Latest News

കണ്ണൂരില്‍ മതിലിടിഞ്ഞ് വീണ് രണ്ടു പേര്‍ മരണപ്പെട്ടു

കണ്ണൂര്‍ : മതിലിടിഞ്ഞ് ദേഹത്ത് വീണ് വലിയന്നൂരില്‍ മധ്യവയസ്‌കനും വള്ള്യായിയില്‍ വിദ്യാര്‍ത്ഥിയും മരണപ്പെട്ടു. രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു. വലിയന്നൂര്‍ ടൗണിനടുത്തുള്ള ബസ്സ് ഷെല്‍ട്ടറില്‍ ബസ്സ് കാത്തുനില്‍ക്കുകയായിരുന്ന തുണ്ടിക്കോത്ത് ഭഗവതി ക്ഷേത്രത്തിനടുത്തുള്ള പുളിക്കണ്ടി ഗംഗാധരനാ(62) മരണപ്പെട്ടത്.

കണ്ണൂരിലെ സ്വകാര്യസ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായ ഗംഗാധരന്‍ ജോലിക്ക് പോകാനായി കാലത്ത് ആറുമണിയോടെ ബസ്സ് കാത്തുനില്‍ക്കവെയാണ് അപകടം. സമീപത്തെ വീടിന്റെ മതില്‍ ഇടിഞ്ഞ് വീഴുകയായിരുന്നു. ഇളകിവീണ കല്ലുകള്‍ക്കിടയില്‍ പെട്ടാണ് ഗംഗാധരന്‍ മരിച്ചത്. സംഭവസമയം ഇതുവഴി വരികയായിരുന്ന ഓട്ടോയിലുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

ഇരിട്ടിയില്‍ നിന്ന് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് സുഹൃത്തിനെയും കൂട്ടി പോകുകയായിരുന്ന ഓട്ടോഡ്രൈവര്‍ സജീഷിന്റെ നേതൃത്വത്തിലായിരുന്നു ആദ്യരക്ഷാപ്രവര്‍ത്തനം. കല്ലിന്റെ കൂനക്കിടയില്‍ ഗംഗാധരന്റെ തല മാത്രമേ പുറത്തു കാണാനായുള്ളൂവെന്ന് സജീഷ് പറഞ്ഞു. ഇയാള്‍ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നുവെന്നാണ് സൂചന. പോലീസും ഫയര്‍ഫോഴ്‌സും എത്തുമ്പോഴേക്കും ഗംഗാധരനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പ്രേമജയാണ് മരണപ്പെട്ട ഗംഗാധരന്റെ ഭാര്യ. ഷനിത്ത്, സജിത്ത്, ഗീത, പ്രജിത്ത്, ബാബു, ബിജു, ഉമ, ലീന എന്നിവര്‍ മക്കളാണ്.
അപകടത്തില്‍ സാരമായി പരിക്കേറ്റ വൈശാഖി(19)നെ പരിയാരം മെഡിക്കല്‍ കോളേജിലും ലതേഷ്(20), ജിതിന്‍(19) എന്നിവരെ കണ്ണൂര്‍ എ കെ ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ജില്ലാ കലക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍, തഹസില്‍ദാര്‍ എസ് ഗോപിനാഥ്, എളയാവൂര്‍, ചേലോറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഡി സി സി ഭാരവാഹികളായ മുണ്ടേരി ഗംഗാധരന്‍, അഡ്വ. ടി ഒ മോഹനന്‍, സോഷ്യലിസ്റ്റ് ജനതാദള്‍ നേതാക്കളായ കെ പി പ്രശാന്തന്‍, എ അഹമ്മദ്, എം പി പ്രദീപന്‍ എന്നിവരടക്കം വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. 

ഗംഗാധരന്റെ മരണത്തില്‍ അനുശോചിച്ച് വലിയന്നൂരിലെ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു.
സമാനമായ മറ്റൊരു സംഭവത്തില്‍ മൊകേരി രാജീവ്ഗാന്ധി ഹയര്‍സെക്കന്ററി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി വള്ള്യായി ഉച്ചന്‍വള്ളിയില്‍ രോഹിത്(15) ആണ് മരിച്ചത്. രാവിലെ 9.45 ഓടെ സ്‌കൂളിലേക്ക് പോകവെ വീടിന് സമീപത്തെ ഉമാമഹേശ്വര ക്ഷേത്രത്തിനടുത്തുള്ള വീടിന്റെ മതില്‍ ഇടിഞ്ഞ് ദേഹത്തു വീഴുകയായിരുന്നു. ശബ്ദം കേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും രോഹിത് മതിലിനടിയില്‍ പെട്ടിരുന്നു. 

നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രോഹിത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പാനൂര്‍ എസ് ഐ കെ പി വിനായക് ജഢം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപുത്രിയിലേക്ക് മാറ്റി. വിമുക്ത ഭടന്‍ രാജീവന്റെ മകനാണ് രോഹിത്.

ദു:ഖസൂചകമായി രാജീവ് ഗാന്ധി ഹയര്‍സെക്കന്ററി സ്‌കൂളിന് ഇന്ന് അവധി നല്‍കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.