Latest News

മുന്‍മന്ത്രി എ.സി ഷണ്‍മുഖദാസ് അന്തരിച്ചു

കോഴിക്കോട്: മുന്‍മന്ത്രിയും എന്‍സിപി ദേശീയ പ്രവര്‍ത്തകസമിതി അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ എ സി ഷണ്‍മുഖദാസ്(73)അന്തരിച്ചു.കോഴിക്കോട് മെഡി. കോളേജ് ആസ്പത്രിയില്‍ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അന്ത്യം.

വ്യാഴാഴ്ച വൈകിട്ട് തന്റെ രാഷ്ട്രീയ ഗുരുവായിരുന്ന സി.കെ.ജി.യുടെ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇതിന് ശേഷം എരഞ്ഞിക്കലിലെ വീട്ടിലെത്തിയ അദ്ദേഹത്തിന് ഏഴുമണിയോടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തെ സൂപ്പര്‍സ്‌പെഷാലിറ്റിയിലേക്ക് മാറ്റുകയായിരുന്നു.ഹൃദ്രോഗ ചികില്‍സാ വിഭാഗത്തിലെത്തിച്ച് അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റിക് വിധേയനാക്കിയിരുന്നു.നേരത്തെ കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികത്സയിലായിരുന്നു.

മൂന്ന് തവണ മന്ത്രിയും തുടര്‍ച്ചയായി 25 വര്‍ഷം എം.എല്‍.എ.യുമായിരുന്ന ഷണ്‍മുഖദാസ് സംസ്ഥാനത്തെ എക്കാലത്തെയും പ്രമുഖരായ നിയമസഭാസാമാജികരിലൊരാളാണ്.32 വര്‍ഷം ബാലുശ്ശേരി മണ്ഡലത്തെയാണ് അദ്ദേഹം നിയമസഭയില്‍ പ്രതിനിധീകരിച്ചത്. 1970ല്‍ ഇടക്കാല തെരഞ്ഞെടുപ്പിലാണ് ആദ്യമായി ബാലുശ്ശേരിയില്‍ നിന്ന് ജയിച്ചത്.1980 മുതല്‍ ബാലുശ്ശേരിയുടെ എംഎല്‍എയായി.2001ലാണ് അവസാനമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നായനാര്‍ മന്ത്രിസഭയില്‍ 1980ല്‍ ജലസേചനമന്ത്രിയായും 87ലും 96ലും ആരോഗ്യമന്ത്രിയായും പ്രവര്‍ത്തിച്ചു.
ധര്‍മടം സ്വദേശി ചീനാന്‍ കുഞ്ഞിരാമന്റെയും അണിയേരി വെങ്ങിലാട്ട് ശാരദാമ്മയുടെയും മകനായി 1939 ജനുവരി അഞ്ചിനാണ് ജനനം. എരഞ്ഞോളി കാവുംഭാഗം ദേശത്ത് തയ്യുള്ളതില്‍ വീട്ടില്‍ ആണ് തറവാട്.ഗോവ വിമോചന സമരത്തിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്. കെഎസ്‌യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന സെക്രട്ടറിയായിരുന്നു. കോഴിക്കോട്,മലപ്പുറം ഡിസിസി സെക്രട്ടറി, കോഴിക്കോട് ഡിസിസി പ്രസിഡന്റ്, കെപിസിസി സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.കോണ്‍ഗ്രസ് എസ് അഖിലേന്ത്യാ ട്രഷററും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായിരുന്നു. മലബാര്‍ മേഖലാ കാന്‍ഫെഡ് ചെയര്‍മാന്‍, സികെജി സിംപോസിയം സ്ഥിരംസമിതി അംഗം, കേരള ഗ്രന്ഥശാലാ സംഘം കണ്‍ട്രോള്‍ ബോര്‍ഡ് അംഗം എന്നീ പദവികളും വഹിച്ചു.

1980 ജനവരി മുതല്‍ 1981 ഒക്ടോബര്‍ 16 വരെയുള്ള കാലയളവില്‍ സാമൂഹ്യക്ഷേമം,തൊഴില്‍,ആരോഗ്യം,എന്‍ജിനീയറിങ്ങ്,കായികം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചു.1987 ഏപ്രില്‍ രണ്ടുമുതല്‍ 1991 ജൂണ്‍ 17 വരെയുള്ള കാലത്ത് ആരോഗ്യമന്ത്രിയായിരുന്നു.1996 ജൂണ്‍ 20 മുതല്‍ 2000 ജനവരി 19 വരെ ആരോഗ്യ,കായിക വകുപ്പുകളുടെ ചുമതലയും വഹിച്ചു.

വിദ്യാര്‍ത്ഥിജീവിതകാലം മുതല്‍ പൊതുപ്രവര്‍ത്തനരംഗത്തിറങ്ങിയ അദ്ദേഹം ജീവിതാന്ത്യം വരെ പൊതുപ്രവര്‍ത്തനത്തിന്റെ നന്മയും വിശുദ്ധിയും കാത്തുസൂക്ഷിച്ചു.ഫോര്‍ത്ത് ഫോമിലെത്തുമ്പോഴേക്കും പേരാവൂരിലെ കോണ്‍ഗ്രസ് കമ്മറ്റിയുടെ സെക്രട്ടറിയായിരുന്നു ഷണ്‍മുഖദാസ്.മുതിര്‍ന്ന നേതാക്കളുള്‍പ്പെട്ട കമ്മറ്റിയുടെ സെക്രട്ടറിയായി പ്രവര്‍ത്തനരംഗത്ത് വിദ്യാര്‍ത്ഥിയായ ഷണ്‍മുഖദാസ് ശ്രദ്ധ നേടി.തുടര്‍ന്നങ്ങോട്ട് വിവിധ പദവികള്‍ വഹിച്ചപ്പോഴെല്ലാം ആ ഊര്‍ജ്ജസ്വലതയും ആദര്‍ശശുദ്ധിയും അദ്ദേഹം കാത്തുസൂക്ഷിച്ചു.ഇന്ദിരാഗാന്ധിയുടെ പ്രവര്‍ത്തനശൈലിയിലും നയത്തിലും വിയോജിച്ച് കോണ്‍ഗ്രസ് വിട്ട ഷണ്‍മുഖദാസ് സഹപ്രവര്‍ത്തകരിലൊരുവിഭാഗം തിരിച്ചുപോയപ്പോഴും താനുയര്‍ത്തിപ്പിടിച്ച ആദര്‍ശത്തില്‍ അടിയുറച്ചുനിന്നു.

റിട്ട. ആയുര്‍വേദ ഡി.എം.ഒ.കെ പാറുക്കുട്ടിയാണ് ഭാര്യ. മക്കള്‍: ഡോ. ഷറീനാദാസ്(വെങ്കിടരമണ ആയുര്‍വേദ കോളേജ്, ചെന്നൈ), ഷബ്‌നാദാസ്(ആയുര്‍വേദ ഡോക്ടര്‍, മേത്തോട്ടുതാഴം): മരുമക്കള്‍: ഡോ. ആര്‍ വീരചോളന്‍(ചെന്നൈ കോര്‍പറേഷന്‍ ഹെല്‍ത്ത് സര്‍വീസ്), ടി സജീവന്‍(അസി. പ്രൊഫസര്‍, ജെഡിടി കോളേജ് ഓഫ് ഫിസിയോ തെറാപ്പി).


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.