണ്ടായ മകള്‍ മാത്രമാണ് ആശ്വാസമായത്. മൂന്നാമത്തെ കുട്ടിക്ക് ഒമ്പതുമാസം മാത്രമായിരുന്നു ആയുസ്സ്.
കൈത്തോടിലെ മമത-നാരായണന്‍ ദമ്പതിമാരുടെ അഞ്ചു മക്കളില്‍ ഒരാള്‍ മാത്രമാണ് അവശേഷിക്കുന്നത്. മൂത്തമകന്‍ നവീന്‍കുമാര്‍ 11 വയസ്സുള്ളപ്പോള്‍ മരിച്ചു. പിന്നീടുണ്ടായ രണ്ട് ഇരട്ടക്കുട്ടികളില്‍ ഒരാള്‍ക്ക് മണിക്കൂറുകള്‍ മാത്രമായിരുന്നു ആയുസ്സ്. രണ്ടാമത്തെയാള്‍ ഒരാഴ്ചയ്ക്കുള്ളിലും മരിച്ചു. പിന്നീട് കണ്ണില്ലാതെയാണ് കുട്ടി പിറന്നത്. ഒരു മകന്‍ മാത്രമാണിപ്പോള്‍ ജീവിച്ചിരിക്കുന്നത.് സനദ് ഹസന്‍, ഉമൈനത്ത് ശാലിയ, സഫിയ തുടങ്ങി മുപ്പതോളം ജീവനുകള്‍ താഴ്‌വാരങ്ങളില്‍ മാത്രം എന്‍ഡോസള്‍ഫാനു കീഴടങ്ങി. ഇരുപതില്‍പ്പരം പേര്‍ ജീവിക്കാന്‍ സര്‍ക്കാരിന്റെ ദയകാത്തുകിടക്കുന്നു.
എന്‍ഡോസള്‍ഫാന്‍ ഒരു ഗ്രാമത്തെയാകെ കാര്‍ന്നുതിന്നുമ്പോഴും ഇവിടെ കുഴിച്ചിട്ട എന്‍ഡോസള്‍ഫാന്‍ ബാരലുകള്‍ ശാസ്ത്രീയമായി നശിപ്പിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല. എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി സമരം നടത്തിയതിനെത്തുടര്‍ന്ന് പെരിയ, ചീമേനി, രാജപുരം എസ്റ്റേറ്റുകളിലെ എന്‍ഡോസള്‍ഫാന്‍ സുരക്ഷിത ബാരലുകളിലാക്കി മാറ്റിയിരുന്നു. എന്നാല്‍, നേരത്തേ തന്നെ മണ്ണില്‍കുഴിച്ചിട്ട നെഞ്ചംപറമ്പിലെ എന്‍ഡോസള്‍ഫാന്‍ ഒരു ഗ്രാമത്തിന്റെ മണ്ണു മുഴുവന്‍ വിഷലിപ്തമാക്കിയിട്ടും ഇതിന് എന്തു പ്രതിവിധി ചെയ്യണമെന്നറിയാതെ ഉഴലുകയാണ് അധികൃതര്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Endosulfan
No comments:
Post a Comment