ചക്കരക്കല്‍: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ രണ്ട് സി.പി.എം പ്രവര്‍ത്തകരില്‍ ഒരാളുടെ നില ഗുരുതരം. തിങ്കളാഴ്ച രാത്രി 11.15ഓടെ ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിനടുത്ത റോഡിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ രണ്ട് സി.പി.എം പ്രവര്‍ത്തകരും കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലാണ്. ഏച്ചൂരിലെ കാട്ടിലെപുരയില്‍ മോഹനന്റെ മകന് പ്രഗീഷ് (24), ചേലോറയിലെ വാണിയഞ്ചാല്‍ ഹരീന്ദ്രന്റെ മകന് ആദര്‍ശ് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കാലിനും മുഖത്തും പരിക്കേറ്റ പ്രഗീഷിന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്. പോലീസിന് ഇയാളുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല. അതേസമയം ആദര്‍ശിന്റെ മൊഴിയനുസരിച്ച് ചക്കരക്കല്‍ പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. അയ്യപ്പന്‍മലയിലെ ആര്.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരായ ലിനേഷ്, സജേഷ്, റിജേഷ് എന്നിവര്‍ക്കും മറ്റ് കണ്ടാലറിയാവുന്ന ഒരാള്‍ക്കുമെതിരെയാണ് കേസ്. ഡി.വൈ.എഫ്. ഐ- സി.പി.എം പ്രവര്‍ത്തകരായ തങ്ങളെ രാഷ്ട്രീയ വിരോധത്തെ തുടര്‍ന്ന് ആക്രമിച്ചുവെന്ന മൊഴിയെടുത്തു തുടര്‍ന്നാണ് കേസെടുത്തത്.
എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ബോംബ് ബൈക്കില്‍ കൊണ്ടുപോകവെ പൊട്ടിത്തെറിച്ചാണ് രണ്ടുപേര്‍ക്ക് പരിക്കേറ്റതെന്നും ബി.ജെ.പി നേതൃത്വം പറയുന്നു. ഓണത്തോടനുബന്ധിച്ച് പ്രഗീഷും ആദര്ശുമുള്പ്പെടെ ഒരു സംഘം ഗോവയിലേക്ക് വിനോദ യാത്ര പോയിരുന്നു. ഞായറാഴ്ച രാത്രി നാട്ടില്‍ മടങ്ങിയെത്തിയ ശേഷം പ്രഗീഷിന്റെ കെ.എല്‍. 13 വൈ 1351 ബൈക്കില്‍ പോകവെ ആക്രമിച്ചുവെന്നാണ് ആദര്‍ശ് പറയുന്നത്.
ചേലോറ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്. പ്രഗീഷിന്റെ ജ്യേഷ്ഠന് രഗീഷ് നേരത്തെ ഒരു ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ പ്രതിയാണ്. ബൈക്ക് തടഞ്ഞുനിര്‍ത്തിയ സംഘം രഗീഷ് എവിടെയാണെന്ന് അന്വേഷിച്ച ശേഷം ഇരുമ്പ് പൈപ്പ് കൊണ്ട് ഇരുവരെയും അടിച്ചു വീഴ്ത്തിയെന്നും പിന്നീട് ബോംബെറിയുകയായിരുന്നുവെന്നുമാണ് ആദര്‍ശ് പറയുന്നത്. രണ്ടാഴ്ച മുമ്പ് സി.പി.എം- ബി.ജെ.പി സംഘര്‍ഷം നടന്ന പ്രദേശമാണിത്. ബൈക്കില്‍ ഐസ്ക്രീം ബോംബ് കൊണ്ടുപോകവെ ബൈക്ക് മറിഞ്ഞ് ബോംബ് പൊട്ടിയതാവാമെന്നാണ് എതിര് വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, CPM, Kannur, BJP
No comments:
Post a Comment