Latest News

ഇളം കാറ്റ് ഊതിക്കെടുത്തുന്ന നമ്മുടെ വൈദ്യുതി...

കഴിഞ്ഞ വര്‍ഷം മഴകുറഞ്ഞത് കാരണം വേനല്‍ കാലത്ത് സംഭരണികളില്‍ വെള്ളം വറ്റി വൈദ്യുതി കമ്മി ശരിക്കും ജനത്തെ വലയ്ക്കുകയായിരുന്നു. കട്ടും പവര്‍കട്ടും ലോഡ് ഷെഡ്ഡിങും ഒക്കെ ആയി. അതറിഞ്ഞാവണം ഇപ്രാവശ്യം കാലവര്‍ഷം കനത്ത് തന്നെ പെയ്തു. ജലാശയങ്ങള്‍ നിറഞ്ഞ് ജനം ആശങ്കയിലാണെന്നും പത്രങ്ങളില്‍ വായിക്കാനിട വന്നു. വൈദ്യുതി ഉത്പാദനം ആവശ്യത്തിലും കഴിഞ്ഞ് അന്യ സംസ്ഥാനത്തിന് വില്‍ക്കാനാവുമെന്നും മന്ത്രി ഇടയ്ക്ക് പറയുന്നത് കേട്ടു.

പക്ഷെ കാസര്‍കോടുകാരുടെ കഞ്ഞി പഴയ കുമ്പിളില്‍ തന്നെ എന്ന് പറഞ്ഞാല്‍ തീര്‍ന്നല്ലോ. .ഇപ്പോഴും ഇവിടെ പവര്‍ കട്ടേയുള്ളൂ. മഴ പെയ്ത് പുറത്ത് നീര്‍ക്കെട്ടും. പവര്‍ കട്ട് അല്ലെങ്കില്‍ കെട്ട പവര്‍ എന്നും പറയാം. ഒന്നും രണ്ടും മണിക്കൂര്‍ വൈദ്യുതി പോകാത്ത ദിനരാത്രങ്ങളില്ല. അല്ലെങ്കില്‍ കട്ടില്ലാത്ത, അനുസ്യൂതമായ വൈദ്യുതി കിട്ടിയ പകലോ രാത്രിയോ പവര്‍ കട്ട് പിന്‍വലിച്ചുവെന്ന അറിയിപ്പ് വന്നതിന് ശേഷം കാസര്‍കോട്ടുകാര്‍ക്കനുഭവിക്കാന്‍ സാധിച്ചിട്ടില്ല.
ഇക്കഴിഞ്ഞ ദിവസം വൈകീട്ട് 5 മണിക്ക് തുടങ്ങി ഞാന്‍ താമസിക്കുന്നിടത്തെ വൈദ്യുതി വോള്‍ട്ടേജ് കുറഞ്ഞു കുറഞ്ഞു വന്ന്, പിന്നെ രാത്രിയായപ്പോഴേയ്ക്കും തീരെ ഇല്ലാതായി. ഉടനെ വൈദ്യുതി ഓഫീസിലേയ്ക്ക് ടെലിഫോണ്‍ വിളിച്ചറിയിക്കാന്‍ ശ്രമിച്ചു. എപ്പോഴും എന്‍ഗെയ്ജ്. ഫോണ്‍ കിട്ടിയപ്പോഴേയ്ക്കും രാത്രി ഏഴ് മണി. വീണ്ടും ഒന്നു രണ്ട് പ്രാവശ്യം വിളിച്ച് റിമൈന്റ് ചെയ്തു. രാത്രി ഒമ്പതരയ്ക്ക് വിളിച്ചപ്പോള്‍ ഇനി ഇന്ന് നടക്കില്ല. മഴയല്ലെ, രാത്രിയല്ലെ എന്നൊക്കെ പറഞ്ഞു, രാവിലെ വന്ന് ശരിയാക്കാമെന്നേറ്റു. രാവിലെ ഫോണെടുത്തത് ഒരു പെണ്‍ ശബ്ദമാണ്. ഒക്കെ ആവര്‍ത്തിക്കേണ്ടി വന്നെങ്കിലും കഴിയുന്നതും വേഗം ലൈന്‍മാന് സന്ദേശമെത്തിക്കാമെന്ന് പറഞ്ഞു. പത്തരയ്ക്ക് എ.ഇ.യെ വിളിച്ചപ്പോള്‍, അദ്ദേഹം പറഞ്ഞു: ഒരുപിടി പരാതികളുണ്ട്. ഇന്നാവുമോന്ന് നോക്കട്ടെയെന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞാല്‍ സങ്കടമാണ് സാര്‍, കെട്ടിടത്തില്‍ പത്ത് ഫ്‌ലാറ്റുകളുണ്ട്. അതിന് വെള്ളം സപ്ലൈ ചെയ്യുന്ന മോട്ടോര്‍ ലൈനും പോയിട്ടുണ്ട്. വെള്ളമില്ലാതെ ബുദ്ധിമുട്ടേണ്ടി വരും. റംസാന്‍ കാലമാണ്. രാത്രി വൈദ്യുതിയില്ലെങ്കില്‍, വിഷമം അറിയാമല്ലോ...കഴിഞ്ഞ രാത്രി എങ്ങനെയോ കഴിച്ചു കൂട്ടി. ഇനിയും ശരിയാക്കിത്തന്നില്ലെങ്കില്‍ ഗതികേടിലാവും... ആവലാതികള്‍ കേട്ട്, ശരി നോക്കാം- അയാള്‍ പറഞ്ഞു.
സമയം കടന്നു പോകുന്നു. ഓരോ അര മണിക്കൂറിനും, ഫോണ്‍ കിട്ടിയപ്പോഴൊക്കെ, വൈദ്യുതി ഓഫീസില്‍ വിളിച്ച് ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരുന്നു. മൂന്നര മണിക്ക് വൈദ്യുതി ഓഫീസില്‍ നിന്ന് ലൈന്‍മാന്റെ മൊബൈല്‍ നമ്പര്‍ തന്ന് അതിലേയ്ക്ക് വിളിക്കാന്‍ പറഞ്ഞു. വിളിച്ചപ്പോള്‍ അയാള്‍ അപ്പോള്‍ കൂഡ്‌ലുമിലെവിടെയോ ആണുള്ളത്. അവിടുന്ന് വണ്ടി കൊണ്ട് പോയി കൂട്ടിക്കൊണ്ട് വരണം. ഞാനിപ്പോള്‍ ടൗണിലാണെന്നും എനിക്കവിടെയെത്താന്‍ സമയം എടുക്കുമെന്നും അറിയിച്ചു. നിങ്ങള്‍ ചുറ്റു വട്ടത്താണല്ലോ. ഒന്ന് പോയി ശരിയാക്കിത്തരൂ -കേണപേക്ഷിച്ചു. അങ്ങനെ അവസാനം വീട്ടിലെ ബള്‍ബുകള്‍ മിന്നിത്തുടങ്ങി. അസുഖം വലുതായൊന്നുമുണ്ടായിരുന്നില്ല. ലൈന്‍മാന്‍ ഒരു തൂണില്‍ ഏണി വെച്ച് കയറി ഒരു വയര്‍ വിട്ടു പോയത് ഒന്ന് കൊളുത്തിക്കൊടുത്തു എന്നേയുള്ളൂ. ഇതെന്തിനാണ് ഇങ്ങനെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ കൊളുത്തിയിടുന്നതെന്നും, കാറ്റടിക്കുമെന്നറിയില്ലെയെന്നും ശരിക്കും ബന്ധിച്ചു കൂടെ എന്നും എനിക്ക് ചോദിക്കാമായിരുന്നു. ലൈന്‍മാന്‍മാര്‍ക്ക് ജോലി ഭാരം കാണിക്കാനാണോ, അല്ല സാക്ഷാല്‍ കൈക്കൂലിയാണോ...? (ഞാന്‍ കൈക്കൂലി കൊടുത്തിട്ടില്ല, കൊടുക്കാറുമില്ല).

കാറ്റടിക്കുകയൊന്നും വേണ്ട, ഒരു ചെറു തെന്നല്‍ മതി. എവിടെയും ഏതെങ്കിലും ഒരു ലൈന്‍ പോകും. ഇതിനായി എനിക്ക് മൊബൈല്‍ വിളിച്ച് പോയത് എമ്പത്തി രണ്ട് രൂപ. പിന്നെ ലാന്റ് ലൈനില്‍ നിന്ന് വിളിച്ചത് പോട്ടെ. പലപ്പോഴും ഈ വകുപ്പിനെ ശപിച്ചു പോയിട്ടുണ്ട്. അങ്ങനെ പലരുടേയും ശാപമാണോ ആ വകുപ്പിന് ഏറ്റിരിക്കുന്നതെന്നും സംശയമുണ്ട്. പക്ഷെ ഇത്തരം വേലകള്‍ കാസര്‍കോട്ടെ ഉള്ളൂ എന്നാണ് മറ്റു ജില്ലകളില്‍ നിന്നിവിടെയെത്തിയവര്‍ പറയുന്നത്. അവിടങ്ങളില്‍ ഇപ്പോള്‍ വൈദ്യുതിവിതരണത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലത്രെ.

എ എസ് മുഹമ്മദ്കുഞ്ഞി

1 comment:

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.