ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഐ പി എല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയം. സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ആറാം സീസണിലെ ആദ്യ സൂപ്പര്‍ ഓവര്‍ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തോല്‍പിച്ചു. വിനയ് കുമാറിന്റെ ഓവറില്‍ രണ്ടു സിക്‌സറടിച്ച കാമറൂണ്‍ വൈറ്റ് സൂപ്പര്‍ ഓവറില്‍ ആതിഥേയര്‍ക്ക് 20 റണ്‍സ് നല്‍കി. ഡെയ്ല്‍ സ്‌റ്റെയ്‌നിന്റെ മികവിനു മുന്നില്‍ ക്രിസ് ഗെയ്‌ലിനും വിരാട് കോഹ്‌ലിക്കും 14 റണ്‍സേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ.
നേരത്തെ, ഹനുമ വിഹാരിയുടെ ഓള്‍റൗണ്ട് മികവില്‍ (ഒരു ഓവറില്‍ അഞ്ചു റണ്‍സ് നല്‍കി ഒരുവിക്കറ്റ്, 45 പന്തില്‍ 44 നോട്ടൗട്ട്) ഹൈദരാബാദ് ബാംഗ്ലൂരുമായി ടൈ പിടിക്കുകയായിരുന്നു. അവസാന ഓവറില്‍ ആറു റണ്‍സ് നേടി ജയിക്കാമായിരുന്ന ഹൈദരാബാദിന് അഞ്ചു റണ്‍സേ നേടാനായുള്ളൂ. ഇതോടെ കളി സൂപ്പര്‍ ഓവറിലേക്കു നീങ്ങി.
സ്‌കോര്‍: ബാംഗ്ലൂര്‍ 130/8. ഹൈദരാബാദ് 130/7
തുടക്കത്തില്‍ തകര്‍പ്പന്‍ ബൗളിംഗാണ് ഹൈദരാദുകാര്‍ കാഴ്ചവെച്ചത്. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ക്രിസ് ഗെയ്‌ലിനെ (1) മടക്കി അയച്ച് ഹനുമ വിഹാരി ഹൈദരാബാദുകാര്‍ക്ക് മോഹിപ്പിക്കുന്ന തുടക്കം നല്‍കി. തിലക രത്‌നെ ദില്‍ഷനെ (അഞ്ച്) ഇശാന്ത് ശര്‍മ ബൗള്‍ഡാക്കുക കൂടി ചെയ്തതോടെ ബാംഗ്ലൂര്‍ പതറി. എന്നാല്‍ ക്യാപ്റ്റന്റെ ഉത്തരവാദിത്തമേറ്റെടുത്തു കളിച്ച വിരാട് കോഹ്‌ലി 44 പന്തില്‍ 46 റണ്‍സുമായി ബാംഗ്ലൂരിനെ കരകയറ്റി. 40 പന്തില്‍ 44 റണ്‍സടിച്ച മോയിസസ് ഹെന്റിക്കസ് മികച്ച പിന്തുണ നല്‍കി. മറ്റുള്ളവരിലാരും രണ്ടക്കം കണ്ടില്ല.


No comments:
Post a Comment