Latest News

ഇസ്രത്തും പ്രാണേഷും കൊല്ലപ്പെട്ടത് വ്യാജഏറ്റുമുട്ടലില്‍

അഹമ്മദാബാദ്: ഐബിയും ഗുജറാത്ത് പോലീസും നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ് ഇസ്രത് ജഹാനേയും പ്രാണേഷ് കുമാറിനേയും വധിച്ചതെന്ന് സിബിഐ. മൃതദേഹത്തില്‍ കണ്ടെത്തിയ ആയുധങ്ങള്‍ ഐബിയുടേതാണെന്നും സംഭവം നടന്ന് 9 വര്‍ഷത്തിന് ശേഷം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ വ്യക്തമാക്കി. ഐബി ഡയറക്ടര്‍ രാജേന്ദ്രകുമാറിന്റെ പേര് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വ്യാജ ഏറ്റുമുട്ടല്‍ ആസൂത്രണം ചെയ്തത് ഇന്റെലിജന്‍സ് ബ്യൂറോയും ഗുജറാത്ത് പോലീസുമാണെന്ന് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. നിരായുധരായ നാലു പേരെ കൊല്ലുന്നതിന് മുമ്പ് തന്നെ പോലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയിരുന്നു.

നരേന്ദ്രമോദിയെ വധിക്കാനെത്തിയ ലഷ്‌കര്‍ ഭീകരര്‍ എന്നാരോപിച്ച് ഇസ്രത് ജഹാന്‍, ആലപ്പുഴ സ്വദേശി പ്രാണേഷ് കുമാര്‍ പിള്ളയെന്ന ജാവേദ് ഷെയ്ഖ്, അംജത് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരെ 2004 ജൂണ്‍ 15നാണ് ഗുജറാത്ത് പോലീസ് വെടിവെച്ച് കൊന്നത്. കൊലപ്പെടുത്തുന്നതിന് മൂന്ന് ദിവസം മുമ്പേ ഇവര്‍ പോലീസ് കസ്റ്റഡിയിലായിരുന്നു.

അഹമ്മദാബാദ്-ഗാന്ധിനഗര്‍ പാതയില്‍ തിരക്കില്ലാത്ത ഇടം തെരഞ്ഞെടുത്താണ് പോലീസ് ഇവരെ വധിച്ചത്. ഭീകരരെന്ന് സ്ഥാപിക്കാന്‍ എകെ 47 തോക്കും മൃതദേഹത്തിന് സമീപം നിരത്തിയിരുന്നു. ഈ ആയുധങ്ങള്‍ ഇന്റെലിജന്‍സ് ബ്യൂറോ ഓഫീസില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥരായ എന്‍ കെ അമീന്‍, തരുണ്‍ ബറോട്ട് എന്നിവര്‍ ബാഗിലാക്കി കൊണ്ടുവന്നതാണ്. ഡി ജി വന്‍സാരയുടെ നിര്‍ദ്ദേശപ്രകാരമാണ് വെടിവെച്ച് കൊന്നത്.

കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടുള്ള പോലീസുകാര്‍ ഇവരാണ്, ഡി ജി വന്‍സാരെ, എഡിജിപി പി പി പാണ്ഡെ, ജി കെ സിംഗല്‍, തരുണ്‍ ബറോട്ട്, എന്‍ കെ അമീന്‍, അനജൂ ചൗധരി. ഇവരില്‍ പി പി പാണ്ഡെ ഒളിവിലും മറ്റുള്ളവര്‍ മിക്കവരും ഒളിവിലുമാണ്. പ്രതിയായ മറ്റൊരു പോലീസുകാരന്‍ ജീവിച്ചിരിപ്പില്ല. കൊലപാതകം, ഗൂഡാലോചന, അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍.

ഐബി സ്‌പെഷ്യല്‍ ഡയറക്ടര്‍ രാജേന്ദ്രകുമാറിന്റെയും മറ്റ് മൂന്ന് ഐ ബി ഉദ്യോഗസ്ഥരുടെയും പേരുകള്‍ കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും ആദ്യ കുറ്റപത്രത്തില്‍ പ്രതിയാക്കിയിട്ടില്ല. അനുബന്ധ കുറ്റപത്രത്തില്‍ ഇവരെ പ്രതി ചേര്‍ത്തേക്കും.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര സഹമന്ത്രി ആയിരുന്ന അമിത് ഷാ എന്നിവരുടെ പേരുകളും കുറ്റപത്രത്തില്‍ ഇല്ല.

സിബിഐ അന്വേഷിച്ചത് ഏറ്റുമുട്ടല്‍ വ്യാജമാണോ എന്നു മാത്രമാണ്. വ്യാജ ഏറ്റുമുട്ടല്‍ ആയതിനാല്‍ കൊല്ലപ്പെട്ടവര്‍ ഭീകരബന്ധമുള്ളവരാണോ എന്ന് പരാമര്‍ശിക്കുന്നില്ല.

കൃത്യം നടന്ന് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഗൂഡാലോചന സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും അതിനായി കൂടുതല്‍ സമയം വേണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു സിബിഐ കേസന്വേണം ഏറ്റെടുത്തത്.

Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.