Latest News

സ്വര്‍ണമാലയെടുക്കാന്‍ കക്കൂസ് കുഴിയിലിറങ്ങിയ ആള്‍ മുങ്ങിമരിച്ചു

കുണ്ടറ: കക്കൂസ് കുഴിയില്‍ അകപ്പെട്ടുപോയ സ്വര്‍ണമാലയെടുക്കാന്‍ എത്തിയ രണ്ടംഗ സംഘത്തോടൊപ്പം കൂടിയ ആള്‍ പതിനഞ്ചടിയോളം ആഴമുള്ള മാലിന്യക്കുഴിയില്‍ മുങ്ങിമരിച്ചു. കുണ്ടറയില്‍ നിന്നെത്തിയ ഫയര്‍ ആന്‍ഡ് റസ്‌ക്യു സംഘം അരമണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ മൃതദേഹം പുറത്തെടുത്തു. തിങ്കളാഴ്ച രാവിലെ 10.35 ഓടെയാണ് അപകടം നടന്നത്.

പുനുക്കന്നൂര്‍ വെള്ളാങ്ങിവിളവീട്ടില്‍ സുനില്‍കുമാര്‍ (48) ആണ് മരിച്ചത്. പുനുക്കന്നൂര്‍ തത്തമുക്ക് മേലൂട്ട് മേലതില്‍ സുരേഷിന്റെ കക്കൂസ് കുഴിയിലാണ് ഞായറാഴ്ച മാല അകപ്പെട്ടത്. സുരേഷിന്റെ ഭാര്യാമാതാവിന്റെ രണ്ടുപവന്റെ സ്വര്‍ണമാലയാണ് അകപ്പെട്ടത്. മുമ്പ് ഇതില്‍ സ്വര്‍ണമോതിരവും അകപ്പെട്ടതായി പറയുന്നു. മാല വീണ്ടെടുക്കാനായി സുരേഷ് വീടിനുസമീപത്തെ അനി, ശിവന്‍പിള്ള എന്നിവരെ ഏര്‍പ്പാടുചെയ്തു. തിങ്കളാഴ്ച രാവിലെ 7 മണിയോടെ സ്ഥലത്തെത്തിയ സംഘം കക്കൂസ് കുഴിയുടെ സ്ലാബ് ഇളക്കിയെങ്കിലും ദുര്‍ഗന്ധംകാരണം ഇറങ്ങിയില്ല. കക്കൂസ് കുഴിയില്‍ വാതകം പുറത്ത് പോകുന്നതിനുള്ള പൈപ്പ് ഉണ്ടായിരുന്നില്ല. ഇവര്‍ കുഴിയിലൊഴിക്കാന്‍ മണ്ണെണ്ണ വാങ്ങാനായി പുറപ്പെട്ടു. മണ്ണെണ്ണയുമായി എത്തുന്നതിനിടെയാണ് സുനില്‍കുമാര്‍ ഒപ്പംകൂടിയതായി പറയുന്നത്.

മണ്ണെണ്ണ ഒഴിച്ചശേഷം ഏണി ഇറക്കിവച്ച് സുനില്‍കുമാര്‍ താഴേക്കിറങ്ങിയെങ്കിലും മാലിന്യത്തിന്റെയും മണ്ണെണ്ണയുടെയും രൂക്ഷഗന്ധംകാരണം ബോധരഹിതനായി വീണുപോയതായി ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു. കുഴിയില്‍ മുങ്ങിത്താണുപോയ സുനില്‍കുമാറിനെ ഫയര്‍ഫോഴ്‌സ് സംഘമെത്തി അരമണിക്കൂറിനുശേഷമാണ് പുറത്തെടുത്തത്. കഠിനമായ ദുര്‍ഗന്ധം അനുഭവപ്പെട്ട കുഴിയിലേക്ക് ഇറക്കിവച്ച ഏണിവഴി ഫയര്‍മാന്‍ അനുരാജ് ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് താഴേക്കിറങ്ങി. പാതാളക്കരണ്ടിയും വലയും ഉപയോഗിച്ച് മാലിന്യക്കുഴിയില്‍നിന്ന് സുനില്‍കുമാറിന്റെ മൃതശരീരം പുറത്തെടുത്തു. ഫയര്‍ഫോഴ്‌സ് സംഘത്തിലെപത്തോളം ജീവനക്കാരുടെ അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുക്കാനായത്.

സ്റ്റേഷന്‍ ഓഫീസര്‍ രാമകുമാര്‍, ലീഡിങ് ഫയര്‍മാന്‍ സാബുലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഷാജുദ്ദീന്‍, ഷിബു മുരളി, സുജിത്ബാബു, ബിനു, പ്രമോദ്, നസിമുദ്ദീന്‍, ബിനു ടി. എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. മൃതദേഹം ജില്ലാ ആസ്​പത്രി മോര്‍ച്ചറിയില്‍.

ഷീലയാണ് സുനില്‍കുമാറിന്റെ ഭാര്യ. മക്കള്‍: വിഷ്ണുലാല്‍, വിഘ്‌നേഷ്‌ലാല്‍

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.