Latest News

ഓണാഘോഷത്തിന് ഊഞ്ഞാല്‍കെട്ടാന്‍ അഗ്നിശമന സേനക്ക് പൊലീസിന്‍െറ വ്യാജ സന്ദേശം

തിരുവനന്തപുരം: എ.ആര്‍ ക്യാമ്പിലെ മരത്തില്‍ ആളുകുടുങ്ങിയെന്നറിഞ്ഞ് പാഞ്ഞു ചെന്ന അഗ്‌നിശമനസേനയോട് മരത്തില്‍ കയറി ഊഞ്ഞാലുകെട്ടാന്‍ പോലീസ് ആവശ്യപ്പെട്ടു. പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നുമാണ് ഫയര്‍ഫോഴ്‌സിനെ വിളിച്ച് കബളിപ്പിച്ചത്. ശനിയാഴ്ച രാവിലെ 8.35 നാണ് ചെങ്കല്‍ച്ചൂളയില്‍ ഫയര്‍ഫോഴ്‌സ് കണ്‍ട്രോള്‍ യൂണിറ്റിലേക്ക് അടിന്തര സന്ദേശമെത്തിയത്. പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള ഫോണ്‍കോളായതിനാല്‍ ഉടന്‍ തന്നെ അഗ്‌നിശമന സേനാംഗങ്ങള്‍ ക്യാമ്പിലേക്ക് പുറപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനുവേണ്ടിയുള്ള സന്നാഹങ്ങളുമായി ക്യാമ്പിലെത്തിയപ്പോള്‍ അവിടെ കുറച്ച് പോലീസുകാര്‍ കൂടിനില്‍പ്പുണ്ടായിരുന്നു.

മരത്തിന് മുകളില്‍ കുടുങ്ങിയയാളെ രക്ഷിക്കാനെത്തിയതാണെന്ന് പറഞ്ഞപ്പോള്‍ പോലീസുകാര്‍ പരിഹസിച്ചതായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു. മരത്തില്‍ കയറി ഊഞ്ഞാല്‍ കെട്ടാനുള്ള വലിയ ഏണിയുമായി വരാനാണ് ആവശ്യപ്പെതെന്നും പോലീസുകാര്‍ പറഞ്ഞു. ഊഞ്ഞാലുകെട്ടാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ഫയര്‍ഫോഴ്‌സുകാര്‍ മടങ്ങി.

തുടര്‍ന്ന് വ്യാജസന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് കണ്‍ട്രോള്‍ റൂമില്‍ അന്വേഷിച്ചപ്പോള്‍, ക്യാമ്പില്‍ നിന്നുവന്ന വയര്‍ലെസ് സന്ദേശമാണ് ഫയര്‍ഫോഴ്‌സിന് നല്‍കിയതെന്ന മറുപടിയാണ് ലഭിച്ചത്. മരത്തില്‍ ആളുകുടുങ്ങിയെന്ന് ക്യാമ്പില്‍ നിന്ന് വയര്‍ലെസിലൂടെയാണ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചത്. ഈ സന്ദേശം കണ്‍ട്രോള്‍റൂം ജീവനക്കാര്‍ ഫയര്‍ഫോഴ്‌സിന് നല്‍കുകയും ചെയ്തു.

വ്യാജ സന്ദേശം നല്‍കിയതിനെക്കുറിച്ച് ഫയര്‍ഫോഴ്‌സ് അധികൃതര്‍ സിറ്റി പോലീസ് കമ്മീഷണറോട് പരാതിപ്പെട്ടതോടെ സംഭവം ഏതുവിധേനയും ഒതുക്കാനുള്ള നീക്കത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍. മരത്തില്‍ ആളുകുടുങ്ങിയതിനെ തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സിനെ വിളിച്ചതെന്നാണ് ഇപ്പോള്‍ പോലീസിന്റെ വാദം. എന്നാല്‍ അഗ്‌നിശമനസേന ക്യാമ്പിലെത്തിയപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ അവഹേളിക്കുന്ന വിധത്തില്‍ പെരുമാറേണ്ട ആവശ്യമില്ലായിരുന്നുവെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു.

അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ട അഗ്‌നിശമന സേനയുടെ പ്രവര്‍ത്തനം പോലീസ് ദുരുപയോഗം ചെയ്തത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. അതേസമയം മരത്തില്‍ ഊഞ്ഞാലുകെട്ടാന്‍ വേണ്ടി വെള്ളിയാഴ്ചയും പോലീസ്, അഗ്‌നിശമന സേനയുടെ സേവനം തേടിയിരുന്നു. അത് നിരസിച്ചതിന്റെ പകപോക്കലാണ് ശനിയാഴ്ച അരങ്ങേറിയതെന്ന് പറയപ്പെടുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.