Latest News

മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് എബിവിപി തിരിച്ചുപിടിച്ചു

കാസര്‍കോട്: പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ.കോളേജില്‍ എബിവിപിക്ക് ഭരണ സാരഥ്യം. എട്ടുസീറ്റില്‍ അഞ്ചും നേടിയാണ് എബിവിപി തിരിച്ചുവരവ് ഉജ്ജ്വലമാക്കിയത്. മുന്നാട് പീപ്പിള്‍സ് കോളേജ്, കുമ്പള ഐഎച്ച്ആര്‍ഡി, കാസര്‍കോട് ഗവ.കോളേജ് എന്നിവിടങ്ങളിലും എബിവിപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. എസ്എഫ്‌ഐയെ നിഷ്പ്രഭമാക്കിയാണ് മഞ്ചേശ്വരം കോളേജില്‍ എബിവിപി വിജയക്കൊടി പാറിച്ചത്. ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി ദിപിന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. 35 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം. സെക്രട്ടറിയായി 43 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി രത്തന്‍ കുമാറും, ജനറല്‍ ക്യാപ്റ്റനായി ട്രാവല്‍ ആന്റ് ടൂറിസം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി ശ്രാവ്യ.എസ് 60 വോട്ടിന്റെ ഭൂരിപക്ഷത്തിനും സ്റ്റുഡന്റ് എഡിറ്ററായി ട്രാവല്‍ ആന്റ് ടൂറിസം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി നിധിന്‍കുമാര്‍.എം 51 വോട്ടിന്റെ ഭൂരിപക്ഷത്തിനും തെരഞ്ഞെടുക്കപ്പെട്ടു. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വിജയികളെ ആനയിച്ചുകൊണ്ട് കോളേജില്‍ നിന്നും മഞ്ചേശ്വരം ടൗണിലേക്ക് പ്രകടനം നടന്നു. ജില്ലാ കണ്‍വീനര്‍ ഇ.നിധീഷ്, മോഹന്‍, പ്രകാശ്, സുമേഷ്, അമ്പിളി, മാലിനി എന്നിവര്‍ നേതൃത്വം നല്‍കി.
കുമ്പള ഐഎച്ച്ആര്‍ഡി കോളേജില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ കെ.രതീഷ്, രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി പ്രതിനിധിയായി ബികോം വിദ്യാര്‍ത്ഥിനി നയന എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മുന്നാട് പീപ്പിള്‍സ് കോളേജില്‍ ട്രാവല്‍ ആന്റ് ടൂറിസത്തില്‍ മഹേഷ്‌കുമാര്‍ വിജയിച്ചു.

വിജയം എസ്എഫ്‌ഐയുടെ അക്രമ രാഷ്ട്രീയത്തിനുള്ള തിരിച്ചടി: എബിവിപി
കാസര്‍കോട്: എബിവിപി സ്ഥാനാര്‍ത്ഥികളായി വിജയിച്ചവരെയും പ്രവര്‍ത്തകരേയും ജില്ലാ കമ്മറ്റി അഭിനന്ദിച്ചു. എബിവിപിക്ക് വോട്ട് ചെയ്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ജില്ലാ കണ്‍വീനര്‍ ഇ.നിധീഷ് നന്ദി അറിയിച്ചു. 

എസ്എഫ്‌ഐയുടെ അക്രമരാഷ്ട്രീയത്തിനെതിരായ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പ്രതികരണമാണ് മഞ്ചേശ്വരത്ത് കണ്ടതെന്ന് നിധീഷ് പ്രസ്താവനയില്‍ പറഞ്ഞു. ഒരുവിഭാഗം അധ്യാപകരും എസ്എഫ്‌ഐയും എബിവിപി സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ കാരണമില്ലാതെ പിന്തള്ളുന്നതിന് ചരടുവലിച്ചിരുന്നു. 

പരാജയത്തിന്റെ നാണക്കേട് മറയ്ക്കാനാണ് രാഷ്ട്രീയ എതിരാളികള്‍ എബിവിപിക്ക് വോട്ടുചെയ്തതെന്ന കള്ളപ്രചാരണം എസ്എഫ്‌ഐ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.