Latest News

ഈ ഓണത്തിനും സോണിയെ ഒരാള്‍ കാത്തിരിപ്പുണ്ട്….

മനസ്സിനെ തന്റെ പിടിയിലൊതുക്കാനാവാതെ, അതിന്റെ ഭ്രാന്തമായ ഏറ്റക്കുറച്ചിലുകളെ ഒന്ന് ശാന്തമാക്കാന്‍, ആരോടും പറയാതെ, അനുവാദം ചോദിക്കാതെ എല്ലാ ബന്ധങ്ങളും ഉരിഞ്ഞെറിഞ്ഞിറങ്ങിപ്പോയ നായകന്‍. എന്താണ് ചെയ്യേണ്ടതെന്നറിയാതെ പതറിപ്പകച്ചു നില്‍ക്കുന്ന നായിക. ഇത് ‘വടക്കുന്നതന്റെ’ കഥ അല്ല. അരപ്പതിട്ടാണ്ട് മുന്നേ തന്നെയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും , പ്രായമായ മാതാപിതാക്കളെയും മറന്നിറങ്ങിപ്പോയ ഭര്‍ത്താവിനെ ഇന്നും കാത്തിരിക്കുന്ന ഡോക്ടര്‍ സീമയെ നമുക്കതത്ര പരിചയമുണ്ടാവില്ല.

എന്നാല്‍ തന്നെത്തന്നെ ഒന്ന് ശാന്തമാക്കാന്‍ സ്‌നേഹിക്കുന്നവരുടെയെല്ലാമുള്ളില്‍ തീകോരിയിട്ടു എല്ലാമുപേക്ഷിച്ചിറങ്ങിയ ഭര്‍ത്താവിനെ നമ്മള്‍ അറിയും. പെട്ടൊന്നൊരിക്കല്‍ നമ്മെയൊക്കെ ഞെട്ടിച്ച്‌കൊണ്ട് അപ്രത്യക്ഷനായ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകന്‍ സോണി. എം. ഭട്ടതിരിപ്പാട്.

വീടും നാടും വിട്ട് തനിക്ക് മാത്രം മനസ്സിലാകുന്ന ലോകത്തേക്ക് സോണി യാത്രയായിട്ട് 5 വര്‍ഷമാകുന്നു.

2008 നവംബര്‍ 21ന് ഇന്ത്യാവിഷനുവേണ്ടി ഗോവ ഫിലിം ഫെസ്റ്റിവല്‍ കവര്‍ ചെയ്യാന്‍ പോയതാണ് സോണി. കൂടെയുണ്ടായിരുന്ന ക്യാമറമാനോട്‌പോലും പറയാതെ സോണി പെട്ടെന്ന് അപ്രത്യക്ഷനാവുകയായിരുന്നു. ക്യാമറാമാന്റെയും ഇന്ത്യാവിഷന്റെയും അവസരോചിതമായി ഇടപെടലില്‍ സോണിയെ മംഗലാപുരത്തുവച്ച് കണ്ടെത്തിയെങ്കിലും ഭാര്യാ പിതാവിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോള്‍ വീണ്ടും കാണാതായ സോണി ഇന്നേവരെ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല.

ആത്മീയ കേന്ദ്രങ്ങളിലേക്കുള്ള ഒളിച്ചോട്ടം സോണിയുടെ ജീവിതത്തില്‍ പതിവായിരുന്നു. കുടജാദ്രി, അമൃതാനന്ദമയീ മഠം, ശ്രീ ശ്രീ രവിശങ്കറിന്റെ ആശ്രമം തുടങ്ങിയവയായിരുന്നു ഇഷ്ട സങ്കേതങ്ങള്‍…….. ഇത് സോണിയുടെ ആറാം ഒളിച്ചോട്ടമാണ്.
സോണിയെക്കുറിച്ച് ഡോക്ടര്‍ സീമക്ക് അവസാനമായി കിട്ടിയ വിവരം ഒരു കത്തും ഫോണ്‍

കോളുമാണ്. സോണി പടിയിറങ്ങി ഇത്ര നാള്‍ കഴിഞ്ഞിട്ടും അദ്ദേഹം എവിടെയാണെന്നതിന്റെ ഒരു സൂചനപോലും വീട്ടുകാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ കിട്ടിയിട്ടില്ല. കഴിഞ്ഞ 5 കൊല്ലമായി സോണിയെക്കുറിച്ചോര്‍ത്ത് കണ്ണീരിറ്റാത്തൊരു ദിവസം പോലും സീമക്കും കുടുംബത്തിനും ഉണ്ടായിട്ടില്ല. സോണിയെന്തിനായിരുന്നു തന്റെ ജീവിതത്തില്‍ നിന്നും ഒളിച്ചോടിയത്?

രണ്ട് ധ്രുവങ്ങളില്‍ ആയിട്ടായിരുന്നു സോണിയുടെ മനസ്സ്. ‘ബൈ പോളാര്‍ ഡിസീസ്’ എന്ന രോഗത്തിന്റെ പിടിയിലായിരുന്നു അദ്ദേഹം. എന്നും കടുത്ത മാനസിക പിരിമുറുക്കം. ജോലിയോട് വല്ലാത്ത വിരക്തി. തന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞ അവസരത്തില്‍ സീമയോട് ചോദിക്കും ‘ എന്നെയൊരു പൂവുപോലെ, ഒരു കുഞ്ഞിനെപ്പോലെ നോക്കാന്‍ കഴിയുമോ നിനക്ക്, അല്‍പ്പനേരം എന്നെയൊന്നു അടുത്തുകിടത്തി ഉറക്കാമോ?’ പണ്ടുമുതല്‍ക്കെ സോണി വ്യതസ്തന്‍ ആയിരുന്നു. ക്ലാസ്സ് മുറിയില്‍ ശാന്തനായി പെരുമാറിയിരുന്ന സോണി, വിനോദയാത്രകളില്‍ അമിതാഹ്ലാദം കാട്ടിയിരുന്നു. സീമയെ അദ്യകാലത്തൊന്നും ജോലിക്കുപോകാന്‍ സമ്മതിച്ചിരുന്നില്ല, എപ്പോഴുമവര്‍ ഒപ്പമുണ്ടാവണമായിരുന്നു. സോണി പറയും ‘ജീവിതമാണ് പ്രധാനം അല്ലാതെ ജോലിയും പഠിത്തവും ഒന്നുമല്ല’ ആ സ്‌നേഹത്തില്‍ സന്തോഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു സീമയ്ക്ക്.

മാധ്യമപ്രവര്‍ത്തകന്‍ ആയതിലുള്ള സന്തോഷം സോണിയിലുണ്ടായിരുന്നു. എന്നാല്‍ അതേസമയം ജോലിയോടുള്ള അമര്‍ഷം തന്നെയാണ് സോണിയെ മദ്യത്തിലേക്ക് വലിച്ചിഴച്ചത്. മനസ്സിന്റെ താളം തിരിച്ചെടുക്കാന്‍ പണ്ട് സോണി നടത്തിയിരുന്ന യാത്രകള്‍ കേവലം ഒന്നുരണ്ടാഴ്ച മാത്രം ആയുസ്സുള്ളതയിരുന്നു. കയ്യിലെ കാശ് തീരുന്നതുവരെ മാത്രം നീളുന്നവ. എന്നാല്‍ ഇത്തവണത്തെ യാത്ര അത്തരമൊന്നായിരുന്നില്ല. പണം എടുക്കാതിരിക്കാന്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തിട്ടും സോണി മടങ്ങി വന്നില്ല.

ഗോവയില്‍ വച്ച് കാണാതായത്തിന് ശേഷം മംഗലാപുരത്തെ ഒരു ലോഡ്ജില്‍ വെച്ചാണ് സോണിയെ അവശനിലയില്‍ കണ്ടെത്തിയത്. എന്നാല്‍ പിന്നീടവിടുന്നൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സോണി സീമയെക്കൊണ്ട് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് വാങ്ങിപ്പിക്കുകയായിരുന്നു. മംഗലാപുരത്ത് നിന്നും ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങവേയാണ് സോണി, സീമയുടെ അച്ചന്റെ കണ്ണുവെട്ടിച്ച് കാഞ്ഞങ്ങാട്ട് വച്ച് ഇറങ്ങിപ്പോയത്.

വിവരം മറ്റാരും പറയും മുന്‍പേ സോണിതന്നെ മെസ്സേജിലൂടെ സീമയെ അറിയിച്ചിരുന്നു. അത്തരം മെസ്സേജുകള്‍ മുമ്പും പതിവായിരുന്നു. തന്റെ ഓരോ യാത്രയിലും സോണി സീമക്ക് അയക്കുന്ന മെസ്സേജുകള്‍ ആരെയും വേദനിപ്പിക്കുന്നവ തന്നെയായിരുന്നു, തന്റെ ബന്ധങ്ങളെല്ലാം കാഞ്ഞങ്ങാട് വച്ച് പിന്നിലേക്കൊഴുക്കി എല്ലാവരെയും നോവിക്കാന്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ അദ്ദേഹം തന്റെ നല്ലപാതിക്കയച്ച മെസേജ് ഇതായിരുന്നു ‘ഞാന്‍ എന്റെ അവസാനത്തെ ആത്മബന്ധവും ഉപേക്ഷിക്കുന്നു;.

അന്നുമുതല്‍ സോണിക്കായുള്ള തിരച്ചിലിലായി ഉറ്റവരും ഉടയവരും. ‘ബലം പ്രയോഗിച്ചു തിരികെ കൊണ്ടുവന്നാല്‍ അവനില്‍ വാശി കൂടുകയേ ഉള്ളൂ, പിന്നെയും ഇത്തരം ഇറങ്ങിപ്പോക്ക് തുടര്‍ന്നേക്കാം, കാത്തിരിക്കാം, ഒരിക്കല്‍ അവന്‍ വന്നേക്കാം’ സോണിയുടെ ഡോക്ടറുടെ ഈ വാക്കുകളാണ് എന്നെങ്കിലുമൊരിക്കല്‍ പടി കടന്ന് തന്റെ പഴയ അപ്പുവേട്ടനായി സോണി വരും എന്ന പ്രതീക്ഷയില്‍ സീമയെ മുന്നോട്ട് നയിക്കുന്നത്. മറിച്ച് സോണി എവിടെയുണ്ടെന്ന അറിവ് ആകില്ല ഈ പാലയനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താത്തതിന്റെ കാരണം.

സോണി അവസാനമായി സീമക്കെഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു, ‘ഞാന്‍ പോയത് നിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് പലരും പറഞ്ഞേക്കാം, ഒരിക്കലുമല്ല, എനിക്കറിയാം നീയിത്രമാത്രം അനുഭവിച്ചിട്ടും എന്നെയെത്ര സ്‌നേഹിക്കുന്നുവെന്ന്, നീ പതറാതെ പിടിച്ചുനില്‍ക്കണം, ആരന്വേഷിച്ചാലും എന്നെക്കുറിച്ച് വിവരമുണ്ടെന്നും ഞാന്‍ നിന്നെ വിളിക്കാറുണ്ടെന്നും. ഞാന്‍ തിരിച്ചുവരും, നാം ഒന്നിച്ചുതന്നെ ജീവിതത്തിന്റെ അങ്ങേയറ്റം വരെ ജീവിക്കും, ഇതൊരു ജനിതക തകരാര്‍ മാത്രമാണ്, ഞാന്‍ ഇടയ്ക്ക് തോന്നുമ്പോളൊക്കെ വിളിക്കാം.’ ആ വിളി കാതോര്‍ത്ത് ഇരിക്കയാണ് സീമ.

സോണി അറിയാന്‍:.
അമ്മയും അച്ഛനും നിന്റെ ഓര്‍മ്മകള്‍ക്കൊപ്പം തറവാട്ടില്‍ തന്നെയുണ്ട്.
സീമയും കുഞ്ഞുങ്ങളും നീലേശ്വരത്താണ്. സീമയുടെ വീട്ടുകാര്‍ക്കൊപ്പം.
നിങ്ങള്‍ റഷ്യയില്‍ റിപ്പോര്‍ട്ടിങ്ങിനു പോയിരിക്കുകയാണെന്ന് വിശ്വസിക്കുന്ന പ്രായം കഴിഞ്ഞിരിക്കുന്നു കുഞ്ഞുങ്ങള്‍ക്ക്.
മൂത്തയാള്‍ ആറാം ക്ലാസ്സിലായി, മകള്‍ നാലിലും.
അച്ഛന്റെ നെഞ്ചിലെ ചൂടേറ്റുറങ്ങാന്‍ അവരും ഒരിക്കല്‍ ആഗ്രഹിച്ചിരുന്നിരിക്കാം.
നഷ്ടപ്പെട്ട നിമിഷങ്ങള്‍ ഒരിക്കലും തിരിച്ചുവരില്ല.
എന്നാല്‍ ഇനിയുള്ള നാളെങ്കിലും അവര്‍ അര്‍ഹിക്കുന്ന സ്‌നേഹം തിരിച്ചു കൊടുക്കാന്‍….
അച്ഛനായി ഭര്‍ത്താവായി മകനായി ഒടുവിലായെങ്കിലും കരുത്തുറ്റ മാധ്യമപ്രവര്‍ത്തകനായി ഉമ്മറപ്പടികടന്ന് നീ വരുമെന്ന പ്രതീക്ഷയോടെ ഒരാള്‍ കാത്തിരിപ്പുണ്ട്…..

റാണി ലക്ഷ്മി
(കേരള ഓണ്‍ലൈന്‍ ന്യൂസ്) 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.