Latest News

സ്‌കൂള്‍ക്കുട്ടികളെ ഉപയോഗിച്ച് വീട്ടില്‍ അനാശാസ്യം അമ്മയും മകളും അറസ്റ്റില്‍

ശാസ്താംകോട്ട: ശൂരനാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്‌കൂള്‍ക്കുട്ടികളെ ഉപയോഗിച്ച് അനാശാസ്യം നടത്താന്‍ കൂട്ടുനിന്ന അമ്മയെയും മകളെയും കൊട്ടാരക്കര ഡിവൈ.എസ്.പി. ബി.രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

ശൂരനാട് ചാത്താകുളം പരവട്ടം ഗോകുലത്തില്‍ രുക്മിണി (40), മകള്‍ ജീവ (20) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ ഇവരുടെ വീട്ടില്‍ കൊണ്ടുവരികയും ഇതിനടുത്തുള്ള ചെറുപ്പക്കാരുമായി അനാശാസ്യത്തിലേര്‍പ്പെടാന്‍ അവസരമുണ്ടാക്കുകയുമായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു. ഏറെനാളായി ഇത് നടക്കുന്നുണ്ടെങ്കിലും പുറത്തറിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം രുക്മിണിയുടെ വീട്ടില്‍ നാല് പെണ്‍കുട്ടികളെ കണ്ട് സംശയംതോന്നിയ തൊഴിലുറപ്പ് തൊഴിലാളികള്‍ രുക്മിണിയുടെ വീട്ടിലെത്തി പെണ്‍കുട്ടികളെ തടഞ്ഞുവയ്ക്കുകയും സ്‌കൂളില്‍ വിവരം അറിയിക്കുകയുമായിരുന്നു. തൊഴിലാളികളെ കണ്ടയുടന്‍ വീട്ടിനുള്ളില്‍ ഉണ്ടായിരുന്ന ചെറുപ്പക്കാര്‍ ഓടി രക്ഷപ്പെട്ടെന്ന് പോലീസ് അറിയിച്ചു.

തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍നിന്ന് രണ്ട് അധ്യാപകരെത്തുകയും അവരെ സ്‌കൂളിലേക്ക് കൊണ്ടുപോകുകയും ചെയ്തു. സ്‌കൂളിലെ അധ്യാപകര്‍ രഹസ്യമായി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ വിവരങ്ങള്‍ പറയാന്‍ തയാറായത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതിനല്‍കി. സംഭവം അറിഞ്ഞയുടന്‍ കൊട്ടാരക്കര ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രുക്മിണിയുടെ വീട് വളയുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

രുക്മിണിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മൂന്ന് മൊബൈല്‍ ഫോണുകളും ഏതാനും സി.ഡി.കളും പോലീസ് കണ്ടെത്തി. പോലീസ് സയന്റിഫ് എക്‌സ്​പര്‍ട്ട് ഗോപിക, കൊട്ടാരക്കരയിലെ സൈബര്‍ എക്‌സ്​പര്‍ട്ട് ജഗജീവന്‍ എന്നിവര്‍ വീട്ടിനുള്ളില്‍ വിവിധ പരിശോധനകള്‍ നടത്തി. തുടര്‍ന്ന് കുട്ടികളുടെ വീടുകളിലെത്തി മൊഴിയെടുത്തശേഷം മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി. പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് വിധേയരായിട്ടില്ലെങ്കിലും ശാരീരികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. 

രുക്മിണിയുടെ വീടിന് സമീപത്തുള്ള മൂന്ന് ചെറുപ്പക്കാരാണ് സംഭവത്തിന് പിന്നില്‍. ഇവര്‍ ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. സ്‌കൂളിലേക്കെന്നുപറഞ്ഞ് വീട്ടില്‍നിന്നിറങ്ങുന്ന കുട്ടികള്‍ ജീവയുടെ പ്രേരണയില്‍ പരവട്ടത്തെ വീട്ടില്‍ നിരന്തരം എത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇവിടം കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നതായി നേരത്തെ പോലീസിന് വിവരം കിട്ടിയിരുന്നെങ്കിലും തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. മറ്റ് പലയിടത്തുനിന്നും സ്‌കൂള്‍ കുട്ടികളെ ഇവിടെ എത്തിക്കുന്നതായും പരാതിയുണ്ടായിരുന്നു. പെണ്‍കുട്ടികളെ മൊബൈല്‍ ഫോണ്‍വഴി യുവാക്കളുമായി ബന്ധപ്പെടുത്തിയിരുന്നത് അറസ്റ്റിലായ ജീവയാണെന്നും പോലീസ് കണ്ടെത്തി. ജീവയുടെ മെബൈല്‍ ഫോണ്‍ തന്നെയാണ് ഇതിനായി ഉപയോഗിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി. റിമാന്‍ഡിലായ അമ്മയെയും മകളെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും.

അതേ സമയം അറസ്റ്റിലായ വീട്ടമ്മയുടെയും മകളുടെയും മൊബൈല്‍ ഫോണിലേക്ക് നിരവധി പ്രമുഖര്‍ നിരന്തരം വിളിക്കാറുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി പോലീസ് അറിയിച്ചു. ഇവരുടെ മൊബൈലിന്റെ കോള്‍ ലിസ്‌റ്റെടുക്കാന്‍ സൈബര്‍ സെല്ലിനെ ഏല്പിച്ചിട്ടുണ്ട്.
കുന്നത്തൂര്‍, കരുനാഗപ്പള്ളി, കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിലുള്ള ചില ബിസിനസ് പ്രമുഖരും ചില നേതാക്കളുമൊക്കെ പെണ്‍കുട്ടിയുമായി നിരന്തരബന്ധം പുലര്‍ത്തുന്നതായി ചോദ്യം ചെയ്യലില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പലരുടെയും പേരുകള്‍ പറയാന്‍ പെണ്‍കുട്ടി കൂട്ടാക്കുന്നില്ല. രാത്രിയില്‍ വളരെ വൈകിയും ഈ പെണ്‍കുട്ടി നിരന്തരം ചിലരുമായി മൊബൈലില്‍ ബന്ധപ്പെട്ടതിന് തെളിവുകള്‍ ലഭിച്ചതായി അറിയുന്നു. സ്‌കൂള്‍ കുട്ടികളെയും മറ്റും സംഘടിപ്പിച്ച് ഇത്തരം സംഘത്തിന് നല്‍കിയിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.

അറസ്റ്റിലായ രുക്മിണിയെപ്പറ്റി നേരത്തെ നാട്ടുകാരില്‍ ചിലര്‍ നിരന്തരം പോലീസില്‍ വിളിച്ച് പരാതി പറഞ്ഞിരുന്നു. ഇവരുടെ ഭര്‍ത്താവ് വര്‍ഷങ്ങളായി വിദേശത്താണ്. സ്‌കൂള്‍ കുട്ടികളെ ഉപയോഗിച്ച് വീഡിയോ ചിത്രങ്ങളോ മറ്റോ നിര്‍മ്മിച്ചിട്ടുണ്ടോ എന്നൊക്കെ പോലീസ് പരിശോധിക്കുന്നുണ്ട് . ഇവിടുന്ന് കണ്ടെടുത്തിട്ടുള്ള സി.ഡി.കള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. അടുത്ത ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പോലീസിന് ലഭിക്കുമെന്നും അറിയുന്നു.

ഇപ്പോഴത്തെ സംഭവമല്ലാതെ നേരത്തെയും സ്‌കൂള്‍ കുട്ടികളെ പ്രലോഭിപ്പിച്ച് നിരവധിതവണ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ ചിലര്‍ നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ അറസ്റ്റിലായവരല്ലാതെ മറ്റാരെങ്കിലും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.