അടിമാലി: ഇടുക്കി രാജാക്കാട് ബസ് അപകടത്തിനു കാരണം ഡ്രൈവറുടെ ആശ്രദ്ധയാണെന്ന് മോട്ടോര്‍ വഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഡ്രൈവറുടെ പരിചയക്കുറവും അപകട സാധ്യതയുള്ള റോഡില്‍ മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തതും അപകടത്തിനു കാരണമായി. അപകടത്തില്‍ ഏഴ് പേര്‍ മരിച്ചിരുന്നു. ഇടുക്കി ആര്‍.ടി.ഒ റോയി മാത്യൂവിന്റെനേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്.
റിപ്പോര്‍ട്ട് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദിനും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും സമര്‍പ്പിച്ചു. കുത്തനെയുളള ഇറക്കങ്ങളുളള റോഡായിരുന്നിട്ടും ബസ് അമിത വേഗതയിലാണ് ഓടിച്ചിരുന്നത്. ഇടത് വശത്തൂടെ വന്ന ബസ് അപകടത്തില്‍പ്പെട്ട ശേഷം വെട്ടിച്ചു മാറ്റാനോ ബ്രേക്ക് ചെയ്യാനോ ഡ്രൈവര്‍ ശ്രമിച്ചില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മാര്‍ച്ച് 25ന് വിനോദ യാത്രക്കു പോയ തിരുവനന്തപുരം വെള്ളനാട് സാരാഭായ് ഇന്‍സ്റ്റിറ്റിയൂട്ടിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍പെട്ട 'ഹാപ്പി ഡെയ്‌സ്' ബസ് ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി ഷെഫീഖിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിരുന്നു.


No comments:
Post a Comment