Latest News

അനധികൃത ഡ്രൈവിംഗ് സ്‌ക്കൂളുകള്‍ അടച്ചു പൂട്ടും: ഋഷിരാജ് സിംഗ്


കാസര്‍കോട്: ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ് സ്‌ക്കൂളുകള്‍ അടച്ചുപൂട്ടുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ പരാതി പരിഹാര അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡ്രൈവിംഗ് സ്‌ക്കൂളുകളില്‍ ട്രെയിനിംഗ് നല്‍കുന്നവരുടെ യോഗ്യത ഇനി കര്‍ശനമായി പരിശോധിക്കും. നിലവില്‍ എസ് എസ് എല്‍ സിയും ഓട്ടോമൊബൈല്‍, മെക്കാനിക്ക് ഇവയിലേതെങ്കിലുമൊന്നില്‍ ഡിപ്ലോമയോ ഐ ടി സര്‍ട്ടിഫിക്കറ്റോ ആവശ്യമാണ്. വാഹനം ഓടിക്കുന്നതിന് അഞ്ചു വര്‍ഷത്തെ പരിചയവും നിര്‍ബന്ധം. ഇവയെല്ലാം കാറ്റില്‍ പറത്തിയാണ് പല ഡ്രൈവിംഗ് സ്‌ക്കൂളുകളും പ്രവര്‍ത്തിക്കുന്നത്.

ചെക്ക് പോസ്റ്റുകള്‍ വഴി അന്യ സംസ്ഥാന വാഹനങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുളളതിലധികം സീറ്റുകള്‍ പിടിപ്പിച്ച് ഇതര സംസ്ഥാന കോണ്‍ട്രാക്ട് ക്യാരേജുകള്‍ ആളെ കയറ്റാതെ ചെക്ക്‌പോസ്റ്റിലെത്തി പെര്‍മിറ്റ് എടുക്കുന്നതിനെതിരെ നടപടി സ്വീകരിക്കും.രാത്രി കാലങ്ങളില്‍ കര്‍ണ്ണാടകയില്‍ നിന്നും വരുന്ന ടൂറിസ്റ്റ് ബസ്സുകള്‍ സംസ്ഥാനത്ത് അനധികൃത സര്‍വ്വീസ് നടത്തുന്നുവെന്ന പരാതി പരിശോധിച്ച് നിയമ നടപടി സ്വീകരിക്കും. വാഹന ഗതാഗതവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ അന്തര്‍ സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും.
ഓട്ടോറിക്ഷകളില്‍ മീറ്റര്‍ കര്‍ശനമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്പീഡ് ഗവേണര്‍ കൂടുതല്‍ കര്‍ശനമാക്കും. ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കെ എസ് ആര്‍ ടി സി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്നത് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ജില്ലയില്‍ ബസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഉചിതമായ നടപടികള്‍ കൈക്കൊളളും. 

ഡ്രൈവിംഗ് സ്‌ക്കൂളുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് ജില്ലയില്‍ ഒരു കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനാവശ്യമായ ഭൂമി ലഭിക്കുന്നതിന് റവന്യു വകുപ്പുമായി ചര്‍ച്ച നടത്തും. അദാലത്തില്‍ 25 പരാതി ലഭിച്ചതില്‍ അഞ്ചെണ്ണം തല്‍സമയം തീര്‍പ്പ് കല്‍പ്പിച്ചു. മറ്റുളളവയില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. 

അദാലത്തില്‍ സീനിയര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പി കെ സ്റ്റീഫന്‍, ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ജോസ് പോള്‍, ആര്‍ ടി ഒ പി റ്റി എല്‍ദോ, കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ ടി ഒ ഒ കെ അനില്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.