Latest News

നികുതി വെട്ടിപ്പ് നടത്തി കടത്താന്‍ ശ്രമിച്ച ബെന്‍സ് കാറുകള്‍ പിടികൂടി

കാസര്‍കോട്: പുണെയില്‍നിന്ന് കേരളത്തിലേക്ക് രേഖകളൊന്നുമില്ലാതെ കടത്തിക്കൊണ്ടുവന്ന 4.9 കോടി രൂപ വിലമതിക്കുന്ന ഏഴ് ആഡംബരക്കാറുകള്‍ വാണിജ്യ നികുതി വകുപ്പ് പിന്തുടര്‍ന്ന് പിടികൂടി. മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍ പരിശോധനയ്ക്ക് നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു ഏഴ് കാറും. ഒന്നിന് 70 ലക്ഷം രൂപ വിലമതിക്കും.

വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. പിടികൂടി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും കാറുകള്‍ വിട്ടുകിട്ടാന്‍ ആരും വാണിജ്യ നികുതി വകുപ്പിനെ സമീപിച്ചിട്ടില്ല.

രജിസ്‌ട്രേഷന്‍ നമ്പര്‍പോലുമില്ലാത്ത കാറുകള്‍ കൃത്യമായ ഇടവേളകളില്‍ ഓരോന്നായി ചെക്‌പോസ്റ്റ് കടക്കുകയായിരുന്നു. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വാണിജ്യ നികുതി വകുപ്പ് ഇന്റലിജന്‍സ് സ്‌ക്വാഡ് കാറുകളെ പിന്തുടര്‍ന്ന്   ഉദുമയില്‍ വെച്ച് പിടികൂടി. വാഹനം കേരളത്തിലേക്ക് എന്തിനാണ് കൊണ്ടുവരുന്നതെന്നോ ആര്‍ക്കുവേണ്ടിയാണെന്നോ ഉള്ള രേഖകള്‍ വാഹന ഡ്രൈവര്‍മാരുടെ കൈവശം ഉണ്ടായിരുന്നില്ല.

വൈകിട്ട് ഏറെ തിരക്കുണ്ടായിരുന്ന സമയത്താണ് കാറുകള്‍ ചെക്‌പോസ്റ്റ് കടന്ന് പോയത്. ബസ് സര്‍വീസുകള്‍ ധാരാളമായുള്ള ദേശീയപാതയായതിനാല്‍ മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍ ബാരിക്കേഡ് സംവിധാനമില്ല. മറ്റു വാഹനങ്ങള്‍ പരിശോധനയ്ക്കായി നിര്‍ത്തിയിട്ടിരിക്കുന്നതിനിടയിലൂടെയാണ് ആഡംബരക്കാറുകള്‍ കടന്നുപോയത്. അവസാനം പോയ കാറിനെ പിന്തുടര്‍ന്ന് പിടികൂടിയപ്പോഴാണ് രേഖകളില്ലെന്ന് വ്യക്തമായത്. ഉടന്‍തന്നെ മറ്റു കാറുകളും പിന്തുടര്‍ന്ന് പിടികൂടി തിരികെ മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍ എത്തിച്ചു.

ഡ്രൈവര്‍മാരുള്‍പ്പടെ കസ്റ്റഡിയിലായിട്ടും വാഹനം വിട്ടുകിട്ടാന്‍ ആരും സമീപിക്കാത്തത് സംശയമുണര്‍ത്തിയിട്ടുണ്ട്. ഷോറൂമുകളിലേക്കായാലും വ്യക്തികള്‍ക്കായാലും സംസ്ഥാനത്തേക്ക് പുതിയ വാഹനം കൊണ്ടുവരുമ്പോള്‍ അതത് കമ്പനികള്‍ നല്കുന്ന രേഖകളുണ്ടാവും. വാണിജ്യ നികുതി വകുപ്പിന്റെ നിയമപ്രകാരമുള്ള ഈ രേഖകള്‍ ഒരു വാഹനത്തില്‍പ്പോലുമില്ലായിരുന്നു. കാറുകള്‍ മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍ സൂക്ഷിച്ചിരിക്കയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.