Latest News

സെറീന വില്യംസിന് ഫ്രഞ്ച് ഓപണ്‍ കിരീടം


പാരീസ്: സെറീന വില്യംസിന്റെ കരുത്തിന് മുന്നില്‍ ഇക്കുറിയും മരിയ ഷറപ്പോവയ്ക്ക് മറുപടിയുണ്ടായില്ല. പ്രതീക്ഷിച്ചതുപോലെതന്നെ, സെറീന വില്യംസിന് ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം.

 2002-നുശേഷം ആദ്യമായാണ് റോളണ്ട് ഗാരോയിലെ കളിമണ്‍ കോര്‍ട്ടില്‍ സെറീന കിരീടമണിയുന്നത്. കരിയറിലെ 16-ാം സിംഗിള്‍സ് ഗ്രാന്‍സ്ലാം കിരീടം.
നിലവിലെ ജേതാവായിരുന്ന ഷറപ്പോവയ്‌ക്കെതിരെ നേരിട്ടുള്ള സെറ്റുകളിലായിരുന്നു സെറീനയുടെ വിജയം (6-4, 6-4). ആദ്യസെറ്റിന്റെ തുടക്കത്തില്‍ 2-0ന് മുന്നിട്ടുനിന്നതൊഴിച്ചാല്‍ മരിയ ഷറപ്പോവയ്ക്ക് മത്സരത്തില്‍ കാര്യമായൊന്നും ഓര്‍മിക്കാനില്ല. 

പതുക്കെ മത്സരത്തില്‍ പിടിമുറുക്കിയ സെറീന എല്ലാ മേഖലകളിലും ഷറപ്പോവയെ പിന്നിലാക്കി. തുടരെ നാല് ഗെയിമുകള്‍ സ്വന്തമാക്കി 4-2ന് മുന്നില്‍ക്കയറിയശേഷമാണ് സെറീന എതിരാളിക്ക് മത്സരത്തിലേക്ക് വരാന്‍ അവസരം കൊടുത്തത്. സ്വന്തം സര്‍വ് നിലനിര്‍ത്തി ആദ്യ സെറ്റ് 6-4ന് സ്വന്തമാക്കി.
ഷറപ്പോവ സര്‍വ് സ്വന്തമാക്കുന്നതുകണ്ടാണ് രണ്ടാം സെറ്റ് തുടങ്ങിയത്. എന്നാല്‍, പിന്നീട് സെറീന 3-1ന് മുന്നില്‍ക്കയറി. സര്‍വ് നിലനിര്‍ത്തി മത്സരത്തിലേക്ക് തിരിച്ചുവന്ന ഷറപ്പോവയെ ഒരിക്കല്‍ക്കൂടി ഭേദിച്ച സെറീന 4-2ന് ലീഡെടുത്തു. പിന്നീട് 5-4ന് മുന്നില്‍ക്കടന്ന സെറീന സ്വന്തം സര്‍വ് നിലനിര്‍ത്തി 16-ാം ഗ്രാന്‍സ്ലാം കിരീടത്തില്‍ മുത്തമിട്ടു. ഉജ്ജ്വലമായൊരു എയ്‌സിലൂടെയാണ് ഷറപ്പോവയ്ക്കുമേലുള്ള തന്റെ അധീശത്വം സെറീന ഒരിക്കല്‍ക്കൂടി പ്രഖ്യാപിച്ചത്. മത്സരത്തിലാകെ 10 എയ്‌സുകളാണ് സെറീന ഉതിര്‍ത്തത്.
തുടര്‍ച്ചയായ 13-ാം തോല്‍വിയാണ് സെറീനയില്‍നിന്ന് ഷറപ്പോവ നേരിടുന്നത്. ഇരുതാരങ്ങളും നേര്‍ക്കുനേര്‍ വന്ന 16 മത്സരങ്ങളില്‍ 14-ലും അമേരിക്കന്‍ താരം വിജയിച്ചു. 2004-ല്‍ ലോസ് ആഞ്ജലീസില്‍ നടന്ന ഡബ്ല്യു.ടി.എ. ചാമ്പ്യന്‍ഷിപ്പിലാണ് ഏറ്റവുമൊടുവില്‍ ഷറപ്പോവയുടെ വിജയം. ഇതിനുശേഷം വിവിധ പ്രതലങ്ങളില്‍ നടന്ന എല്ലാ മത്സരങ്ങളിലും വിജയം സെറീനയ്‌ക്കൊപ്പം നിന്നു.
ഓസ്‌ട്രേലിയന്‍ ഓപ്പണും (2003, 2005, 2007, 2009, 2010) വിംബിള്‍ഡണും (2002, 2003, 2009, 2010, 2012) അഞ്ചുവട്ടംവീതം സ്വന്തമാക്കിയ സെറീന, നാല് തവണ യു.എസ്.ഓപ്പണും (1999, 2002, 2008, 2012) നേടി. 2002-ല്‍ സഹോദരി വീനസിനെ തോല്പിച്ചാണ് സെറീന ഫ്രഞ്ച് ഓപ്പണ്‍ നേടിയത്. തനിക്ക് വഴങ്ങാതെ നിന്ന കളിമണ്‍ കോര്‍ട്ടില്‍ 11 വര്‍ഷത്തിനുശേഷമാണ് സെറീനയുടെ കിരീടനേട്ടം. കഴിഞ്ഞവര്‍ഷം ആദ്യറൗണ്ടില്‍ പരാജയപ്പെട്ട സെറീനയുടെ കരുത്തുറ്റ തിരിച്ചുവരവ് കൂടിയാണിത്.
നിലവിലെ വിംബിള്‍ഡണ്‍, യു.എസ്.ഓപ്പണ്‍ ജേതാവായ സെറീന, കഴിഞ്ഞവര്‍ഷം ലണ്ടന്‍ ഒളിമ്പിക്‌സില്‍ സിംഗിള്‍സിലും ഡബിള്‍സിലും സ്വര്‍ണം നേടിയിരുന്നു. ഒളിമ്പിക് സ്വര്‍ണം നേടിയതോടെ, കരിയറില്‍ ഗോള്‍ഡന്‍ സ്ലാം എന്ന നേട്ടവും സെറീന കൈവരിച്ചിരുന്നു.
ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടനേട്ടത്തില്‍ ഇപ്പോള്‍ നാലാം സ്ഥാനത്താണ് സെറീന. സ്റ്റെഫി ഗ്രാഫ് (22), ക്രിസ് എവര്‍ട്ട് (18), മാര്‍ട്ടിന നവരത്തിലോവ (18) എന്നിവരാണ് അമേരിക്കന്‍ താരത്തിന് മുന്നിലുള്ളത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.