Latest News

എന്‍ഡോസള്‍ഫാന്‍ ദുരിതം: 2640 പേര്‍ക്കായി 35 കോടി നല്‍കിയെന്ന് സര്‍ക്കാര്‍

കൊച്ചി: കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും കുടുംബങ്ങള്‍ക്കുമായി 35 കോടി രൂപ നല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മരിച്ച 594 പേരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡുവായി 8.91 കോടി രൂപയാണ് നല്‍കിയിട്ടുള്ളത്. കിടപ്പിലായവരും രോഗികളുമായവര്‍ക്കുള്ള ധനസഹായത്തിന്റെ ആദ്യ ഗഡുവായി 25.95 കോടി രൂപയാണ് വിതരണം ചെയ്തിട്ടുള്ളത്. 2046 പേര്‍ക്കായാണിത്.

കാസര്‍കോട് ജില്ലാ കളക്ടര്‍ മുഹമ്മദ് സഗീര്‍ സീനിയര്‍ ഗവ. പ്ലീഡര്‍ ഗിരിജ ഗോപാല്‍ മുഖേന നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. സഹായം ലഭിച്ചവരുടെ പേര് മുദ്ര വെച്ച കവറിലാണ് നല്‍കിയിട്ടുള്ളത്. ദുരിതബാധിതര്‍ അവരുടെ പേരുവിവരം പുറത്തറിയുന്നതില്‍ വൈമനസ്യം പ്രകടിപ്പിച്ചതിനാലാണ് ഇതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇതിനകം നല്‍കിയ സഹായത്തിന്റെ വ്യക്തമായ വിവരം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ സര്‍ക്കാരിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി വാക്കാല്‍ വിമര്‍ശിച്ചിരുന്നു. ദുരിതബാധിതരായ 1600 പേര്‍ക്കായി 21 കോടി രൂപ നല്‍കിയെന്നു മാത്രമായിരുന്നു കഴിഞ്ഞ തവണ സര്‍ക്കാര്‍ അറിയിച്ചത്.

എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് സഹായമെത്തിക്കാനും മറ്റുമായി ഉണ്ടാക്കിയ ജില്ലാതല സെല്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു കാണിച്ച് കാസര്‍കോട് ബോവിക്കാനം സ്വദേശി ബി.സി. കുമാരന്‍ നല്‍കിയ ഹര്‍ജിയിലാണിത്. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ജൂലായ് 8-ന് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്കും കിടപ്പിലായവര്‍ക്കും മാനസിക വളര്‍ച്ചയില്ലാതായവര്‍ക്കും അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനം. ഇവര്‍ക്ക് മൂന്നുലക്ഷം രൂപ രണ്ട് ഗഡുവായി നല്‍കും. ശേഷിച്ച രണ്ട് ലക്ഷം രൂപ അര്‍ഹതപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് മൂന്നു ലക്ഷം രൂപ വീതമാണ് നല്‍കുന്നത്. ഇതില്‍ രണ്ട് ലക്ഷം രൂപ രണ്ട് ഗഡുവായി നല്‍കും. ബാക്കിയുള്ള ഒരു ലക്ഷം രൂപ അക്കൗണ്ടിലാണ് നല്‍കുക.

എന്‍ഡോസള്‍ഫാന്‍ മൂലം മരിച്ച 594 പേരുടെ ബന്ധുക്കള്‍ക്കാണ് ആദ്യ ഗഡുവായ 1.5 ലക്ഷം രൂപ നല്‍കിയത്. 8.91 കോടി രൂപയാണ് ഈയിനത്തില്‍ നല്‍കിയത്. കിടപ്പിലായവര്‍, മാനസിക വിഷമതകളുള്ളവര്‍, ശാരീരിക വൈകല്യമുള്ളവര്‍, അര്‍ബുദം ബാധിച്ചവര്‍ എന്നീ വിഭാഗത്തിലെ 2046 പേര്‍ക്കായി 25.95 കോടി രൂപ നല്‍കിയെന്നും സര്‍ക്കാര്‍ അറിയിക്കുന്നു. ദുരിതബാധിതരെ കണ്ടെത്താന്‍ ഇനിയും ക്യാമ്പ് നടത്തും. ദുരിതബാധിതരുടെ പട്ടികയില്‍ 5,500 പേരാണ് നിലവിലുള്ളത്.

വിവിധ ജില്ലകളിലായി 16 ആസ്​പത്രികളില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. കിടപ്പിലായ 514 പേര്‍ക്ക് 2000 രൂപ വീതം പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നുണ്ട്. കിടപ്പിലാകാത്ത 1939 പേര്‍ക്കും 2000 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നുണ്ട്. മറ്റു വിഭാഗങ്ങളിലായി 1709 പേര്‍ക്ക് 1000 രൂപ വീതം പെന്‍ഷനുണ്ട്. സഹായികളെ നിയോഗിക്കുന്നതിനുള്ള ധനസഹായം 400 രൂപയില്‍ നിന്ന് 700 രൂപയാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.