Latest News

ഏത് നിമിഷവും ആക്രമണം പ്രതീക്ഷിക്കുന്നുവെന്ന് സിറിയ; തിരിച്ചടിക്കാനും തയ്യാര്‍

ദമസ്‌കസ്: യു എസ് നേതൃത്വത്തിലുള്ള ആക്രമണം ഏത് നിമിഷവും ഉണ്ടാകാമെന്നും അത്തരം സാഹചര്യം നേരിടാന്‍ രാജ്യം സദാ സജ്ജമാണെന്നും സിറിയന്‍ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. രാസായുധം പ്രയോഗിച്ചുവെന്ന ആരോപണം അന്വേഷിച്ച യു എന്‍ സംഘം സിറിയ വിട്ട ശേഷമാണ് സിറിയ ഔദ്യോഗികമായി പ്രതികരിച്ചത്. 

റിപ്പോര്‍ട്ട് തങ്ങള്‍ക്ക് പ്രതികൂലമാകുമെന്ന് തന്നെയാണ് കരുതുന്നത്. അതുകൊണ്ട് തന്നെ ഏത് നിമിഷവും ആക്രമണം പ്രതീക്ഷിക്കാം. പക്ഷേ അത്തരം ആക്രമണങ്ങള്‍ക്ക് രാജ്യത്തെ ശിഥിലമാക്കാന്‍ സാധിക്കില്ല. തിരിച്ചടിക്കാന്‍ രാജ്യം സജ്ജമാണ്. സൈന്യത്തോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത സുരക്ഷാ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഏക് സെല്‍സ്‌റ്റോമിന്റെ നേതൃത്വത്തിലുള്ള 13 യു എന്‍ നിരീക്ഷകരാണ് രാസായുധ പ്രയോഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദമസ്‌കസില്‍ എത്തിയിരുന്നത്. കഴിഞ്ഞ മാസം 21ന് ദമസ്‌കസിന്റെ പ്രാന്ത പ്രദേശത്ത് സര്‍ക്കാര്‍ സൈന്യം രാസായുധം പ്രയോഗിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ വിമതരാണ് രാസായുധം പ്രയോഗിച്ചതെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു. ഇരു വിഭാഗത്തിന്റെ കൈവശവും രാസായുധങ്ങള്‍ ഉണ്ടെന്ന് നേരത്തേ മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വിദഗ്ധ സംഘത്തെ അയച്ചത്.
എന്നാല്‍ യു എന്‍ റിപ്പോര്‍ട്ട് കാത്തിരിക്കേണ്ട കാര്യമില്ലെന്നാണ് യു എസിലെ ഒബാമ ഭരണകൂടം പറയുന്നത്. തങ്ങളുടെ രഹസ്യാന്വേഷണ വിഭാഗം വ്യക്തമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും 426 കുട്ടികളടക്കം 1,429 പേരുടെ മറണത്തിനിടയാക്കിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം സൈന്യത്തിനാണെന്നും അമേരിക്ക വ്യക്തമാക്കുന്നു. എന്നാല്‍ റഷ്യയും ചൈനയും ഇപ്പോഴും സിറിയന്‍ പക്ഷത്ത് നിലയുറപ്പിക്കുകയാണ്. അതുകൊണ്ട് യു എന്‍ പ്രമേയത്തിന്റെ പിന്‍ബലത്തില്‍ സിറിയന്‍ ആക്രമണത്തിലേക്ക് എടുത്തുചാടാന്‍ അമേരിക്കക്കും ബ്രിട്ടനും ഫ്രാന്‍സിനും സാധ്യമല്ല. 

ആക്രമണത്തില്‍ പങ്കെടുക്കുന്നതിന് അനുമതി തേടിയുള്ള പ്രമേയം ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. ആക്രമണത്തിന് മുമ്പ് യു എസ് കോണ്‍ഗ്രസിന്റെ അനുമതി വേണമെന്ന ആവശ്യം ഇതോടെ അമേരിക്കയിലും ശക്തമായിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.