Latest News

ലക്ഷക്കണക്കിനു പ്രവാസികള്‍ക്ക് അബ്ദുല്ല രാജാവിന്റെ സാന്ത്വനം

സൗദി അറേബ്യയില്‍ നിതാഖാത് മൂന്ന് മാസത്തേക്ക് നിര്‍ത്തിവെച്ചു 

ജിദ്ദ: സൗദി അറേബ്യയില്‍ നിതാഖാത്, അനധികൃത തൊഴിലാളി പരിശോധനയുടെ പേരില്‍ ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന ലക്ഷക്കണക്കിനു പ്രവാസികള്‍ക്ക് സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ സാന്ത്വനം. നിതാഖാത് മാനദണ്ഡങ്ങളുടെ പൂര്‍ത്തീകരണം ഉറപ്പുവരുത്താനും സ്‌പോണ്‍സര്‍ മാറിയും വിസയില്‍ രേഖപ്പെടുത്തിയ തൊഴില്‍ മാറിയും ജോലി ചെയ്യുന്ന അനധികൃത തൊഴിലാളികളെ കണ്ടെത്താനും ഭരണകൂടം തുടങ്ങിവെച്ച പരിശോധന മൂന്നു മാസത്തേക്ക് നിര്‍ത്തിവെക്കാന്‍ അബ്ദുല്ല രാജാവ് ഉത്തരവിട്ടു. തൊഴില്‍, ആഭ്യന്തര മന്ത്രാലയങ്ങള്‍ സംയുക്തമായി തുടങ്ങിവെച്ച പരിശോധന നിര്‍ത്തിവെക്കാനും വിദേശ തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്, പ്രഫഷന്‍ മാറ്റം അടക്കം നിയമാനുസൃത രീതികള്‍ സ്വീകരിക്കാനുള്ള സാവകാശം അനുവദിക്കുന്നതിന് മൂന്നുമാസത്തെ സമയം നല്‍കാനുമാണ് നിര്‍ദേശം. നിതാഖാതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ പരിശോധനക്ക് തലസ്ഥാനമായ റിയാദില്‍ വ്യാഴാഴ്ച ഗവര്‍ണര്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. രാജാവിന്റെ ഉത്തരവോടെ സൗദിയുടെ മുഴുവന്‍ പ്രവിശ്യകളിലും നടന്നുവന്ന പരിശോധനകള്‍ക്ക് താല്‍ക്കാലിക വിരാമമാകും.
നിതാഖാത് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ പത്തില്‍ താഴെ ആളുകള്‍ തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിലും സ്വദേശിയെ നിയമിക്കണമെന്ന നിയമം പാലിക്കാന്‍ നിശ്ചയിച്ച അവസാനതീയതി മാര്‍ച്ച് 27ന് ബുധനാഴ്ച അവസാനിച്ചതോടെ ഇത്തരം സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നു. ഇതോടെ മലയാളി പ്രവാസികള്‍ കൂടുതലായി തൊഴില്‍ ചെയ്യുന്ന ഗ്രോസറി (ബഖാല), സ്‌നാക് ഷോപ്പുകള്‍ (ബൂഫിയ), റസ്റ്റാറന്റുകള്‍ എന്നിവ ഈ ഇനത്തില്‍ പെടുന്നതിനാല്‍ ഈ മേഖലയിലുള്ളവര്‍ കടുത്ത ആശങ്കയിലായി.
കഴിഞ്ഞ വാരാദ്യം പലയിടങ്ങളിലും പരിശോധന ആരംഭിച്ച വാര്‍ത്ത പരക്കുകയും അതു സംബന്ധിച്ച ഊഹാപോഹങ്ങള്‍ ശക്തിപ്പെടുകയും ചെയ്തതോടെ മലയാളികളടക്കമുള്ള പ്രവാസിമേഖലകളില്‍ വ്യാപാരസ്ഥാപനങ്ങള്‍ ഏതാനും നാളുകള്‍ അടഞ്ഞുകിടന്നു. വിസ അനുവദിച്ച സ്‌പോണ്‍സറില്‍നിന്ന് മാറി വിവിധ നിര്‍മാണ കമ്പനികളിലും മറ്റും ജോലി ചെയ്യുന്നവര്‍ അനധികൃതരായി ഗണിക്കപ്പെടുകയും പ്രമുഖ കമ്പനികള്‍ ഇവരെ കൂട്ടത്തോടെ പിരിച്ചുവിടുകയും ചെയ്തതോടെ സൗദി തൊഴില്‍രംഗം പ്രവാസികള്‍ക്കു മുന്നില്‍ കൊട്ടിയടക്കപ്പെടുകയാണെന്ന ഭീതിയുയര്‍ന്നു.
അതേസമയം, ജിദ്ദ പോര്‍ട്ടിലെ ചരക്കുനീക്കം സ്തംഭനത്തിലേക്കു നീങ്ങുകയും, സ്‌പോണ്‍സര്‍ മാറി തൊഴിലെടുക്കുന്നവരെ പിടികൂടാനുള്ള നീക്കം ജിദ്ദ വിമാനത്താവള നിര്‍മാണപദ്ധതിയും ഹറം വികസനപ്രവര്‍ത്തനങ്ങളുമൊക്കെ മന്ദഗതിയിലാക്കുമെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് ധിറുതി പിടിച്ചു നീങ്ങരുതെന്നും കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കും സാവകാശം നല്‍കണമെന്നും വിവിധ ചേംബറുകളുടെ ഭാരവാഹികളും സാമ്പത്തികവിദഗ്ധരും അഭ്യര്‍ഥിച്ചിരുന്നു. അതിനൊടുവിലാണ് സ്വദേശി സ്ഥാപനങ്ങള്‍ക്കും വിദേശി തൊഴിലാളികള്‍ക്കും സമാശ്വാസം പകര്‍ന്നു രാജകാരുണ്യമായി ശനിയാഴ്ച ഉത്തരവിറങ്ങുന്നത്.
ഇതോടെ, സൗദി തൊഴില്‍രംഗം മെച്ചപ്പെടുത്താന്‍ അധികൃതര്‍ ഉദ്ദേശിച്ച തരത്തിലുള്ള പരിഷ്‌കരണത്തിന് ക്രിയാത്മകമായി പ്രതികരിക്കാനും, അനധികൃതമാര്‍ഗങ്ങള്‍ അവസാനിപ്പിച്ച് സ്വന്തം തൊഴില്‍ നിയമാനുസൃതമാക്കിത്തീര്‍ക്കാന്‍ പ്രവാസികള്‍ക്കും അവസരമൊരുങ്ങും. അബ്ദുല്ല രാജാവിന്റെ നടപടിയെ സാമ്പത്തിക വ്യാപാരരംഗത്തെ പ്രമുഖരും വിവിധ പ്രവാസിസമൂഹങ്ങളും സ്വാഗതംചെയ്തു. അദ്ദേഹത്തിന്റെ പിതൃനിര്‍വിശേഷമായ ഈ സൗമനസ്യത്തിനു രാജ്യത്തെ ദശലക്ഷക്കണക്കിനു തൊഴിലാളികളുടെ കടപ്പാടും നന്ദിയും അവര്‍ അറിയിച്ചു.
CM Ibrahim Madhyamam

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.