Latest News

സോണിയയ്‌ക്ക് പി.സി. ജോര്‍ജിന്റെ കത്ത്‌: 'ഉമ്മന്‍ ചാണ്ടിക്കെതിരേ തെളിവുണ്ട്‌

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ ശക്‌തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നു കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിക്കയച്ച കത്തില്‍ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌. ഉമ്മന്‍ ചാണ്ടിയുടെ വിശ്വാസ്യത തകര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതു യു.ഡി.എഫിന്‌ ബുദ്ധിമുട്ടുണ്ടാക്കുമെന്നും കത്തിലുണ്ട്‌. കഴിഞ്ഞമാസം 14-ന്‌ പ്രത്യേക ദൂതന്‍ വഴി കൊടുത്തയച്ച കത്ത്‌ ഓഗസ്‌റ്റ്‌ 19-നാണ്‌ സോണിയാ ഗാന്ധിക്ക്‌ കൈമാറിയത്‌. ഇതേത്തുടര്‍ന്ന്‌ സോണിയാ ഗാന്ധി ജോര്‍ജിനെ ഡല്‍ഹിയിലേക്ക്‌ വിളിപ്പിച്ചെങ്കിലും അങ്ങോട്ട്‌ ചെല്ലാനുള്ള അസൗകര്യം അദ്ദേഹം അവരെ അറിയിച്ചു.

കേരളം സന്ദര്‍ശിക്കുമ്പോള്‍ കാണാമെന്നും അതുവരെ യു.ഡി.എഫിന്‌ ദോഷം വരുന്ന ഒരു നടപടിയുമുണ്ടാകരുതെന്നും സോണിയ അഭ്യര്‍ഥിച്ചതിന്റെ അടിസ്‌ഥാനത്തിലാണ്‌ ജോര്‍ജ്‌ മൗനം പാലിച്ചതെന്ന്‌ അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ സോണിയയുടെ കേരളസന്ദര്‍ശനം മാറ്റിവച്ച സാഹചര്യത്തില്‍ ചര്‍ച്ചയുടെ സാധ്യതയടഞ്ഞു. ഇതേത്തുടര്‍ന്ന്‌ കത്ത്‌ പുറത്തുവന്നാല്‍ ഉണ്ടാകാവുന്ന ആഘാതം ഇല്ലാതാക്കാന്‍ ബുധനാഴ്ച കുഞ്ഞാലിക്കുട്ടി ഇടപെടുകയായിരുന്നു. മാണിയുമായി ബന്ധപ്പെട്ട കുഞ്ഞാലിക്കുട്ടി ജോര്‍ജിനെക്കൂടി വിളിച്ച്‌ ചര്‍ച്ച നടത്തി. തുടര്‍ന്ന്‌ മൂവരും ഒരുമണിയോടെ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി. തനിക്കെതിരേ ജോര്‍ജ്‌ നടത്തുന്ന പ്രസ്‌താവനകളിലുള്ള അമര്‍ഷം മുഖ്യമന്ത്രി അറിയിച്ചു. ജോര്‍ജ്‌ സോണിയയ്‌ക്ക് അയച്ച കത്തിനെ അപലപിച്ചു.

തനിക്കെതിരേ യൂത്ത്‌ കോണ്‍ഗ്രസുകാരും എ ഗ്രൂപ്പ്‌ നേതാക്കളും നടത്തുന്ന ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ജോര്‍ജിന്റെ മറുപടി. സോളാറുമായി ബന്ധപ്പെട്ട്‌ തെളിവുകളുള്ളതുകൊണ്ടുതന്നെയാണ്‌ കത്തില്‍ അക്കാര്യം പറഞ്ഞത്‌.

തൊടുപുഴയില്‍ തന്നെ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചിട്ടും പോലീസ്‌ നോക്കിനിന്നു. ഇനി എ ഗ്രൂപ്പുകാരില്‍നിന്ന്‌ അത്തരം നടപടിയുണ്ടാവില്ലെന്നും തൊടുപുഴ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ രണ്ടുദിവസത്തിനുള്ളില്‍ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഇരുവരും ഏകദേശധാരണയായതിനുശേഷമാണ്‌ വിവാദകത്ത്‌ പുറത്തുവന്നത്‌.

പി.സി. ജോര്‍ജിന്റെ കത്തിന്റെ സംക്ഷിപ്‌തരൂപം കേരളത്തിലെ രാഷ്‌ട്രീയസ്‌ഥിതി ഇതുവരെയില്ലാത്ത രീതിയില്‍ മോശമായിരിക്കുകയാണെന്ന ആമുഖത്തോടെയാണ്‌ ജോര്‍ജിന്റെ കത്ത്‌ തുടങ്ങുന്നത്‌. കേരളാ കോണ്‍ഗ്രസി(എം)ന്റെ ഏക വൈസ്‌ ചെയര്‍മാനാണു ഞാന്‍. എന്റെ പാര്‍ട്ടിയുടെ നേതാവായ കെ.എം. മാണിയാണ്‌ കേരളത്തിലെ ധനമന്ത്രി. ഞാന്‍ സര്‍ക്കാരിന്റെ ചീഫ്‌ വിപ്പുമാണ്‌...കേരളത്തിലെ യു.ഡി.എഫ്‌. രാഷ്‌ട്രീയത്തില്‍ ഇന്നുവരെയുണ്ടാകാത്ത പ്രതിസന്ധിയാണ്‌ ഉണ്ടായിരിക്കുന്നത്‌.

എത്രയും പെട്ടെന്ന്‌ ഈ പ്രശ്‌നത്തില്‍ ഇടപെടണം. ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന സോളാര്‍ വിവാദമാണ്‌ പ്രശ്‌നത്തിനെല്ലാം കാരണം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരുടെ പേരുകള്‍ അടുത്തകാലത്താണ്‌ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതെങ്കിലും അതിനു വളരെ മുമ്പുതന്നെ ഞാന്‍ കത്തുകള്‍ മുഖേനയും വാക്കാലും മുഖ്യമന്ത്രിക്ക്‌ ഇതേക്കുറിച്ചു മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള മൂന്നുപേരെ സസ്‌പെന്‍ഡ്‌ ചെയ്‌തു. അതില്‍ ഒരാള്‍ രണ്ടുമാസമായി പോലീസ്‌ കസ്‌റ്റഡിയിലുമാണ്‌.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടപടിക്കു വിധേയരായ മറ്റുള്ളവരെ അറസ്‌റ്റ്‌ ചെയ്യാത്തത്‌ ഉമ്മന്‍ചാണ്ടിയുടെ സ്വാധീനം ഒന്നുകൊണ്ടുമാത്രമാണെന്ന്‌ പറയപ്പെടുന്നു. ഓരോദിവസം കഴിയുന്തോറും മുഖ്യമന്ത്രിക്കെതിരേ ശക്‌തമായ തെളിവുകളും വാര്‍ത്തകളും പുറത്തുവരുന്നു. സോളാര്‍ കേസിലെ മുഖ്യപ്രതിയായ സരിതയും മുഖ്യമന്ത്രിയും തമ്മില്‍ രഹസ്യം പറയുന്ന ഫോട്ടോവരെ പുറത്തുവന്നു. സരിതയും ബിജു രാധാകൃഷ്‌ണനും മുഖ്യമന്ത്രിയെ പലയിടത്തും വച്ച്‌ കണ്ടിട്ടുണ്ട്‌. മുഖ്യമന്ത്രിയുടെ വീട്ടിലെ സന്ദര്‍ശകരുമായിരുന്നു. മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയപ്പോള്‍ സരിതയും അനുഗമിച്ചു. ഇത്തരം സംഭവങ്ങള്‍ മൂലം കേരളത്തിലെ യു.ഡി.എഫിന്റെ പ്രതിച്‌ഛായ പൂര്‍ണമായും നഷ്‌ടപ്പെട്ടു. കേരളത്തിലെ മാധ്യമങ്ങള്‍ മുഴുവന്‍ മുന്നണിക്കും സര്‍ക്കാരിനും എതിരായി.

ടി.പി. ചന്ദ്രശേഖരന്‍ വധത്തോടെ ഇടതുമുന്നണിയും അതിനു നേതൃത്വം നല്‍കുന്ന സി.പി.എമ്മും പൂര്‍ണമായി പ്രതിരോധത്തിലാകുകയും തകര്‍ന്നടിയുകയും ചെയ്‌തിരുന്നു. അവര്‍ക്കു പുതുജീവന്‍ പകര്‍ന്നതാണ്‌ സോളാര്‍ വിവാദം. ടി.പി. വധം ഉണ്ടായ സമയത്ത്‌ സ്‌ഥിതിഗതികള്‍ യു.ഡി.എഫിന്‌ അനുകൂലമായിരുന്നെന്ന്‌ പലരും വിശ്വസിച്ചിരുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20-ല്‍ 20 സീറ്റും യു.ഡി.എഫിനു ലഭിക്കുമെന്നു കരുതിയിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനവും അദ്ദേഹത്തിനെതിരേയുണ്ടായ ആക്ഷേപങ്ങളും ഈ സ്‌ഥിതിഗതികള്‍ മാറ്റിമറിച്ചു. ഇന്ന്‌ യു.ഡി.എഫിന്റെ ഏറ്റവും അടുത്ത അനുയായികള്‍പോലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌. തകരുമെന്നു പറയുന്നു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ ശക്‌തമായ തെളിവുകള്‍ എന്റെ പക്കലുണ്ട്‌. അതു സോണിയാ ഗാന്ധിക്കു കൈമാറാന്‍ തയാറാണ്‌. നടപടിയുണ്ടാകുമെന്ന്‌ ഉറപ്പുവേണം. കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ എത്രയും വേഗം ഇടപെടണം. ഉമ്മന്‍ചാണ്ടിക്കു പകരം യു.ഡി.എഫിലെ ഘടകകക്ഷികള്‍ക്കുകൂടി സ്വീകാര്യനായ ഒരാളെ നേതൃത്വത്തിലേക്കു കൊണ്ടുവന്നേ പറ്റൂ. അല്ലെങ്കില്‍ ഈ സര്‍ക്കാരിന്‌ അഞ്ചുവര്‍ഷം തുടരാനാവില്ല.

ഉമ്മന്‍ചാണ്ടി ഗ്രൂപ്പിന്റെ തടവറയിലാണ്‌. കേരളത്തിലെ സാമുദായിക സന്തുലിതാവസ്‌ഥ പൂര്‍ണമായി തകര്‍ന്നു. നാടാര്‍-നായര്‍ സമുദായങ്ങള്‍ സര്‍ക്കാരിനെതിരായി. ഹിന്ദുസമുദായം മാനസികമായി യു.ഡി.എഫുമായി അകന്നു. കെ.പി.സി.സി. പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്ന കേരളയാത്ര യു.ഡി.എഫിന്റെ പ്രതിച്‌ഛായ മെച്ചമാക്കിയതാണ്‌. എന്നാല്‍ അദ്ദേഹത്തിന്റെ മന്ത്രിസഭാപ്രവേശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാം തകിടംമറിച്ചു.

രമേശിനെ താക്കോല്‍സ്‌ഥാനത്തു കൊണ്ടുവരണം- ജോര്‍ജിന്റെ കത്തില്‍ പറയുന്നു. കഴിഞ്ഞമാസം 19-ന്‌ ജോര്‍ജിന്റെ പ്രത്യേകദൂതന്‍ സോണിയയ്‌ക്ക്‌ കത്ത്‌ കൈമാറിയതോടെ പിറ്റേന്നുതന്നെ ജോര്‍ജിനെ ഡല്‍ഹിയിലേക്കു ക്ഷണിച്ചു. എന്നാല്‍ ജോര്‍ജ്‌ അസൗകര്യമറിയിച്ചു. അതിനുശേഷമാണ്‌ ഏഴിന്‌ തിരുവനന്തപുരത്ത്‌ കൂടിക്കാഴ്‌ച നടത്താമെന്നു തീരുമാനിച്ചത്‌. എന്നാല്‍ സോണിയയുടെ സന്ദര്‍ശനം റദ്ദാക്കിയ സാഹചര്യത്തില്‍ അതു നടക്കാതെയായി. അതിനിടയിലാണ്‌ കത്ത്‌ പുറത്തുവന്നത്‌. ഇതിനിടെ അടിയന്തരമായി വി.എം. സുധീരനെ രാഹുല്‍ ഗാന്ധി ഡല്‍ഹിക്കു വിളിപ്പിച്ചത്‌ ഈ കത്തിന്റെ അടിസ്‌ഥാനത്തിലാണെന്ന്‌ ജോര്‍ജുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അവകാശപ്പെടുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Solarcase, Umman chandi, P.C.Jeorge, Soniya Gandhi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.