Latest News

മഞ്‌ജു വാര്യര്‍ നായികയായ പുതിയ പരസ്യം പുറത്തുവന്നു


ലോകം മുഴുവനുമുള്ള മലയാളികള്‍ ആവേശത്തോടെ കാത്തിരുന്ന നടി മഞ്‌ജു വാര്യര്‍ നായികയായ കല്യാണ്‍ ജൂവലേഴ്‌സിന്റെ പുതിയ പരസ്യം പുറത്തുവന്നു. പിതാവിനെ ധിക്കരിച്ച്‌ സ്വന്തം ഇഷ്‌ടപ്രകാരം വിവാഹിതയാകുന്ന മകളും അവശ്യ സമയത്ത്‌ പിടിവാശി അവസാനിപ്പിച്ച്‌ അവള്‍ക്കരികില്‍ സഹായത്തിനെത്തുന്ന അച്‌ഛനും തമ്മിലുള്ള സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയുള്ള ബന്ധമാണ്‌ പരസ്യത്തിലെ സന്ദേശം.

റസ്‌റ്റോറന്റില്‍ ഇരുന്ന്‌ ചര്‍ച്ച നടത്തുന്ന പിതാവ്‌ മകളെയും ഭര്‍ത്താവിനെയും കണ്ട്‌ ദേഷ്യത്തോടെ അവിടെ നിന്നും ഇറങ്ങിപ്പോകുന്നു. ക്ഷേത്രദര്‍ശനം നടത്തുന്ന വേളയില്‍ മകളെ കണ്ടപ്പോഴും പിതാവിന്റെ നിലപാട്‌ പഴയതു തന്നെ. പിന്നീട്‌ നഗരത്തിലൂടെ കാറില്‍ വരുമ്പോള്‍ ഗര്‍ഭിണിയായ മകളെയാണ്‌ അയാള്‍ കാണുന്നത്‌. കാറിന്റെ റിയര്‍വ്യൂ മിററിലൂടെ മകളുടെ അവസ്‌ഥ കണ്ടെങ്കിലും കണ്ടഭാവം നടിക്കാതെ വെറുപ്പ്‌ പടര്‍ന്ന മുഖത്തോടെ അയാള്‍ പോയി. എന്നാല്‍ രാത്രിയില്‍ പൂര്‍ണ്ണ ഗര്‍ഭാവസ്‌ഥയില്‍ മകള്‍ സഹായത്തിനായി വിളിക്കുന്നത്‌ പിതാവിനെയാണ്‌. മകളുടെ ശബ്‌ദം കേട്ട്‌ ആദ്യം കോള്‍ കട്ട്‌ ചെയ്‌ത അയാളെ ഓര്‍മ്മകള്‍ പിന്നോട്ട്‌ കൊണ്ടു പോകുന്നു. കുഞ്ഞു മകളെ കൈപിടിച്ച്‌ നടത്തിയതും റൈഡറിന്റെ അമിത വേഗതയില്‍ മകള്‍ നിലവിളിക്കുന്നതും ടെലിവിഷന്‍ കാണുന്നതിനിടയില്‍ പിതാവിന്റെ ചുമലിന്‌ പിന്നില്‍ ഒളിക്കുന്നതും ഒടുവില്‍ ഇഷ്‌ടപ്പെട്ട യുവാവിനൊപ്പം ഇറങ്ങിപ്പോകുന്നതുമെല്ലാം അയാളെ ഗതകാല സ്‌മരണകളിലേക്ക്‌ കൂട്ടിക്കൊണ്ടു പോകുകയാണ്‌. ഒരിക്കല്‍ മകളെ അപാരമായി വെറുത്തിരുന്ന അയാളാണ്‌ പിന്നീട്‌ മകളെ കാറില്‍ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നത്‌.

ഓപ്പറേഷന്‍ തീയറ്ററിലേക്ക്‌ മകളെ കൊണ്ടുപോകുമ്പോള്‍ അതിരറ്റ വാല്‍സല്യത്തോടെ തന്റെ മകളാണ്‌ ഇതെന്ന്‌ അയാള്‍ പറയുന്നു. പിന്നീട്‌ മുറിയിലെത്തുന്ന ഭര്‍ത്താവ്‌ അച്‌ഛനെവിടെ എന്നു ചോദിക്കുമ്പോള്‍ ചായ ഫ്‌ളാസ്‌കുമായി മുറിയിലേക്ക്‌ കയറിവരുന്ന അയാള്‍ തന്റെ മരുമകന്‌ ആദ്യം ആശംസ നേരുന്നു. ഒപ്പം മകളുടെ കൈപിടിച്ച്‌ മകള്‍ അമ്മയെ പോലെ എന്നു പറയുന്നിടത്ത്‌ പരസ്യം അവസാനിക്കുന്നു. ഒപ്പം കല്യാണിന്റെ സ്വന്തം പരസ്യവാചകവും ' വിശ്വാസം അതല്ലോ എല്ലാം'. വര്‍ഷങ്ങള്‍ക്ക്‌ ശേഷം മടങ്ങിവന്ന മഞ്‌ജു അഭിനയത്തിന്റെ പാഠങ്ങള്‍ മറന്നിട്ടില്ല എന്ന്‌ തെളിയിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന സൂപ്പര്‍താരത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ്‌ അഭിനയത്തില്‍ കാട്ടിയിരിക്കുന്നതും.

ഇന്ത്യയിലെ ഏറ്റവും വലിയ അഭിനയ പ്രതിഭകളെ ഒന്നിപ്പിച്ച ഈ പരസ്യവും കല്യാണിന്റെ മുന്‍ പരസ്യങ്ങള്‍ പോലെ തന്നെ ആള്‍ക്കാരെ നിരാശപ്പെടുത്തുന്നില്ല. മുന്‍കാല ടെലിവിഷന്‍ പരസ്യങ്ങള്‍ പോലെ തന്നെ കല്യാണിന്റെ ഉല്‍പ്പന്നമായ സ്വര്‍ണ്ണത്തിന്റെ തരി പോലും കാണിക്കാതെയാണ്‌ ഇത്തവണയും പരസ്യം ചിത്രീകരിച്ചിട്ടുള്ളത്‌.

ദിലീപിന്റെ ഭാര്യയായതോടെ അഭിനയരംഗത്ത്‌ നിന്നും അകന്ന മഞ്‌ജു വാര്യര്‍ ക്യാമറയ്‌ക്ക് മുന്നില്‍ തിരിച്ചെത്തുന്നു എന്നത്‌ തന്നെ പരസ്യത്തിന്‌ വലിയ പ്രചാരംനല്‍കിയിരുന്നു. അതിനൊപ്പം ബിഗ്‌ ബി അമിതാഭ്‌ ഒന്നിക്കുന്നതും വന്‍ ബജറ്റില്‍ ചിത്രീകരണം നടക്കുന്നതുമെല്ലാം ഈ പരസ്യത്തേക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷ ഒരു സിനിമയ്‌ക്ക് വേണ്ടിയുള്ള ആകാംക്ഷയ്‌ക്ക് തുല്യമാക്കിയിരുന്നു.

                              വീഡിയോ കാണാം                                    


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kalliyan, Manju Warrier

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.