Latest News

യുവതിയെ കൊന്ന് കഷ്ണങ്ങളാക്കിയ കേസില്‍ കാസര്‍കോട് സ്വദേശിയായ പ്രതിക്ക് ജീവപര്യന്തം

പാലക്കാട്: ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി ശരീര ഭാഗങ്ങൾ മുറിച്ചുമാറ്റി പലയിടത്തായി വലിച്ചെറിഞ്ഞ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.[www.malabarflash.com]

പ്രതി കാസർകോട് ചിറ്റാരിക്കൽ മണത്തുരുത്തേലിൽ സ്വദേശി എം.എ.ഷാജനാണ് (44) ജില്ലാ കോടതി (മൂന്ന്) ശിക്ഷ വിധിച്ചത്. പുറമെ തെളിവു നശിപ്പിച്ചതിന് അഞ്ചു വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.

പത്തനംതിട്ട റാന്നി വെച്ചുച്ചിറ എക്സ് സർവീസ്മെൻ കോളനി മണലേൽ എലിസബത്ത് എന്ന ലെനി (ലീന 42) ആണു കൊല്ലപ്പെട്ടത്. പാലക്കാട് പുത്തൂരിൽ ഇവർ വാടയ്ക്കു താമസിച്ചിരുന്ന വീട്ടിൽ വച്ച് ലീനയെ കൊലപ്പെടുത്തിയ ശേഷം തലയൊഴികെയുള്ള ശരീരഭാഗങ്ങൾ ജില്ലയുടെ പല ഭാഗങ്ങളിലായി വലിച്ചെറിഞ്ഞു. തല എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനടുത്തുള്ള മാലിന്യക്കൂമ്പാരത്തിൽ വലിച്ചെറിഞ്ഞതായാണു പ്രതിയുടെ മൊഴി.

തല ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതേത്തുടർന്ന് ഡിഎൻഎ പരിശോധനയിലൂടെയാണ് മരിച്ചതു ലീനയാണെന്ന് ഉറപ്പിച്ചത്. 2007 ജൂലൈ 26നു പകൽ മൂന്നിനായിരുന്നു കൊലപാതകം. ഷാജന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്.

നേരത്തെ വിവാഹിതയായിരുന്ന ലീനയെ വിവാഹ വാഗ്ദാനം നൽകിയാണ് ഷാജൻ തട്ടിക്കൊണ്ടുപോന്നതെന്നാണ് പോലീസ് രേഖകൾ. പിന്നീട് ഇവർ ഗുരുവായൂരിൽ വച്ച് വിവാഹിതരായതായും പറയുന്നു. ലീനയെ കാണാതായതു സംബന്ധിച്ച് ബന്ധുക്കൾ വെച്ചുച്ചിറ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. 

ദൃക്സാക്ഷികളില്ലാത്ത കേസിൽ ഡിഎൻഎ ടെസ്റ്റും കൊലയ്ക്കുപയോഗിച്ച കത്തിയും ഫോൺകോളുകളുമാണ് നിർണായകമായത്. കേസിൽ 34 സാക്ഷികളെ വിസ്തരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.