Latest News

റോഡ് തകര്‍ത്ത് വീണ്ടും വാട്ടര്‍ അതോറിറ്റി ബാവിക്കരയിലെ പൈപ്പ് സ്ഥാപിക്കല്‍ നാട്ടുകാര്‍ തടഞ്ഞു

ബോവിക്കാനം: ബാവിക്കര പ്രദേശത്തേക്കുള്ള റോഡ് കൈവശം വെച്ചിരിക്കുന്ന വാട്ടര്‍ അതോറിറ്റി നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ നാട്ടുകാരെ വെല്ലുവിളിച്ച് പൈപ്പ് സ്ഥാപിക്കാന്‍ ശ്രമം. മൊട്ടലില്‍ സ്ഥാപിതമാകുന്ന പുതിയ പദ്ധതിയുടെ പൈപ്പ് നിര്‍മ്മാണമാണ് ചൊവ്വാഴ്ച ആരംഭിച്ചത്. എന്നാല്‍ വിവരമറിഞ്ഞതോടെ സംഘടിച്ച നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞു.

രണ്ട് ജെ.സി.ബികളിലായി പഞ്ചായത്ത് റോഡ് കുഴിതോണ്ടികൊണ്ട് ചൊവ്വാഴ്ച രാവിലെയായിരുന്നു പ്രവൃത്തി തുടങ്ങിയത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ചീഫ് എക്‌സിക്യൂട്ടിവ് എഞ്ചീനിയര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പൈപ്പ് സ്ഥാപിക്കാന്‍ അനുവദിക്കണമെന്നും റോഡിന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചെങ്കിലും നാട്ടുകാര്‍ വിട്ടുവീഴ്ചക്ക് തയാറായില്ല. 

പതിറ്റാണ്ടുകളായി തകര്‍ന്നു കിടക്കുന്ന റോഡ് നന്നാക്കാത്തവര്‍ എങ്ങിനെയാണ് ആഴ്ചകള്‍ കൊണ്ട് നന്നാക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഒഴുക്കന്‍ മട്ടിലായിരുന്നു എഞ്ചിനിയറുടെ പ്രതികരണം. തുടര്‍ന്ന് രണ്ട് ജെ.സി.ബികളും തിരിച്ചുപോയി.
കെ.ഡബ്ല്യു.എയുടെ കൈവശമുള്ള മുതലപ്പാറ-നുസ്രത്ത് നഗര്‍-ബാവിക്കര റോഡ് വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുകയാണ്. നൂറുക്കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന റോഡ് തകര്‍ന്നതോടെ ഈ പ്രദേശത്തേക്കുള്ള ഗതാഗതം തീര്‍ത്തും ദുസ്സഹമായിട്ടുണ്ട്. റോഡ് നന്നാക്കണമെന്ന ആവശ്യവുമായി വാട്ടര്‍ അതോറിറ്റി അധികൃതരെ കണ്ട നാട്ടുകാരോട് ഇത് കെ.ഡബ്ല്യു.എയുടെ റോഡാണെന്നും നാട്ടുകാര്‍ വേണമെങ്കില്‍ വേറെ വഴിനോക്കിക്കൊള്ളണമെന്നുമുള്ള ധിക്കാരപരമായ മറുപടിയായിരുന്നു ലഭിച്ചത്. ഈ സാഹചര്യത്തില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് ശക്തമായ സമരപരിപാടികള്‍ക്കിറങ്ങാനുള്ള നാട്ടുകൂടെ നീക്കത്തിനിടയിലാണ് അതിവേഗം പൈപ്പ് സ്ഥാപിച്ച് തന്ത്രപരമായി മുന്നേറാന്‍ കെ.ഡബ്ല്യു.എ ശ്രമം നടത്തിയത്. 

റോഡ് നന്നാക്കിയില്ലെങ്കില്‍ അടുത്താഴ്ച ബാവിക്കരയില്‍ നിന്നുള്ള കുടിവെള്ള പമ്പിംഗ് തടയുമെന്ന് ആക്ഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ പദ്ധതിയുടെ പൈപ്പിടല്‍ പ്രവൃത്തി അനുവദിക്കില്ലെന്നും അറിയിച്ചിരുന്നു. ഇതിനെയെല്ലാം കാറ്റില്‍പറത്തികൊണ്ടായിരുന്നു ചൊവ്വാഴ്ച രാവിലെ പണി ആരംഭിച്ചത്.
രണ്ട് ജെ.സി.ബികളിലായി എത്തിയ അധികൃതര്‍ ഒന്നും ആലോചിക്കാതെ മെറ്റര്‍ ചെയ്ത റോഡ് കീറുകയായിരുന്നു. നേരത്തെ തകര്‍ന്നുകിടക്കുന്ന നുസ്രത്ത് നഗര്‍-ബാവിക്കര റോഡ് നന്നാക്കാതെ ബാവിക്കര കുന്നില്‍ പന്നടുക്കം റോഡ് കൂടി വികൃതമാക്കുകായിരുന്നു. ഇതാണ് നാട്ടുകാരെ കൂടുതല്‍ പ്രകോപിപ്പിച്ചത്.
വിവരമറിഞ്ഞതോടെ നൂറുക്കണക്കിന് ആളുകള്‍ തടിച്ചുകൂടി. അടുത്താഴ്ച സമരപരിപാടികള്‍ നടക്കാനിരിക്കെ നാട്ടുകാരെ വെല്ലുവിളിച്ചുകൊണ്ട് പ്രവൃത്തി തുടങ്ങിയ അധികൃതര്‍ക്കെതിരെ ശക്തമായ വികാരമാണ് അണപ്പൊട്ടിയത്.
പ്രദേശത്തുകാരുടെ വഴിമുട്ടിച്ച് വെള്ളം കൊണ്ടുപോകാമെന്ന ആഗ്രഹം വ്യാമോഹം മാത്രമാണെന്നും വെല്ലുവിളിക്കാനാണ് തീരുമാനമെങ്കില്‍ ശക്തമായി നേരിടുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ ഇ.പവിത്ര സാഗര്‍, എബി കുട്ടിയാനം, കലാം പള്ളിക്കാല്‍, അബ്ദുല്‍ ഖാദര്‍ ബെള്ളിപ്പാടി എന്നിവര്‍ അറിയിച്ചു.
റോഡ് നന്നാക്കാണമെന്നാവശ്യപ്പെട്ടുള്ള സമരപരിപാടികളുടെ ഭാഗമായി സെപ്തംബര്‍ രണ്ടാം വാരത്തില്‍ ബാവിക്കരയില്‍ നിന്നുള്ള പമ്പിംഗ് തടയും. ഇതിന്റെ വന്‍ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. റോഡ് നന്നാക്കാതെ പുതിയ പൈപ്പിടല്‍ പ്രവൃത്തി അനുവദിക്കില്ലെന്നും ധിക്കാരപരമായ നിലാപാട് തുടര്‍ന്നാല്‍ ബാവിക്കരയില്‍ നിന്ന് പമ്പ് ഹൗസ് തന്നെ മാറ്റി സ്ഥാപിക്കേണ്ടിവരുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.