Latest News

മഞ്ഞംപാറക്കാരുടെ നൊമ്പരമായിരുന്ന ആയിഷത്ത് റുബീനയും മരണത്തിന് കീഴടങ്ങി

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിഷം വിതച്ച നെഞ്ചംപറമ്പിനടുത്ത് മഞ്ഞംപാറക്കാരുടെ നൊമ്പരമായിരുന്ന ആയിഷത്ത് റുബീനയും മരണത്തിന് കീഴടങ്ങി. 

എന്‍ഡോസള്‍ഫാന്‍ ദുരന്തം വേട്ടയാടിയ മദ്രസാ അധ്യാപകനായ അഹമ്മദിന്റെയും ബീഫാത്തിമയുടെയും നാലാമത്തെ കുട്ടിയായി. രണ്ടു പാദങ്ങളും മുകളിലേക്കു വളഞ്ഞ്, നീളം കുറഞ്ഞ കൈകളും സാമാന്യത്തിലധികം വലിപ്പമുള്ള തലയുമായിട്ടായിരുന്നു ആയിഷത്ത് റുബീനയുടെ ജനനം. എണ്‍പത്തിയാറാംനാള്‍ ലോകത്തിന് തന്റെ മൗനം മാത്രം നല്‍കി മഞ്ഞംപാറ ജുമാ മസ്ജിദ് പരിസരത്ത് ഒരു കണ്ണുനീര്‍ത്തുള്ളിയായി ആ കുഞ്ഞുശരീരം മണ്ണോടു ചേര്‍ന്നു.

തീരാദുരിതം വിതച്ച് എന്‍ഡോസള്‍ഫാന്‍ വിഷം തുപ്പിയ ഭൂമിയില്‍ മറ്റൊരു ഇരയായി ആയിഷത്ത് റുബീന പിറന്ന വാര്‍ത്ത മാധ്യമങ്ങള്‍ വലയ വാര്‍ത്തയോടെയാണ് പ്രസിദ്ധീകരിച്ചത്. ഇതേത്തുടര്‍ന്ന് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ സെല്‍ കുട്ടിയുടെ ചികിത്സ ഏറ്റെടുത്തു. ആറു ദിവസം കാസര്‍കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് 46 ദിവസം മംഗലാപുരത്തും ചികിത്സ. ഇതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പടെ കുട്ടിയെ വന്നു കണ്ടിരുന്നു. ആറുമാസത്തിനു ശേഷമുള്ള ചികിത്സകൊണ്ടേ ഫലമുള്ളു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ ആയിഷത്ത് റുബീനയെ വീട്ടിലേക്കു കൊണ്ടുവന്നു.

മുലപ്പാല്‍ പോലും നുണഞ്ഞിറക്കാനാവാത്ത അവള്‍ക്ക് അവസാനദിവസവും പേനയില്‍ മഷി നിറയ്ക്കുന്ന ഫില്ലറിലാണ് പാലും വെള്ളവും കൊടുത്തിരുന്നത്.

ഒരിക്കല്‍പ്പോലും ആ കുഞ്ഞിന്റെ ശബ്ദം ഉമ്മ ബീഫാത്തിമ കേട്ടിട്ടില്ല. അവസാനദിവസങ്ങളില്‍ പ്രതീക്ഷയുടെ നാമ്പു പോലെ അവ്യക്തമായ എന്തോ നേര്‍ത്ത ശബ്ദങ്ങള്‍ ആ കുഞ്ഞുശരീരത്തില്‍നിന്ന് കേട്ടിരുന്നതായി ഉപ്പാപ്പ കെ.എസ്.ആബ്ദുള്ള പറഞ്ഞു.

അഹമ്മദിന്റെയും ബീഫാത്തിമയുടെയും നാലു മക്കളില്‍ രണ്ടുപേര്‍ മാത്രമാണിപ്പോള്‍ ജീവിച്ചിരിക്കുന്നത്. മൂത്തയാള്‍ മുഹമ്മദ് മുക്താറിന് ആറു വയസ്സിനിടെ എട്ടു ലക്ഷം രൂപ മുടക്കി നാല് ഓപ്പറേഷനുകള്‍ കഴിഞ്ഞു. ഇപ്പോള്‍ കഷ്ടിച്ച് നടക്കാമെന്നായിട്ടുണ്ട്. രണ്ടാമത്തെ കുട്ടി മറിയം മുബീന പ്രശ്‌നങ്ങളൊന്നുമില്ലാതെ രക്ഷപ്പെട്ടു. മൂന്നാത്തെ കുട്ടി മുജീബ് ആയിഷത്ത് റുബീനയുടെ അതേ വൈകല്യങ്ങളുമായാണു ജനിച്ചത്. രണ്ട് ഓപ്പറേഷനുകള്‍ നടത്തിയെങ്കിലും ഒരു വര്‍ഷവും ഒന്‍പതു മാസവും മാത്രമേ ജീവിച്ചുള്ളൂ.

എന്‍ഡോസള്‍ഫാന്‍ വിഷം തുപ്പിയ ഭൂമിയില്‍ മറ്റൊരു ഇരകൂടി പിറന്നു   

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.