Latest News

'കരഞ്ഞുപറഞ്ഞിട്ടും വിട്ടില്ല; കൊണ്ടുപോയി കൊല്ലിച്ചു'

കൊച്ചി: പുതുവേലിപ്പറമ്പില്‍ വീടിന്റെ മരവിപ്പ് ഇനിയും മാറിയിട്ടില്ല. മക്കളുടെ പ്രിയപ്പെട്ട വാപ്പിച്ചി ഒരു നോക്കിന്റെ സൂചന പോലും നല്‍കാതെയാണ് മരണത്തെ സ്വയം വരിച്ചത്. ''വെളുപ്പിനേ ക്ഷീണം കൊണ്ട് എന്റെ കണ്ണൊന്ന് അടഞ്ഞുപോയി. അല്ലെങ്കി ഞാന്‍ സമ്മതിക്കില്ലായിരുന്നു. ഞാനും ഒപ്പം ചെന്നേനേ. അല്ലെങ്കി ചിലപ്പോ ഞങ്ങളെല്ലാം ഒപ്പം പോയേനേ...'' വാക്കുകള്‍ തൊണ്ടയില്‍ തടഞ്ഞ പോലെ അസൂറ പാതിയില്‍ നിര്‍ത്തി.

വ്യാജ പ്രതിപ്പട്ടികയില്‍ പേര് ചേര്‍ത്തതിന്റെ വിഷമത്തില്‍ അസൂറയുടെ പ്രിയ ഭര്‍ത്താവ് ആറുനാള്‍ മുന്‍പാണ് ജീവനൊടുക്കിയത്. വീടിന്റെ ടെറസില്‍ ഒരു മുഴം കയറില്‍ അഷ്‌റഫ് (46) സ്വയം അവസാനിച്ചു.

തമ്മനം ഷാജിയെ ആക്രമിച്ച കേസില്‍ സി.പി.എമ്മിന്റെ വ്യാജ പ്രതിപ്പട്ടിക തയ്യാറാക്കിയതായി ആരോപണമുയര്‍ന്നിട്ടുണ്ട്. സി.ഐ.ടി.യു. ചുമട്ട് തൊഴിലാളിയായിരുന്നു അഷ്‌റഫ്. ''പേര് മാറ്റിത്തരണമെന്ന് കരഞ്ഞുപറഞ്ഞതാണ്. പാര്‍ട്ടിക്കാര് കേട്ടില്ല. ജോലീന്ന് പിരിച്ചുവിട്ടാലും കുഴപ്പമില്ലെന്ന് വരെ പറഞ്ഞു. കുടുംബോമായിട്ട് കഴിയണമെന്ന ആഗ്രഹം മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ''.

മരണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒപ്പം നടന്ന പാര്‍ട്ടിയില്‍ നിന്ന് ഒരാള്‍ പോലും ആശ്വാസവാക്കുകളുമായി വീട്ടിലെത്തിയില്ലെന്നും അസൂറ പറയുന്നു. കടം കാരണമാ ആത്മഹത്യയെന്നാ ഇപ്പോള്‍ പറയുന്നത്. 201 പവന്‍ ലോട്ടറിയടിച്ച, നഗരത്തില്‍ രണ്ട് വീടുകള്‍ സ്വന്തമായുള്ള ഒരാള്‍ക്ക് എന്ത് സാമ്പത്തിക പ്രശ്‌നങ്ങളാണുള്ളതെന്ന് ഇവര്‍ ചോദിക്കുന്നു.

പ്രതിപ്പട്ടികയില്‍ പേരുണ്ടെന്ന് അറിഞ്ഞതുമുതല്‍ അഷ്‌റഫ് വിഷമത്തിലായിരുന്നെന്ന് സഹോദരങ്ങളായ പരീതും അബൂബക്കറും പറഞ്ഞു. മരിക്കുന്നതിന്റെ തലേന്ന് അര്‍ധരാത്രി രണ്ടര വരെ അഷ്‌റഫ് അബൂബക്കറിന്റെ വീട്ടിലുണ്ടായിരുന്നു.

പാര്‍ട്ടിയിലെ ഒരാളുടെ ഫോണ്‍ വന്ന ശേഷം ബുധനാഴ്ച രാത്രി എട്ടരയോടെയാണ് അഷ്‌റഫ് ഇടപ്പള്ളിയിലെ വീട്ടില്‍ നിന്ന് പോയതെന്ന് അസൂറ ഓര്‍ക്കുന്നു. രാത്രി മറ്റൊരാളുടെ ഷിഫ്റ്റില്‍ ജോലി ചെയ്യേണ്ടിവരുമെന്ന് പിന്നീട് ഫോണ്‍ ചെയ്തു പറഞ്ഞു. അര്‍ധരാത്രി ഒന്നരയോടെ ഇളയ മോള്‍ക്ക് ചെവിവേദന തുടങ്ങി. ഫോണില്‍ വിളിച്ചു. കിട്ടിയില്ല.

പക്ഷേ അല്പം കഴിഞ്ഞപ്പോള്‍ അഷ്‌റഫ് തിരിച്ചുവിളിച്ചു. മോളെ ആസ്പത്രിയില്‍ കൊണ്ടുപോകാന്‍ രണ്ട് കൂട്ടുകാരും ചേട്ടനും വരുമെന്ന് പറഞ്ഞു. ഏതാനും സമയത്തിനകം അവരെത്തി. മകളെ ഇടപ്പള്ളിയിലെ ആസ്പത്രിയില്‍ കൊണ്ടുപോയി.

പിന്നീട് രണ്ടരയ്ക്ക് ശേഷമാണ് അഷ്‌റഫ് വീട്ടിലെത്തുന്നത്. ഞാന്‍ വന്ന കാര്യം ആരും അറിയേണ്ട എന്ന് പറഞ്ഞു. മക്കള്‍ ഉറങ്ങിയ ശേഷം കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയാമെന്ന പ്രതീക്ഷയിലായിരുന്നു അസൂറ. ''വെളുപ്പിന് നാലുമണി വരെ ഉറങ്ങാതെ കാത്തിരുന്നു. ഇടയ്ക്ക് എപ്പോഴോ മയങ്ങിപ്പോയി. ഉണരുമ്പോഴേക്കും...'' വാക്കുകള്‍ വീണ്ടും മുറിയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ അയല്‍വാസിയാണ് വീടിന്റെ ടെറസില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ അഷ്‌റഫിനെ ആദ്യം കണ്ടത്.

''എന്റെ മോന്ക്ക് വന്നത് ഇനി ആര്‍ക്കും വരര്ത്. ഇപ്പോ അവര് പറയ്ണത് അവന് കടമൊള്ള കൊണ്ടാ തൂങ്ങിയതെന്നാണ്'' - അഷ്‌റഫിന്റെ എഴുപത്തിയേഴുകാരിയായ ഉമ്മ കുഞ്ഞാത്തുവിന് കണ്ണീരടക്കാനാവുന്നില്ല. ''വന്‍ സാമ്പത്തിക ബാധ്യതകളൊന്നും അഷ്‌റഫിനുണ്ടായിരുന്നില്ലെന്ന് വീട്ടുകാര്‍ ആണയിടുന്നു. ഞങ്ങടെ സ്വത്താണ് നഷ്ടമായത്. എന്തിനാ കൊണ്ടുപോയി കൊല്ലിച്ചത്. പാര്‍ട്ടി ഇതിന്ന് മറുപടി തന്നേ പറ്റൂ'' - അസൂറ പറഞ്ഞുനിര്‍ത്തി.

പാര്‍ട്ടി നേതൃത്വം മൗനത്തിലാണെങ്കിലും പരാതികളുമായി സമീപിക്കാന്‍ തന്നെയാണ് അഷ്‌റഫിന്റെ കുടുംബത്തിന്റെ തീരുമാനം. പാര്‍ട്ടി ലോക്കല്‍ നേതൃത്വം തുടങ്ങി പിണറായി വിജയന്‍ വരെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു.
(കടപ്പാട്: മാതൃഭൂമി)


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.