Latest News

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം തകര്‍ന്നു


തൃക്കരിപ്പൂര്‍: വലിയപറമ്പ് ദ്വീപുമായി ബന്ധപ്പെടുന്ന മാടക്കാല്‍ തൂക്കുപാലം തകര്‍ന്നുവീണത് തീരദേശത്തെ ജനങ്ങളെ നടുക്കി. രണ്ട് മാസം മുമ്പ് റവന്യുമന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്ത പാലമാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വന്‍ ശബ്ദത്തോട് കൂടി തകര്‍ന്നുവീണത്. പാലം തകര്‍ന്നുലീണ വിവരം അറിഞ്ഞതോടെ തീരദേശത്തെ ജനങ്ങളെല്ലാം ഇവിടേയ്ക്ക് ഒഴുകിയെത്തുകയായിരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലമാണ് മാടക്കാലിലേത്.

2011ലാണ് പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. കെല്‍ കമ്പനിക്കായിരുന്നു നിര്‍മാണ ചുമതല. പാലം തകര്‍ന്നുവീണ സംഭവത്തില്‍ കാസര്‍കോട് ജില്ലാ കലക്ടറോടും കെല്‍ എം.ഡിയോടും മന്ത്രി അടൂര്‍ പ്രകാശ് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പാലം തകര്‍ന്നതുമൂലം തീരദേശത്തെ ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കാന്‍ അടിയന്തിര നടപടി കൈക്കൊള്ളാനും മന്ത്രി കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫൈബര്‍ ബോട്ടോ കടത്തുതോണിയോ ഉപയോഗിച്ച് യാത്രാ ദുരിതം പരിഹരിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിട്ടള്ളത്.

നിര്‍മാണത്തിലെ അപാകതയാണ് പാലം ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോള്‍ തന്നെ തകര്‍ന്നുവീഴാന്‍ കാരണമെന്ന് ജനങ്ങള്‍ പറയുന്നു. എല്‍.ഡി.എഫ്. സര്‍ക്കാറിന്റെ കാലത്താണ് പാലം പണി നിര്‍മാണം തുടങ്ങിയത്.

മലപ്പുറം ജില്ലയില്‍ നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തോണി മറിഞ്ഞ് മരിച്ചതിനെതുടര്‍ന്ന് സംസ്ഥാനത്ത് 33 തൂക്കുപാലങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതില്‍ രണ്ടെണ്ണം കസര്‍കോട് ജില്ലയിലെ വലിയപറമ്പ് ദ്വീപുമായി ബന്ധപ്പെടുന്നതാണ്. കടവുകള്‍ താണ്ടി നിരവധി കുട്ടികളാണ് മറുകര കടന്ന് സ്‌കൂളിലെത്തിയിരുന്നത്.

320 മീറ്റര്‍ നീളമുള്ള മാടക്കാല്‍ വടക്കെ വളപ്പ് തൂക്കുപാലത്തിന് 3.96 കോടിരൂപയും, 280 മീറ്റര്‍ നീളമുള്ളതെക്കേകാട്-പടന്നകടപ്പുറം പാലത്തിന് 2.85 കോടിരൂപയുമാണ് അനുവദിച്ചത്. ഇതില്‍ മാടക്കാല്‍ തൂക്കുപാലമാണ് ആദ്യം പൂര്‍ത്തിയായത്. തെക്കേക്കാട് - പടന്നക്കാട് പാലം പണി തുടരുകയാണ്. വലിയ പറമ്പ ദ്വീപിന്റെ തെക്കു ഭാഗത്തുള്ളവര്‍ക്ക് സ്വന്തം പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെങ്കില്‍ ഒരു മുനിസിപ്പാലിറ്റിയും മൂന്നു പഞ്ചായത്തുകളും താണ്ടി മണിക്കൂറുകളും ചിലവഴിച്ചാണ് എത്താന്‍ കഴിഞ്ഞിരുന്നത്. പാലം വന്നതോടെ ഇവരുടെ യാത്ര ദുരിതം മാറിയിരുന്നു. ദ്വീപിന്റെ വടക്കെ അറ്റമായ മാവിലാകടപ്പുറത്ത് പാലമുണ്ടെങ്കിലും ദ്വീപിന്റെ മധ്യ ഭാഗം മുതല്‍ തെക്കെയറ്റംവരെ യാത്രാ ദുരിതം നേരിട്ടിരുന്നു.








Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.