Latest News

ബാവിക്കര-വിദ്യാനഗര്‍ കുടിവെളള പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കണം:താലൂക്ക് വികസന സമിതി

കാസര്‍കോട്: ബാവിക്കര പമ്പ് ഹൌസില്‍ നിന്ന് വിദ്യാനഗര്‍ ശുദ്ധീകരണ കേന്ദ്രത്തിലേക്കുളള കുടിവെളള പൈപ്പ് ലൈന്‍ പലയിടങ്ങളിലും പൊട്ടി ചോര്‍ച്ച ഉണ്ടാകുന്നതിനാല്‍ പഴകിയ പൈപ്പ്ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിനും അടിയന്തിര അറ്റകുറ്റ പണി നടത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു. പൈപ്പ് ഇടയ്ക്കിടെ പൊട്ടുന്നതിനാല്‍ കുടിവെളളം പാഴാവുകയും കുടിവെളളത്തില്‍ മലിനജലം കലരുകയും ചെയ്യുന്നതായുംയോഗം ചൂണ്ടിക്കാട്ടി. കാസര്‍കോട്് താലൂക്കോഫീസിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അടിയന്തിര അറ്റകുറ്റപണികള്‍ നടത്തണമെന്നും കംഫര്‍ട്ട് സ്റ്റേഷന്‍ സ്ഥാപിക്കണമെന്നും കാലപഴക്കം ചെന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് അസിസ്റന്റ് ലേബര്‍ ഓഫീസ് മാറ്റി സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

അണങ്കൂര്‍ ആയുര്‍വ്വേദ ആശുപത്രിയെ അമ്പതു കിടക്കകളുളള ആശുപത്രിയായി ഉയര്‍ത്തണമെന്നും താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു. നിരവധി രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയില്‍ നിലവില്‍ 10 കിടക്കകളാണുളളത്. കാസര്‍കോട് താലൂക്കില്‍ കിടത്തി ചികിത്സയ്ക്കുളള ഏക ആശുപത്രിയാണിത്. ഇവിടെ കൂടുതല്‍ മരുന്ന് അനുവദിക്കണമെന്നും ആവശ്യത്തിന് ജീവനക്കാരെനിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ദേലംപാടി ഗ്രാമപഞ്ചായത്തിലെ അത്തിയില്‍ പണമടച്ചിട്ടും ഗുണഭോക്താക്കള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാത്ത സാഹചര്യത്തില്‍ വനത്തിലൂടെ കോളനിയിലേക്ക് ഭൂഗര്‍ഭ കേബിള്‍ വലിക്കുന്നതിനാവശ്യമായ വികസന ഫണ്ട് ലഭ്യമാക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. മുതിര്‍ന്ന പൌരന്‍മാര്‍ക്ക് ബസ്സുകളില്‍ സംവരണം ചെയ്ത സീറ്റുകള്‍ ആവശ്യപ്പെട്ടാലും നല്‍കുന്നില്ലെന്നും പരാതിയുയര്‍ന്ന സാഹചര്യത്തില്‍ മോട്ടോര്‍വാഹന വകുപ്പുദ്യോഗസ്ഥരും പോലീസും മിന്നല്‍പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായി. മാര്‍ച്ച് 2ന് നടന്ന താലൂക്ക് വികസന സമിതിയോഗത്തിലെ 23 തീരുമാനങ്ങളില്‍ നടപടിയെടുത്തതായി ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

ജില്ലാപഞ്ചായത്ത് മെമ്പര്‍ ഫരീദാ സക്കീറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടികളക്ടര്‍ വി.പി.മുരളീധരന്‍ തഹസില്‍ദാര്‍ കെ.ശിവകുമാര്‍,ഡിവൈഎസ്പി മോഹനചന്ദ്രന്‍, ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ജി ഗീത മംഗല്‍പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ.സാലി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം.കുഞ്ഞമ്പുനമ്പ്യാര്‍, ഇ.കെ.നായര്‍, അഹമ്മദ്മുളിയാര്‍, എസ്.എം.എ.തങ്ങള്‍, മെഹമൂദ് മുളിയാര്‍ എന്നിവരും വിവിധ വകുപ്പുകളുടെ താലൂക്ക്-ജില്ലാതല ഉദ്യോഗസ്ഥന്‍മാരും യോഗത്തില്‍ പങ്കെടുത്തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.