Latest News

ഖിസ്സത്തു ശിഹാബിയ്യയുടെ ഈണം നുകര്‍ന്ന് പാണക്കാട്ടെ പെരുന്നാള്‍ വിരുന്ന്

മലപ്പുറം: മണം വിതറും നറുമലരില്‍...
ചിരിതൂകുന്ന പൂക്കോയതങ്ങള്‍.....
മതിയില്‍ മികും അവര്‍ സുതരേ...
മൊഴിന്തിടുന്നു മികവില്‍ താഴെ.....
മുഹമ്മദലി ശിഹാബാം കോയമോനാം തങ്ങളും.....
മുത്തുമോനായി വിളിത്തീടും ഉമറലി തങ്ങളും.....
മധുമലര്‍ ഹൈദരലി ആറ്റപ്പൂവാം തങ്ങളും...

പാണക്കാട് സയ്യിദ് വംശത്തിന്റെ, ശിഹാബ് വംശാവലിയുടെ കഥപറയുന്ന കാവ്യം യോഗ്യന്‍ ഹംസ മാസ്റ്റര്‍ പാടി അവതരിപ്പിച്ചു. പെരുന്നാള്‍ ദിനത്തില്‍ പാണക്കാട് ബഷീറലി ശിഹാബ് തങ്ങളുടെ വസതിയിലായിരുന്നു സദസ്സ്. ഖിസ്സത്തു ശിഹാബിയ്യ എന്ന ഖിസ്സപ്പാട്ടില്‍ കുടുംബസദസ്സ് ലയിച്ചു. കുടുംബസംഗമത്തോടനുബന്ധിച്ചായിരുന്നു ഖിസ്സപ്പാട്ട് ഒരുക്കിയത്. ചരിത്രവും വര്‍ത്തമാനവും ഖിസ്സയാക്കി നടത്തിയ അവതരണം മനോഹരമായിരുന്നു.

പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് പാണക്കാട് പള്ളിയില്‍ ഖബര്‍ സിയാറത്തിനു ശേഷമായിരുന്നു ഖിസ്സപ്പാട്ട് അവതരണം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രാര്‍ത്ഥനയോടെയായിരുന്നു പരിപാടിക്ക് സമാരംഭം കുറിച്ചത്. കുടുംബാംഗങ്ങള്‍ തിങ്ങി നിറഞ്ഞ ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, നഈം അലി ശിഹാബ് തങ്ങള്‍, മുഈനലി ശിഹാബ് തങ്ങള്‍, തുടങ്ങിയവരും പങ്കെടുത്തു. വ്യവസായമന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും ഈ വിരുന്നിനെത്തി.

പാണക്കാട് കുടുംബത്തിന്റെ തുടക്കം മുതല്‍ ഇന്ന് ആ കുടുംബത്തില്‍ ജിവിച്ചിരിക്കുന്നവരെയും പരാമര്‍ശിക്കുന്നതായിരുന്നു ഖിസ്സത്തുശിഹാബിയ്യ എന്ന ഖിസ്സപ്പാട്ട്. സയ്യിദ് ശിഹാബ് വംശത്തിന്റെ വിശദമായ കുടുംബ ചരിത്രം ഖിസ്സയിലൂടെ വരച്ചുകാട്ടി. സ്വാതന്ത്ര്യ സമരത്തില്‍ ഹുസൈന്‍ ആറ്റക്കോയ തങ്ങളുടെ പങ്കും അറസ്റ്റും ദേശാഭിമാനികള്‍ക്ക് പകര്‍ന്ന ആവേശവും നന്നായി പാടി പറഞ്ഞു. കേരളീയ മുസ്‌ലിം നവോത്ഥാനത്തിലും മതമൈത്രിയിലും മഹത്തായ സംഭാവനകളര്‍പ്പിച്ച കുടുംബമാണ് പാണക്കാട് സയ്യിദ് വംശമെന്നും ഖിസ്സയിലൂടെ ഹംസമാസ്റ്റര്‍ അവതരിപ്പിച്ചു.

നിരവധി വേദികളില്‍ ഇസ്‌ലാമിക കഥാപ്രസംഗങ്ങള്‍ അവതരിപ്പിച്ച് പ്രശസ്തനായ റിട്ടയേര്‍ഡ് അധ്യാപകന്‍ യോഗ്യന്‍ ഹംസ മാസ്റ്റര്‍ സ്വന്തമായി രചിച്ചതാണ് ഖിസ്സത്തു ശിഹാബിയ്യ. മലപ്പുറത്തായിരുന്നു ഇതിന്റെ അരങ്ങേറ്റം. പാണക്കാട് സയ്യിദ് കുടുംബാഗങ്ങളെ വിളിച്ചു കൂട്ടി ഇത് പാടാന്‍ അവസരം ലഭിച്ചതില്‍ ഹംസമാസ്റ്റര്‍ക്കും അതിരറ്റ സന്തോഷം. അഷ്‌റഫ് മാടാനും ഗാനം ആലപിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News,Panakkad Thangal

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.