Latest News

ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാന്‍ കാസര്‍കോട് സീറ്റ് ലീഗിന് നല്‍കും

ന്യൂഡല്‍ഹി: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ശ്രമം തുടങ്ങി.

നിയമസഭാ സമ്മേളനത്തിന് ശേഷം ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഈ ആവശ്യം മുന്‍നിര്‍ത്തി മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകക്ഷികളെ കണ്ട് ചര്‍ച്ച നടത്തും. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ രമേശ് ചെന്നിത്തലയുമായി ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഇതുസംബന്ധമായി തന്റെ വ്യക്തമായ അഭിപ്രായം കേന്ദ്രമന്ത്രി എ.കെ ആന്റണി സോണിയാ ഗാന്ധിയെ നേരത്തേ തന്നെ അറിയിച്ചിരുന്നു. സോണിയാ ഗാന്ധിക്കു പുറമേ എ.കെ ആന്റണി, മുകുള്‍ വാസ്‌നിക്, അഹമ്മദ് പട്ടേല്‍, ഓസ്‌കര്‍ ഫെര്‍ണാണ്ടസ് എന്നിവരുമായും രമേശ് ചെന്നിത്തല ചര്‍ച്ച നടത്തിയിരുന്നു.

ലീഗിനെ മെരുക്കാന്‍ കാസര്‍കോട് ലോക്‌സഭാ സീറ്റ് ഹൈക്കമാന്‍ഡ് ഇടപെട്ട് ലീഗിന് വിട്ടുനല്‍കുമെന്നാണ് സൂചന. ഇക്കാര്യങ്ങള്‍ ഘടകക്ഷി നേതാക്കളുമായുള്ള ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്യും. കാസര്‍കോട് സീറ്റ് ലഭിച്ചാല്‍ ലീഗ് ഉപമുഖ്യമന്ത്രിപദത്തിന് വാശി പിടിക്കില്ലെന്നാണ് അറിയുന്നത്. ഇതുസംബന്ധമായി ലീഗ് നേതാവും കേന്ദ്ര സഹമന്ത്രിയുമായ ഇ.അഹമ്മദുമായും, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുമായും ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ചര്‍ച്ച നടത്തും. അങ്ങനെ വന്നാല്‍ റവന്യു വകുപ്പും മറ്റൊരു പ്രധാന വകുപ്പും നല്‍കി ഉപമുഖ്യമന്ത്രിപദത്തിലേക്ക് ചെന്നിത്തലയെ കൊണ്ടുവരും.

കോണ്‍ഗ്രസ് പുനഃസംഘടനയിലൂടെ മധുസൂദനന്‍ മിസ്ത്രിക്ക് പകരം കേരളത്തിന്റെ ചുമതല ലഭിച്ച മുകുള്‍ വാസ്‌നിക് രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരനായാണ് അറിയുന്നത്. ഇതും രമേശിന് അനുകൂല ഘടകമായി.നേതാക്കളുടെ മനസറിയാന്‍ ചൊവ്വാഴ്ച്ച ചേരുന്ന കെ.പി.സി.സി യോഗത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികും സെക്രട്ടറി ദീപക് ബാബ്‌റിയും പങ്കെടുക്കുന്നുണ്ട്.

കെ.പി.സി.സി പ്രസിഡന്റ് പദവിയില്‍ എട്ടു വര്‍ഷം പൂര്‍ത്തിയാക്കിയ ചെന്നിത്തല ഇനിയും അതേ സ്ഥാനത്ത് തുടര്‍ന്നാല്‍ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കള്‍ രംഗത്ത് വരുമെന്നതും ഹൈക്കമാന്‍ഡിനെ അലട്ടുന്നുണ്ട്. അതിനാല്‍ തന്നെ എത്രയും പെട്ടന്ന് മന്ത്രിസഭാ പുനഃസംഘടനയില്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടണമെന്ന ആഗ്രഹമാണ് ഹൈക്കമാന്‍ഡിനുള്ളത്. ഇക്കാര്യം ചെന്നിത്തലയോട് നേതൃത്വം വ്യക്തമാക്കിയിട്ടുള്ളതായാണ് സൂചന.

രമേശ് മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടെടുത്താല്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതേസമയം, ആഭ്യന്തരവകുപ്പ് വേണമെന്ന ചെന്നിത്തലയുടെ ആഗ്രഹത്തോട് ഹൈക്കമാന്‍ഡ് മുഖം തിരിച്ചതായാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സോളാര്‍ വിവാദം കത്തിപ്പടരുന്ന കേരളത്തില്‍ 'എ' ഗ്രൂപ്പ്കാരനായ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒരു കാരണവശാലും മാറ്റാന്‍ പറ്റില്ലെന്ന നിലപാട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും 'എ' ഗ്രൂപ്പും സ്വീകരിക്കുന്നതും സോളാര്‍ കേസിന്റെ അന്വേഷണം നടക്കുന്നതും ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്താന്‍ ഹൈക്കമാന്‍ഡിനെ പ്രേരിപ്പിച്ച ഘടകമാണ്.

മുഖ്യമന്ത്രി ആഭ്യന്തരം ഏറ്റെടുത്ത് സമവായമുണ്ടാക്കാനുള്ള പഴയ നീക്കം ഇനി നടക്കില്ലെന്നും ഉറപ്പായിട്ടുണ്ട്. സോളാര്‍ തട്ടിപ്പു കേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. മാത്രമല്ല മുഖ്യമന്ത്രിയടക്കമുള്ളവരുടെ ഭാവി നിയന്ത്രിക്കുന്ന കേസന്വേഷണം നടക്കുന്ന വേളയില്‍ 'ഐ' ഗ്രൂപ്പ് നേതാവായ ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കുന്നതിന് 'എ' ഗ്രൂപ്പ് സമ്മതിക്കില്ലെന്നും ഉറപ്പാണ്.

സംസ്ഥാന സര്‍ക്കാരിനും പാര്‍ട്ടിക്കും നാണക്കേടായ സോളാര്‍ തട്ടിപ്പ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മാറ്റി ചെന്നിത്തലയെ നേതൃസ്ഥാനത്ത് കൊണ്ടുവരണമെന്ന ആഗ്രഹം 'ഐ' വിഭാഗം നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന കോണ്‍ഗ്രസില്‍ പിളര്‍പ്പിന് തന്നെ സാഹചര്യമൊരുക്കുന്ന അത്തരമൊരു തീരുമാനത്തിന് പച്ചക്കൊടി കാട്ടാന്‍ ഹൈക്കമാന്‍ഡ് തയ്യാറാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

(കടപ്പാട്: എക്‌സ്പ്രസ്സ് കേരള)


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.