Latest News

കരുത്ത് തെളിയിച്ച് വിദ്യാര്‍ഥി റാലി SSF സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി

ssf-confrence-Malabarflash

കൊച്ചി: അറിവിനെ സമരായുധമാക്കാന്‍ ആഹ്വാനം ചെയ്ത് എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന് കലൂര്‍ രിസാല സ്‌ക്വയറില്‍ ഉജ്ജ്വല സമാപനം. ധര്‍മത്തിന്റെ കാവല്‍ഭടന്‍മാരാകുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ പതിനായിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ കൊച്ചിയില്‍ തീര്‍ത്ത പാല്‍ക്കടല്‍ സുന്നീ സംഘശക്തിയുടെ കരുത്ത് തെളിയിക്കുന്ന മഹാസംഗമമായി. ചരിത്രത്തോടും ഭാവിയോടും കടപ്പാടുള്ള വിദ്യാര്‍ത്ഥികളായി, സമൂഹത്തിലെ നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മക സാന്നിധ്യമായി മാറുമെന്ന് അവര്‍ പ്രതിജ്ഞയെടുത്തു.
വൈകുന്നേരം നാലുമണിക്ക് ഇടപ്പള്ളിയില്‍ നിന്നാരംഭിച്ച വിദ്യാര്‍ത്ഥി റാലിയോടെയാണ് സമാപന പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. രണ്ടു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ അണിനിരന്ന റാലിയില്‍ യൂണിഫോം ധരിച്ച, പതാകയേന്തിയ നാല്‍പതിനായിരം സന്നദ്ധ പ്രവര്‍ത്തകരുടെ സാന്നിധ്യം കൂടുതല്‍ മിഴിവേകി. സാംസ്‌കാരിക അധിനിവേശങ്ങള്‍ക്കെതിരെയും വിദ്യാഭ്യാസ മേഖലയിലെ തെറ്റായ നയനിലപാടുകള്‍ക്കെതിരെയും റാലിയില്‍ പങ്കെടുത്തവര്‍ മുദ്രാവാക്യം മുഴങ്ങി. റാലിക്ക് എസ് എസ് എഫ് നേതാക്കളായ വി അബ്ദുല്‍ ജലീല്‍ സഖാഫി, കെ അബ്ദുല്‍ കലാം, വി പി എം ഇസ്ഹാഖ്, എന്‍ വി അബ്ദുറസാഖ് സഖാഫി, പി എ മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുറശീദ് സഖാഫി കുറ്റിയാടി, ഉമര്‍ ഓങ്ങല്ലൂര്‍, എം അബ്ദുല്‍ മജീദ്, എ എ റഹീം, ബഷീര്‍ കെ ഐ, അബ്ദുല്‍ റശീദ് നരിക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. അലിയ്യുല്‍ ഹാശിമി(യു എ ഇ മതകാര്യ ഉപദേഷ്ടാവ്), ഡോ ഉമര്‍ മുഹമ്മദ് അല്‍ ഖത്തീബ്(യു എ ഇ), മുഹമ്മദ് സാഹിബ്(മലേഷ്യ), സയ്യിദ് യൂസുഫുല്‍ ബുഖാരി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ആസാം നഗര വികസന വകുപ്പ് മന്ത്രി സിദ്ദീഖ് അഹ്മദ്, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എന്‍ അലി അബ്ദുല്ല, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, സയ്യിദ് മുഹമ്മദ് ഖാദിരി, എം മുഹമ്മദ് സ്വാദിഖ് പ്രസംഗിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ പ്രത്യേക പരിശീലനം നേടിയ നാല്‍പതിനായിരം സന്നദ്ധ പ്രവര്‍ത്തകരെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി നാടിനു സമര്‍പ്പിച്ചു. ആതുര ശുശ്രൂഷാ രംഗത്തും പരിസ്ഥിതി സംരക്ഷണ മേഖലയിലും എസ് എസ് എഫ് നടപ്പിലാക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ പ്രാദേശിക തലങ്ങളില്‍ നടപ്പിലാക്കാന്‍ ഈ സംഘം നേതൃത്വം നല്‍കും. സമ്മേളനത്തോടനുബന്ധിച്ച് ഐ ടീം അംഗങ്ങള്‍ തുടക്കം കുറിച്ച സംഘകൃഷി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. എസ് എസ് എഫ് സംസ്ഥാന ജന.സെക്രട്ടറി കെ അബ്ദുല്‍ കലാം സ്വാഗതവും കെ ഐ ബഷീര്‍ നന്ദിയും പറഞ്ഞു.

ssf-confrence-Malabarflash

ssf-confrence-Malabarflash

ssf-confrence-Malabarflash

ssf-confrence-Malabarflash

ssf-confrence-Malabarflash

ssf-confrence-Malabarflash

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Karnadaka, Mangalore


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.