Latest News

കിടപ്പാടമില്ലാത്തവര്‍ക്ക് ആയിരം കാരുണ്യഭവനങ്ങള്‍


കോഴിക്കോട്: പാര്‍ക്കാന്‍ ഇടമില്ലാത്ത ആയിരം കുടുംബങ്ങള്‍ക്ക് ഈ വര്‍ഷം ആയിരം കാരുണ്യ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലുമായി പാവപ്പെട്ടവര്‍ക്ക് തലചായ്ക്കാനിടം നല്‍കുന്നത് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിത സന്ദേശവും ഓര്‍മകളും നിലനിര്‍ത്തുന്നതിനുള്ള ഉചിത സ്മാരകങ്ങളാണ്. തീരദേശത്തും കഷ്ടപ്പെടുന്നിടത്തുമെല്ലാം ഓടിയെത്തി അവര്‍ക്കൊപ്പം നിന്ന നേതാവായിരുന്നു അദ്ദേഹം. ബൈത്തുര്‍റഹ്മ പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനവും മൂന്നു വീടുകളുടെ ശിലാകര്‍മവും നിര്‍വഹിച്ച് ടൗണ്‍ഹാളില്‍ സംസാരിക്കുകയായിരുന്നു ഹൈദരലി തങ്ങള്‍.


മലപ്പുറം ജില്ലയില്‍ 150 ബൈത്തുറഹ്മ ഭവനങ്ങളെന്ന തീരുമാനം 250 എണ്ണത്തിലെത്തിയിട്ടുണ്ട്. പദ്ധതിക്ക് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച സ്വീകാര്യതയും പ്രസക്തിയും കണക്കിലെടുത്താണ് സംസ്ഥാനതലത്തിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത്. ജാതി-മത-രാഷ്ട്രീയ ഭേദെമന്യെ പാവപ്പെട്ടവരും അര്‍ഹരുമായവര്‍ക്കാണ് മുന്‍ഗണന നല്‍കുക. ബൈത്തുര്‍റഹ്മ ഭവന പദ്ധതി നടപ്പാക്കുന്നത് രാഷ്ട്രീയ ലക്ഷ്യംവെച്ചല്ല. ബാബരി മസ്ജിദ്, മാറാട്, തളിക്ഷേത്ര സംഭവങ്ങളിലെല്ലാം നേതൃത്വം കൈകൊണ്ട സമീപനം സാമൂഹിക പ്രതിബദ്ധതയും രാജ്യസ്‌നേഹവും മുന്‍നിര്‍ത്തിയുള്ളതായിരുന്നു. റിലീഫ് പ്രവര്‍ത്തനങ്ങളും ക്ഷേമ-കാരുണ്യ പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കേണ്ടതുണ്ട്. ബാലുശ്ശേരി ഇയ്യാട് നെല്ലിക്കുന്ന് അഭിഷേക്, മീഞ്ചന്ത മാളിയതായത്ത് ഇബ്രാഹിം, പുതിയങ്ങാടി പള്ളിക്കണ്ടി പി കെ സീനത്ത് എന്നിവര്‍ക്കാണ് ഭവനപദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ വീട് നിര്‍മ്മിച്ച് നല്‍കുന്നത്.

മുഹമ്മദലി ശിഹാബ്തങ്ങള്‍- ഉമര്‍ ബാഫഖി തങ്ങള്‍ അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ദേശീയ ട്രഷററും സംസ്ഥാന വ്യവസായ ഐ.ടി വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെക്കാളേറെ സാമൂഹിക പ്രവര്‍ത്തനത്തിനായി സമയം ചെലവഴിച്ച നേതാവായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതവിശ്വാസം തീവ്രവാദമല്ലെന്നും സ്‌നേഹവും കാരുണ്യവുമാണെന്നും പ്രായോഗിക ജീവിതത്തിലൂടെ കാണിച്ചുതന്നു അദ്ദേഹം. പ്രസംഗിക്കാന്‍ എല്ലാവര്‍ക്കും കഴിയും. പ്രയോഗവല്‍കരിക്കാനായത് കുറച്ചാളുകള്‍ക്ക് മാത്രമേയുള്ളൂ. സേവന രംഗത്ത് നല്ല പ്രവര്‍ത്തനം നടത്തുന്ന പല സമുദായ പരിഷ്‌കര്‍ത്താക്കള്‍ക്കും സംഘടനകള്‍ക്കും കുടപിടിച്ചത് മുഹമ്മദലി തങ്ങളായിരുന്നു. ദീര്‍ഘകാലം രാഷ്ട്രീയ രംഗത്തും പാര്‍ലമെന്ററി രംഗത്തുമെല്ലാം പ്രവര്‍ത്തിച്ച് ചരിത്രത്തിന്റെ ഭാഗമായ നേതാവായിരുന്നു ഉമര്‍ ബാഫഖി തങ്ങള്‍ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


ബാബരി മസ്ജിദ് തകര്‍ച്ചാ വേളയില്‍ സമൂഹത്തിന്റെ സുരക്ഷിതത്വത്തിനായി കാവല്‍ നിന്ന നേതാവായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളെന്ന് എം.കെ രാഘവന്‍ എം.പി ചൂണ്ടിക്കാട്ടി. മുസ്‌ലിംസമുദായത്തിന്റെയല്ല പൊതുസമൂഹത്തിന്റെ നേതാവായിരുന്നു തങ്ങള്‍. പിന്നാക്ക ന്യൂനപക്ഷങ്ങളെ മുന്നോട്ടുകൊണ്ടുവരുന്നതില്‍ അദ്ദേഹം കാണിച്ച നേതൃ പങ്ക് ഏറെ വലുതാണ് - രാഘവന്‍ വ്യക്തമാക്കി.

പതര്‍ച്ചയേ ഇല്ലാത്ത നേതാവായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളെന്ന് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപ്പെട്ടു. വ്യക്തമായ വീക്ഷണവും നന്മയുടെ കൂടെ നില്‍ക്കാനുള്ള നിശ്ചയദാര്‍ഢ്യവുമായിരുന്നു തങ്ങളുടെ മുഖമുദ്ര. എഴുത്തും വായനയും സാഹിത്യവുമായി ചിന്തയുടെ ലോകത്ത് വിരാചിക്കുമ്പോള്‍ അവിചാരിതമായി രാഷ്ട്രീയ രംഗത്തെത്തുകയായിരുന്നു തങ്ങള്‍. ശിഹാബ് തങ്ങള്‍ക്കും സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ക്കുമൊപ്പം സഞ്ചരിക്കുകയോ സമയം ചെലവഴിക്കുകയോ ചെയ്യുമ്പോള്‍ ഒട്ടേറെ പുസ്തകങ്ങള്‍ വായിച്ചതിനെക്കാളേറെ അനുഭവങ്ങളാണ് ലഭിച്ചിരുന്നത് - ഇ.ടി പറഞ്ഞു.

പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും പ്രഭാഷകനുമായ റഹ്മത്തുല്ലാ ഖാസിമി അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സ്വാഗതവും സെക്രട്ടറി എം.സി മായിന്‍ഹാജി നന്ദിയും പറഞ്ഞു. മൂന്നര പതിറ്റാണ്ടുകാലം മുസ്‌ലിംലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാലാമത്തെയും സംസ്ഥാന ട്രഷറര്‍ ആയിരുന്ന ഉമര്‍ ബാഫഖി തങ്ങളുടെ അഞ്ചാമത്തെയും ചരമ വാര്‍ഷികദിനത്തോടനുബന്ധിച്ച് ബൈത്തുര്‍റഹ്മ പദ്ധതി വിപുലമാക്കാനാണ് മുസ്‌ലിം ലീഗ് തീരുമാനിച്ചിരിക്കുന്നത്.

ചടങ്ങില്‍ മെഡിക്കല്‍ എന്‍ട്രന്‍സില്‍ 541 ാം റാങ്ക് നേടിയ ഹന്ന ഷെറിന് മുഖ്യമന്ത്രി സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചു. മുഹമ്മദലി ശിഹാബ്തങ്ങളെകുറിച്ച് പുറത്തിറക്കിയ നിലാവ്, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പി.വി അബ്ദുല്‍വഹാബിന് നല്‍കി പ്രകാശനം ചെയ്തു.

മന്ത്രിമാരായ പി.കെ അബ്ദുറബ്ബ്, ഡോ.എം.കെ മുനീര്‍, സംസ്ഥാന ഭാരവാഹികളായ പി.കെ.കെ ബാവ, സി.ടി അഹമ്മദലി, എം.ഐ തങ്ങള്‍, വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, കെ കുട്ടി അഹമ്മദ് കുട്ടി, അഡ്വ.പി.എം.എ സലാം, പി.വി അബ്ദുല്‍വഹാബ്, ടി.എം സലീം, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി, ഡി.സി.സി പ്രസിഡന്റ് കെ.സി അബു, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ടി സിദ്ദീഖ്, എം.എല്‍.എമാരായ സി മോയിന്‍കുട്ടി, വി.എം ഉമ്മര്‍ മാസ്റ്റര്‍, അഡ്വ.എം ഉമ്മര്‍, കെ മുഹമ്മദുണ്ണിഹാജി, പി.കെ ബഷീര്‍, പി ഉബൈദുല്ല, അഡ്വ.എന്‍ ഷംസുദ്ദീന്‍, കോഴിക്കോട് ജില്ലാ ലീഗ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ്, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി, ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി മുഹമ്മദ്, കെ.യു.ആര്‍. ഡി.എഫ്.സി ചെയര്‍മാന്‍ കെ മൊയ്തീന്‍കോയ, സി.ഡി.എ ചെയര്‍മാന്‍ എന്‍.സി അബൂബക്കര്‍ സംബന്ധിച്ചു.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.