Latest News

മാലിക് മാസ്റ്റര്‍ ദിവസവും സ്‌കൂളിലെത്തുന്നത് പുഴ നീന്തിക്കടന്ന്

മലപ്പുറം: സ്‌കൂളില്‍ ബെല്ലടിക്കാറായി. കണക്കു മാഷെ കാത്ത് കടലുണ്ടി പുഴയിലേക്ക് കണ്ണുംനട്ടിരിക്കുകയാണ് പടിഞ്ഞാറ്റുമുറി എ.എം.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. സമയം പിഴച്ചില്ല. പുഴയുടെ കുഞ്ഞോളങ്ങളിലേക്ക് വിരല്‍ ചൂണ്ടി ഒരു കുട്ടി വിളിച്ചു പറഞ്ഞു. മാലിക്ക് മാഷ് വരുന്നേ...... കയ്യില്‍ ഉയര്‍ത്തി പിടിച്ച ചെരുപ്പും കവറില്‍ കെട്ടിയ വസ്ത്രങ്ങളുമായി പുഴയെ നീന്തി തോല്‍പിച്ച് മാഷ് വന്നു... പിന്നെ വസ്ത്രങ്ങളണിഞ്ഞ് പതിവുപോലെ അധ്യാപന ലോകത്തേക്ക്.....

പടിഞ്ഞാറ്റുമുറി ഈസ്റ്റ് എ.എം.എല്‍.പി സ്‌കൂളിലെ അധ്യാപകനായ ആനക്കയം പെരിമ്പലം സ്വദേശി ആറാട്ടുതൊടി അബ്ദുല്‍—മാലിക്കാണ് ദിവസവും പുഴ നീന്തി കടന്ന് സ്‌കൂളിലെത്തുന്നത്. കനത്ത കാലവര്‍ഷത്തിലും കുത്തിയൊഴുകുന്ന പുഴനീന്തി കടക്കും. വയസ് നാല്‍പതു കഴിഞ്ഞെങ്കിലും ഒരു കിലോ മീറ്റേറാളം നിഷ്പ്രയാസം നീന്തും. കൂടുതല്‍ വെള്ളമുള്ള സമയത്ത് ട്യൂബ് ഉപയോഗിക്കും. വസ്ത്രങ്ങളെല്ലാം കവറില്‍ കെട്ടിവെച്ചാണ് വീടിനടുത്തുള്ള കടവില്‍ നിന്നും നീന്തല്‍ തുടങ്ങുക. പിന്നെ ഇക്കരെയണഞ്ഞ് അടുത്ത വീട്ടില്‍ നിന്നും വസ്ത്രങ്ങള്‍ മാറിയ ശേഷമാണ് സ്‌കൂളില്‍ പ്രവേശിക്കുന്നത്.

അധ്യാപക പരിശീലനം പൂര്‍ത്തിയാക്കിയ മാലിക്ക് 1992 ലാണ് പടിഞ്ഞാറ്റുമുറി എല്‍.പി സ്‌കൂളില്‍ ഗണിതാധ്യാപകനായി ജോലിയില്‍ പ്രവേശിക്കുന്നത്. ഒരു വര്‍ഷം ബസ് വഴിയായിരുന്നു യാത്ര. ആനക്കയത്തു നിന്നേ ബസ്സു കിട്ടു. ബസ് സ്റ്റോപ്പിലേക്ക് വീട്ടില്‍ നിന്ന് കിലോമീറ്ററുകള്‍ നടക്കണം. അവിടെ നിന്നും രണ്ടു ബസ്സുകളെ ആശ്രയിക്കണം. ബസ്സു കിട്ടിയില്ലെങ്കില്‍ പിന്നെ സമയത്തിന് സ്‌കൂളിലെത്താന്‍ സാധിക്കില്ല. ഇങ്ങനെ പ്രതിസന്ധിയിലായ സമയത്ത് സഹ അധ്യാപകനായ ബാപ്പുട്ടി മാഷാണ് നീന്തല്‍ തന്ത്രം പറയുന്നത്. കടലുണ്ടി പുഴയോരത്ത് കളിച്ചു വളര്‍ന്നതുകൊണ്ട് നീന്തല്‍ നിഷ്പ്രയാസം സാധിക്കുകയും ചെയ്തു. പിന്നെ കൂടുതല്‍ ചിന്തിച്ചില്ല. 1993ല്‍ നീന്തല്‍ തുടങ്ങി. ആനക്കയം പരിമ്പലം കടവില്‍ നിന്നാണ് നീന്തല്‍ തുടങ്ങിയത്. ഒരു കിലോമീറ്റര്‍ നീന്തി പടിഞ്ഞാറ്റുമുറി മാടേത്താള്‍പാറ കടവിലാണു നീന്തല്‍ അവസാനിക്കുക. അതിനിടയില്‍ കല്ലുകളിലും മണല്‍കൂനകളിലും വിശ്രമിക്കും. മണല്‍ എടുത്ത് കുഴിയായ കടലുണ്ടി പുഴയില്‍ ഇപ്പോള്‍ വിശ്രമം നടക്കാതെയായെന്നും മാഷ് പറയുന്നു.

ബസ് പണിമുടക്കും ഹര്‍ത്താലും അധ്യാപകര്‍ക്ക് യാത്രാ പ്രതിസന്ധിയുണ്ടാക്കുമ്പോള്‍ തനിക്ക് യാതൊരു പ്രതിസന്ധിയുമുണ്ടാവാറില്ലെന്ന് മാലിക്ക് മാഷ് പറയുന്നു. അതുകൊണ്ട് ദിവസവും സ്‌കൂളിലെത്താനും ഹാജര്‍ നേടാനും സാധിക്കും. വാഹനങ്ങള്‍ ഒന്നും ഓടിക്കാനറിയാത്തത് കൊണ്ട് നീന്തല്‍ യജ്ഞം എറെ പ്രയോജനം ചെയ്യാറുണ്ട്. ഒരു ദിവസവും മുടങ്ങാതെയുള്ള നീന്തല്‍ ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. സാമ്പത്തികമായും ഏറെ ലാഭം. 20 വര്‍ഷത്തെ നീന്തലിലൂടെ നാട്ടുകാരുടെ ശ്രദ്ധപിടിച്ചുപറ്റിയ മാലിക്ക് മാഷിന് സര്‍വീസ് കഴിയും വരെ നീന്തി സ്‌കൂളിലെത്തണമെന്നാണ് ആഗ്രഹം. ആഫീഫയാണ് മാലിക്ക് മാസ്റ്ററുടെ ഭാര്യ. അമീറ, മലീഹ, ഉബാബ്, മഹമൂദ് മക്കളാണ്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Malappuram, School, Malique Master, Swimming


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.