Latest News

സി.പി.എമ്മുകാരുടെ മര്‍ദ്ദനമേറ്റ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു; കൊടുവള്ളിയില്‍ സംഘര്‍ഷം

കൊടുവള്ളി: സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കരീറ്റിപറമ്പ് പാണരുകണ്ടി അബൂബക്കര്‍ സിദ്ദീഖ് (24) മരിച്ചതിനെ തുടര്‍ന്ന് കൊടുവള്ളിയില്‍ സംഘര്‍ഷാവസ്ഥ.

മരണവിവരം അറിഞ്ഞയുടന്‍ യു.ഡി.എഫ് കൊടുവള്ളിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വ്യാപാരസ്ഥാപനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. സി.പി.എം ഓഫീസുകള്‍ക്കുനേരെ അക്രമം ഉണ്ടായി.പല സ്ഥലങ്ങളില്‍നിന്നായി ലീഗ് പ്രവര്‍ത്തകര്‍ കൊടുവള്ളി അങ്ങാടിയില്‍ സംഘടിച്ചു. 

അതിനിടെ, സി.പി.എം പ്രവര്‍ത്തകര്‍ പതിവായി യോഗം ചേരാന്‍ ഉപയോഗിച്ചിരുന്ന പഴയ വില്ലേജ് ഓഫിസ് കെട്ടിടത്തിലെ മുറി യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. മുറിയിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളും കൊടി തോരണങ്ങളും ഓട്ടോ സ്റ്റാന്‍ഡിലിട്ട് കത്തിച്ചു. 

മാനിപുരത്തെ സി.പി.എം ഓഫിസിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറിയ ഹര്‍ത്താല്‍ അനുകൂലികള്‍ ഓഫിസിലെ ഫര്‍ണിച്ചറുകളും ബാനറുകളും കൊടി തോരണങ്ങളും റോഡിലിട്ട് കത്തിച്ചു. വാരിക്കുഴിത്താഴം, മുത്തമ്പലം എന്നിവിടങ്ങളിലെ സി.പി.എം ഓഫിസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. വാരിക്കുഴിത്താഴത്തെ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള വായനശാലയും സ്തൂപവും തകര്‍ത്തു. 

താമരശ്ശേരി ഡിവൈ.എസ്.പി ജെയ്‌സണ്‍ കെ. അബ്രഹാം, കൊടുവള്ളി സി.ഐ ഇ. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സന്നാഹം കൊടുവള്ളിയില്‍ ക്യാമ്പ് ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച ഭാര്യയുമായി അബൂബക്കര്‍ സിദ്ദീഖ് ഡോക്ടറെ കാണാന്‍ പോവുന്നതിനിടെ ചിലര്‍ ബസ് തടഞ്ഞിരുന്നു. ഭാര്യയെ ഡോക്ടറെ കാണിക്കാന്‍ പോവുകയാണെന്നും തന്നെ ഒഴിവാക്കണമെന്നും പറഞ്ഞപ്പോള്‍ ചിലര്‍ സിദ്ദീഖിനെ മര്‍ദ്ദിച്ചു. ഇതിനിടെ, സി.പി.എം ലോക്കല്‍ സെക്രട്ടറിയെ ആസ്പത്രിയിലാക്കാനുള്ള ചിലരുടെ നീക്കം സിദ്ദീഖ് ചോദ്യം ചെയ്തു.
ലോക്കല്‍ സെക്രട്ടറിയുമായി ആസ്പത്രിയില്‍ പോയ സി.പി.എം പ്രവര്‍ത്തകര്‍ വൈകുന്നേരം ആറുമണിക്ക് പ്രകടനമായെത്തി കരീറ്റിപ്പറമ്പില്‍ സിദ്ദീഖിനെ മൃഗീയമായി മര്‍ദ്ദിക്കുകയായിരുന്നു. ലോക്കല്‍ സെക്രട്ടറിയും സംഘത്തിലുണ്ടായിരുന്നതായി ലീഗ് കേന്ദ്രങ്ങള്‍ ആരോപിച്ചു.

സംഭവസ്ഥലത്തെത്തിയ പൊലീസ് സിദ്ദിഖിനെ കൊടുവള്ളി പൊലീസ് സ്റ്റേഷനിലേക്കും അവിടെ നിന്ന് താമരശ്ശേരി താലൂക്ക് ആസ്പത്രിയിലേക്കും ഓമശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിലേക്കും കൊണ്ട് പോയെങ്കിലും ശനിയാഴ്ച കാലത്ത് പത്തരയോടെ മരണപ്പെടുകയായിരുന്നു. കുഞ്ഞിപ്പാത്തുമയാണ് മാതാവ്. ഭാര്യ: സലീന. മക്കള്‍: മുഹമ്മദ് സാലിഹ്, സല്‍മ നസ്‌റിന്‍, സഹല ഷെറിന്‍. സഹോദരങ്ങള്‍: ബഷീര്‍, അഷ്‌റഫ്, മൈമൂന, ഹഫ്‌സത്ത.്



Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.