Latest News

ഐ.ജി. ജോസ് ജോര്‍ജിന് യാത്രാമംഗളവുമായി ഐജീസ് കപ്പ് വോളി

കണ്ണൂര്‍: കണ്ണൂര്‍ റേഞ്ച് ഐ.ജി. ജോസ് ജോര്‍ജിന് യാത്രാമംഗളവുമായി ഐജീസ് കപ്പ് വോളിബോള്‍ ടൂര്‍ണമെന്റ് തുടങ്ങി. കളിക്കളത്തിലും കാക്കിയണിഞ്ഞും സര്‍വീസ് കാലം സംഭവബഹുലമാക്കിയ ശേഷം ജൂണ്‍ 30ന് വിരമിക്കുന്ന ഐ.ജി.ക്ക് സഹപ്രവര്‍ത്തകര്‍ കളിക്കളത്തിലൊരുക്കിയ ഉപഹാരമായി ടൂര്‍ണമെന്റ്. പോലീസ് മൈതാനത്ത് ക്രമീകരിച്ച ഇന്‍ഡോര്‍ ഫ്‌ളഡ്‌ലിറ്റ് കോര്‍ട്ടില്‍ നടന്ന ആദ്യമത്സരത്തില്‍ കണ്ണൂര്‍ ടീം കോഴിക്കോട് സിറ്റിയെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു(31-29, 25-14, 25-20).

ആദ്യസെറ്റില്‍ ഇഞ്ചോടിഞ്ചു പൊരുതിയ ശേഷമാണ് കോഴിക്കോട് സെറ്റ് വിട്ടുകൊടുത്തത്. എന്നാല്‍ രണ്ടും മൂന്നും സെറ്റുകളില്‍ ഇവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ക്യാപ്റ്റന്‍ വിനോദ് പി. മധുവിന്റെ നേതൃത്വത്തിലായിരുന്നു കണ്ണൂരിന്റെ മുന്നേറ്റം. രണ്ടാമത്തെ മത്സരത്തില്‍ കാസര്‍കോട് ഏകപക്ഷീയമായ മൂന്നു സെറ്റുകള്‍ക്ക് വയനാടിനെ തകര്‍ത്തു(25-16, 25-21, 25-17). ശനിയാഴ്ച വൈകിട്ട് നാലിന് ജയില്‍, ഫയര്‍ഫോഴ്‌സ് ടീമുകള്‍ തമ്മിലുള്ള പ്രദര്‍ശന മത്സരം നടക്കും. അഞ്ചിന് ആദ്യമത്സരത്തില്‍ കാസര്‍കോട് കോഴിക്കോട് റൂറലിനെയും രണ്ടാമത്തെ മത്സരത്തില്‍ കെ.എ.പി. നാലാം ബറ്റാലിയന്‍ മാങ്ങാട്ടുപറമ്പ് കണ്ണൂരിനെയും നേരിടും.

തൃശ്ശൂര്‍ റേഞ്ച് ഐ.ജി. എസ്.ഗോപിനാഥ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഐ.ജി. ജോസ് ജോര്‍ജ്, ഭാര്യ ജീന്‍, ഐ.ജി.യുടെ സഹോദരന്‍ സെബാസ്റ്റ്യന്‍ ജോര്‍ജ്, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ സ്​പര്‍ജന്‍കുമാര്‍, കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍. നായര്‍, എ.എസ്.പി.മാരായ നീരജ്കുമാര്‍ ഗുപ്ത, യതീഷ് ചന്ദ്ര, ജില്ലയിലെ ഡിവൈ.എസ്.പി.മാര്‍, മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്ണൂര്‍ റേഞ്ച് പരിധിയില്‍ വരുന്ന പോലീസ് ജില്ലകളിലെയും ബറ്റാലിയനുകളിലെയും ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ ജ്യേഷ്ഠസഹോദരനാണ് ഐ.ജി. ജോസ് ജോര്‍ജ്. 1970കളിലാണ് വോളിബോള്‍ കോര്‍ട്ടില്‍ അദ്ദേഹത്തിന്റ സ്മാഷുകള്‍ ഇടിമുഴക്കം തീര്‍ത്തത്. കേരള സര്‍വകലാശാലയ്ക്ക് ദേശീയകിരീടവും കേരള പോലീസ് ടീമിന് എണ്ണംപറഞ്ഞ വിജയങ്ങളും നേടിക്കൊടുക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. കായികരംഗത്തെ മികവു പരിഗണിച്ച് 1975ല്‍ എസ്.ഐ. ആയി നേരിട്ട് നിയമനം ലഭിച്ചു. പിന്നീട് ഐ.പി.എസ്. ലഭിച്ചു. കാല്‍മുട്ടിലെ പരിക്കു കാരണം 1982ല്‍ കളിക്കളത്തില്‍നിന്നു വിടവാങ്ങുന്നതുവരെ രാജ്യത്തിനു വേണ്ടിയും കേരള പോലീസ്, പ്രീമിയര്‍ ടയേഴ്‌സ് തുടങ്ങിയ ടീമുകളിലും പലതവണ കളിച്ചു. പരിശീലകനായും തിളങ്ങിയ അദ്ദേഹത്തിന് മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.