Latest News

മത്സ്യബന്ധനത്തെ ചൊല്ലി ബോട്ടുതൊഴിലാളികളും വള്ളക്കാരും തമ്മില്‍ സംഘര്‍ഷം

കരുനാഗപ്പള്ളി: മത്സ്യബന്ധനത്തെ ചൊല്ലി ബോട്ടുതൊഴിലാളികളും വള്ളക്കാരും തമ്മില്‍ സംഘര്‍ഷം. അഴീക്കല്‍ - കായംകുളം ഹാര്‍ബറില്‍ വില്പനയ്ക്കായി വച്ചിരുന്ന ലക്ഷങ്ങളുടെമത്സ്യം നശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഘര്‍ഷം ഉടലെടുത്തത്. കഴിഞ്ഞ രണ്ട് ദിവസമായി കടലില്‍ രണ്ട് ബോട്ടുകള്‍ ഒരുമിച്ച് നിരോധിക്കപ്പെട്ട അടയ്ക്കം കൊല്ലി വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതാണ് പ്രശ്‌നത്തിനിടയാക്കിയത്. ബോട്ടുകാര്‍ക്ക് ഈ രണ്ടു ദിവസവും കണവയുടെ ചാകരയായിരുന്നു.

വെള്ളിയാഴ്ച 25 ഓളം വരുന്ന വള്ളക്കാര്‍ മീന്‍ പിടിക്കുന്നതിനിടയില്‍ കടലില്‍ വച്ച് ബോട്ടുകള്‍ വളയുകയും വല നശിപ്പിക്കുകയും ചെയ്തു. ഫോണില്‍ കരയിലേക്ക് ബന്ധപ്പെട്ട വള്ളക്കാര്‍ മറ്റുള്ളവരെ ഹാര്‍ബറിലേക്ക് എത്തിച്ച് മത്സ്യം നശിപ്പിയ്ക്കുകയായിരുന്നു.

വില്‍പനയ്ക്കായി ബോട്ടുകാര്‍ ഹാര്‍ബറിലെത്തിച്ച കണവ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കളയുകയും കായലില്‍ ഒഴുക്കി വിടുകയും ചെയ്തു. 15 ലക്ഷത്തിലധികം രൂപയുടെ കണവ നശിപ്പിച്ചതായി പോലീസ് പറഞ്ഞു. മത്സ്യം വാങ്ങാനെത്തിയവരെ വള്ളക്കാര്‍ വിരട്ടിയോടിയ്ക്കുകയും ബോട്ടു തൊഴിലാളികളുമായി വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിന്റെ ഇടപടല്‍ മൂലം കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാകുകയായിരുന്നു. കോസ്റ്റല്‍ സിഐ ഹരിദാസന്‍, ഓച്ചിറ എസ്‌ഐ കെ.ബാലന്‍ എന്നിവരുടെ നേത്യത്ത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തു വരുന്നു.

മണിക്കൂറുകള്‍ നീണ്ട് നിന്ന സംഘര്‍ഷത്തിന് ഉച്ചയോടെയാണ് ശമനമുണ്ടായത്. വൈകുന്നേരത്തോടെ കരയോഗങ്ങളുടെ നേത്യത്വത്തില്‍ ബോട്ടുകാരും വള്ളക്കാരുമായി ചര്‍ച്ചനടത്തി. ശനിയാഴ്ച രാവിലെ കരുനാഗപ്പള്ളി എസിപിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ചനടക്കും. ഇതിനിടയില്‍ മത്സ്യകച്ചവടക്കാര്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിനെ സമീപിച്ചു. എന്നാല്‍ മന്ത്രി ഷിബു ബേബിജോണ്‍ ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയും ശനിയാഴ്ച എസിപിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം കേസെടുക്കണമോ എന്ന് തീരുമാനിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Karunagapalli, Police, Clash, 
 


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.