Latest News

പൂക്കോട്ടൂരില്‍നിന്ന് ബീഹാറിലേക്കൊരു സമ്പൂര്‍ണ എ പ്ലസ്

മലപ്പുറം: സംസ്ഥാനത്ത് എസ്.എസ്. എല്‍.സി പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ബീഹാറിലേക്കും ഒരു മുഴുവന്‍ വിഷയ എ പ്ലസ്. മലപ്പുറത്തെ അറവങ്കരയില്‍ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയുടെ മകള്‍ സീബ അഫ്രിനാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേട്ടം സ്വന്തമാക്കിയത്. ബീഹാറിലെ ദെര്‍ബാംഗ തല്‍വാര സ്വദേശികളായ തൗഫീഖ് അഹമ്മദ്-റിസ്‌വാന ദമ്പതികളുടെ മകളാണ് സീബ.

പൂക്കോട്ടൂര്‍ ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സീബ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. എല്ലാ വിഷയത്തിലും സീബ എ പ്ലസ് നേടുമെന്ന് തൗഫീഖ് അഹമ്മദും കുടുംബവും നിനച്ചിരുന്നില്ല. എന്നാല്‍ കൂട്ടുകാരും അധ്യാപകരും സീബയുടെ ഗംഭീര വിജയം ഉറപ്പിച്ചിരുന്നു. ട്യൂഷന്‍ പോലുമില്ലാതെ പ്രാരാബ്ധങ്ങള്‍ക്കിടയില്‍ നിന്നാണ് ഈ മിടുക്കി മികച്ച വിജയം കൊയ്തത്. അതിരാവിലെ ഉണരുന്ന സീബ സുബ്ഹി നമസ്‌കാരശേഷം ഏതാനും സമയം പഠിക്കും. ഒഴിവ് സമയം ഉപ്പയെ ജോലിയില്‍ സഹായിക്കും. കുടുംബ സമേതം ചെരുപ്പ് നിര്‍മാണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുകയാണിവര്‍. പതിനാല് വര്‍ഷമായി ഇവര്‍ അറവങ്കരയിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം.

നന്നായി മലയാളം സംസാരിക്കുന്ന സീബയുടെ പെരുമാറ്റവും സംസാരശൈലിയുമെല്ലാം മലയാളികളെപോലെയാണ്. എന്നാല്‍ പിതാവും മാതാവും ഹിന്ദിയിലേ സംസാരിക്കൂ. മലയാളം ഇവര്‍ക്ക് അത്ര വഴങ്ങില്ല. ഒരു മുറി ക്വാര്‍ട്ടേഴ്‌സില്‍ പരിമിത സൗകര്യങ്ങള്‍ക്കിടയിലാണ് കുടുംബത്തിന്റെ ജീവിതവും സീബയുടെ പഠനവുമെല്ലാം മുന്നോട്ടു നീങ്ങുന്നത്.

2012ലെ ജില്ലാ കലോത്സവത്തില്‍ കഥാ രചനയില്‍ ഒന്നാം സ്ഥാനവും സംസ്ഥാന കലോത്സവത്തില്‍ കഥാമത്സരത്തില്‍ എ ഗ്രേഡും നേടിയിരുന്നു സീബ. മകളെ ഡോക്ടറാക്കാനാണ് തൗഫീഖ് അഹമ്മദിന്റെ ആഗ്രഹം. എട്ടാം ക്ലാസില്‍ പഠിക്കുന്ന ഷഹ്‌നാസ് അഫ്രിന്‍, ഹയാത്ത് അഫ്രിന്‍, ഫസീസ് അഹമ്മദ് എന്നിവര്‍ സഹോദരങ്ങളാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.