Latest News

ദമ്പതികളുടെ കൊലപാതകം: കൊലയാളികള്‍ രണ്ടാംനിലയില്‍ പരിശോധന നടത്തി

പഴയിടം: ദമ്പതികളെ കൊലപ്പെടുത്തിയശേഷം അക്രമികള്‍ രണ്ടാംനിലയില്‍ പരിശോധന നടത്തിയതിനു പോലീസിന്റെ തെളിവെടുപ്പില്‍ സൂചന ലഭിച്ചു. ഏകദേശം 15 മിനിട്ട് കൊലയാളികള്‍ വീട്ടില്‍ ചെലവഴിച്ചതായി സംശയിക്കുന്നു.

വീട്ടില്‍നിന്ന് അടുക്കള വാതില്‍ വഴി കൊലയാളികള്‍ പുറത്തു കടക്കുന്നതിനുമുമ്പാണ് അരിപ്പൊടിയും മഞ്ഞള്‍പ്പൊടിയും വിതറിയതെന്നു വ്യക്തമായി. അരിപ്പൊടി പറ്റിപ്പിടിച്ച കാല്‍പ്പാടുകള്‍ വീടിനു പുറത്തും അകത്തും കാണാതിരുന്നതാണ് ഈ നിഗമനത്തില്‍ എത്തിച്ചത്.

കോടാലിയും കമ്പും കൂടാതെ ചുറ്റികയും കൊലപാതകത്തിന് ഉപയോഗിച്ചതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.തങ്കമ്മയുടെ കഴുത്തിന്റെ പിന്‍ഭാഗത്താണു ചുറ്റികകൊണ്ടുള്ള ക്ഷതം. ഇരുവരുടെയും തലച്ചോര്‍ ഛിന്നഭിന്നമായ നിലയിലായിരുന്നു. ഭാസ്‌കരന്‍നായരുടെ പിന്‍കഴുത്തിലും നെറ്റിയിലും ആഴമേറിയ മുറിവുകളുണ്ട്.

കൃത്യം നടത്താനായി കൊലയാളികള്‍ സന്ധ്യയോടെ വീട്ടില്‍ കയറി ഒളിച്ചിരിക്കാമെന്നു സംശയിക്കുന്നു. ഭാസ്‌കരന്‍നായരും ഭാര്യയും ശ്രീകൃഷ്ണജയന്തി ശോഭയാത്ര വീക്ഷിക്കാന്‍ പോയപ്പോഴാകാം കൊലയാളികള്‍ വീട്ടിനുള്ളില്‍ കടന്നതെന്നും കരുതുന്നു. അടുക്കളയിലെ കതക് ചാരിയിട്ടതിനുശേഷം ദമ്പതികള്‍ അരിപ്പൊടി പാത്രങ്ങളിലേക്കു പകര്‍ത്തുമ്പോഴാകാം കൊല നടന്നതെന്ന നിഗമനത്തിലാണു പോലീസ്. ഭാസ്‌കരന്‍നായരുടെ കൈയിലെ വാച്ച് നിശ്ചലമായ സമയം രാത്രി 9.37 ആണെന്നു കണ്ടെത്തി. കൊലയാളികള്‍ അടിക്കുന്നതു തടഞ്ഞപ്പോഴായിരിക്കാം വാച്ച് നിന്നുപോയതെന്നു കരുതുന്നു.

പോലീസ് നായ മണംപിടിച്ച് ഓടിയതു കാഞ്ഞിരപ്പള്ളി റോഡിലൂടെയാണ്. അധികം ആരുമായും സമ്പര്‍ക്കമില്ലാതിരുന്ന ഭാസ്‌കരന്‍നായര്‍ വര്‍ഷങ്ങള്‍ക്കു മുമ്പു ചിലര്‍ക്കു പണം വായ്പയായി നല്‍കുകയും ഇടായി ഭൂമിയുടെ പ്രമാണങ്ങളും ചെക്ക് ലീഫുകളും വാങ്ങുകയും ചെയ്തിരുന്നതായി പറയുന്നു. കൊലപാതകത്തിന് ഈ സംഭവങ്ങളുമായി ബന്ധമുണ്ടെന്നാണു കരുതുന്നത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ തങ്കമ്മയുടെ രണ്ടു പവന്‍ വരുന്ന മുത്തുകള്‍ ഘടിപ്പിച്ച സ്വര്‍ണമാല കാണാനില്ലെന്നു ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. മറ്റ് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിട്ടില്ല.

ഡയറിയില്‍ എഴുതി ദൈനംദിന ഇടപാടുകളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന ശീലം ഭാസ്‌കരന്‍നായര്‍ക്കുണ്ടായിരുന്നു. ഡയറികളുടെ ശേഖരം പോലീസ് കണ്ടെടുത്തു. ബന്ധുക്കള്‍, അയല്‍ക്കാര്‍ ഉള്‍പ്പെടെ നിരവധിപേരില്‍നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ബാങ്ക് അക്കൗണ്ടുകളുടെ സ്റ്റേറ്റ്‌മെന്റ് വെള്ളിയാഴ്ച പോലീസിനു ലഭിച്ചു. കോഡ് നമ്പര്‍ ലഭിക്കാത്തതിനാല്‍ ബാങ്ക് ലോക്കറില്‍ ഭാസ്‌കരന്‍നായര്‍ സൂക്ഷിച്ചിട്ടുള്ളവ പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. കടുത്ത പകവീട്ടല്‍ നടത്തിയതിന്റെ ലക്ഷണങ്ങളുള്ളതാണു സംഭവത്തിനു പിന്നില്‍ മുന്‍വിരോധമുള്ളതായി പോലീസ് സംശയിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Pazhayidam, Murder Case, Police, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.