Latest News

കാസര്‍കോട്ടെ മണ്ണില്‍ ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ സാന്നിധ്യം

കാസര്‍കോട്: കാസര്‍കോട്ടെ രണ്ട് പഞ്ചായത്തുകളിലെ മണ്ണില്‍ ഇപ്പോഴും എന്‍ഡോസള്‍ഫാന്റെ സാന്നിധ്യമുള്ളതായി ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള പഠന സംഘം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി.

കഴിഞ്ഞ മൂന്ന് വര്‍ഷമായി കാസര്‍കോട്ടെ 11 പഞ്ചായത്തുകളില്‍ ശാസ്ത്രജ്ഞരുള്‍പ്പെടെയുള്ള വിദഗ്ധ സംഘം നടത്തിയ പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ടിലാണ് കാസര്‍കോട്ടെ പനത്തടി, മൂളിയാര്‍ പഞ്ചായത്തുകളിലെ രണ്ടിടത്തായി എന്‍ഡോസള്‍ഫാന്റെ സാന്നിധ്യം ഉണ്ടെന്ന് വ്യക്തമാക്കുന്നത്. എന്നാല്‍ മണലിലും ജലത്തിലും എന്‍ഡോസള്‍ഫാന്റെ അംശം അവസാന ഘട്ട പരിശോധനകളില്‍ തീര്‍ത്തും ഇല്ലാതായതായും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നല്‍കിയ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 

കാസര്‍കോട്ടെ ഗ്രാമപഞ്ചായത്തുകളിലെ 56 ഇടങ്ങളില്‍ നിന്നായി 2010 മുതല്‍ വിവിധ കാലാവസ്ഥകളിലായി ശേഖരിച്ച മണ്ണ്, വെള്ളം, മണല്‍ എന്നിവയിലാണ് ശാസ്ത്ര സാങ്കേകിത പരിസ്ഥിതി കൗണ്‍സിലിന്റെ (കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയേണ്‍മെന്റ്) നേതൃത്വത്തില്‍ വിവിധ മേഖലകളിലെ ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് പഠന പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നത്.

2010-12 വര്‍ഷങ്ങളില്‍ രണ്ട് ഘട്ടങ്ങളിലായി വിവിധ പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച ജലത്തിന്റെ 22 സാമ്പിളുകളില്‍ എന്‍ഡോസള്‍ഫാന്‍ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ 2013 മാര്‍ച്ച് മുതല്‍ നടത്തിയ മൂന്നാം ഘട്ട പഠനത്തില്‍ ജലസാമ്പിളുകളില്‍ എന്‍ഡോസള്‍ഫാന്റെ നേരിയ തോതിലുള്ള സാന്നിധ്യം പോലും കണ്ടെത്താനായില്ല. ഇതേ മാതൃകയില്‍ തന്നെയാണ് മണലിലും പരിശോധന നടത്തിയത്. 2010ലും 12ലും ശേഖരിക്കപ്പെട്ട 14 സാമ്പിളുകളില്‍ ഏഴെണ്ണത്തില്‍ എന്‍ഡോസള്‍ഫാന്‍ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ അവസാന ഘട്ട പരിശോധനയില്‍ എന്‍ഡോസള്‍ഫാന്റെ അംശം തീരെയില്ലെന്ന് വ്യക്തമായി. അതേസമയം, മണ്ണിലാണ് ഇപ്പോഴും കീടനാശിനിയുടെ അംശം വ്യക്തമായിക്കാണാനാകുന്നത്.

2012ല്‍ നടന്ന രണ്ടാം ഘട്ട പരിശോധനയില്‍ 13 സാമ്പിളുകളില്‍ അഞ്ച് എണ്ണത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉണ്ടെന്ന് വ്യക്തമായിരുന്നു. മൂന്നാം ഘട്ടമായ 2013 മാര്‍ച്ച് മാസം നടത്തിയ പരിശോധനയിലും രണ്ട് പഞ്ചായത്തുകളിലെ മണ്ണില്‍ എന്‍ഡോസള്‍ഫാനുണ്ടെന്ന് കണ്ടെത്താനായി. മണ്ണിന്റെ മൂന്ന് സാമ്പിളുകളിലാണ് കീടനാശിനിയുടെ സാന്നിധ്യം വ്യക്തമായത്. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ വ്യാപകമായി കുഴിച്ചുമൂടിയെന്ന് പറയപ്പെടുന്ന നഞ്ചംപറമ്പില്‍ എന്‍ഡോസള്‍ഫാന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

കോഴിക്കോട്ടെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് ലാബിലും കോയമ്പത്തൂരിലെ സാലിം അലി സെന്റര്‍ ഫോര്‍ ഓണിത്തോളജി ആന്‍ഡ് നാച്വറല്‍ ഹിസ്റ്ററി (സാകോണ്‍) ലാബിലുമെല്ലാമാണ് 2010 മുതല്‍ പരിശോധന നടത്തിയത്.

2011ല്‍ എന്‍ഡോസള്‍ഫാന്‍ തളിക്കപ്പെട്ട പ്രദേശത്തെ മനുഷ്യരുടെയും മൃഗങ്ങളുടെയും രക്തത്തിലും എന്‍ഡോസള്‍ഫാന്റെ അംശം കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. 2010ല്‍ സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം വിവിധ വിഭാഗങ്ങള്‍ നടത്തിയ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ അംശം കണ്ടെത്താനായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി വിവിധ ഘട്ടങ്ങളിലായി പഠനം നടത്തിയത്. മുഖ്യമന്ത്രിക്ക് പുറമെ കൃഷി വകുപ്പ്, സാമൂഹിക ക്ഷേമ വകുപ്പ്, ആരോഗ്യ വകുപ്പ് മന്ത്രിമാര്‍ക്കും പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

മൂന്ന് വര്‍ഷമായി നടത്തിയ തുടര്‍പഠനം താത്കാലികമായി ഗവേഷക സംഘം അവസാനിപ്പിച്ചതായാണ് സൂചന.

Siraj
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.