ചെന്നൈ: വിമാനത്തിന്റെ ടോയ്‌ലറ്റില്‍ 32 കിലോ സ്വര്‍ണ ബിസ്‌കറ്റുകള്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചതിന് നാല് ശ്രീലങ്കക്കാര്‍ അറസ്റ്റില്‍. അബ്ദുള്‍ ഗഫൂര്‍, മുഹമ്മദ് സൈനുല്‍ ഹുസൈന്‍, മുഹമ്മദ് യൂസഫ് അബ്ദുള്‍, മുഹമ്മദ് യാസിന്‍ അബ്ദുള്‍ ഹുസൈന്‍ എന്നിവരാണ് ഡി.ആര്‍.ഐ.യുടെ പിടിയിലായത്.
പിടിച്ചെടുത്ത സ്വര്‍ണത്തിന് ഒന്‍പതരകോടി രൂപ വിലമതിക്കും. ദുബായില്‍നിന്ന് ചെന്നൈ വഴി ഡല്‍ഹിയിലേക്ക് സ്വര്‍ണം കടത്താനായിരുന്നു ഇവരുടെ ശ്രമം. തിങ്കളാഴ്ച രാവിലെ 6.40-ന് എത്തിയ എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ നിന്നിറങ്ങിയ അബ്ദുള്‍ ഗഫൂര്‍, മുഹമ്മദ് സൈനുല്‍ ഹുസൈന്‍ എന്നിവര്‍ വിമാനത്താവളത്തില്‍കാത്തുനില്‍ക്കുകയായിരുന്ന രണ്ടുപേരുമായി സംസാരിക്കുകയും തുടര്‍ന്ന് ഇവരെ വിമാനത്തില്‍ കയറ്റാന്‍ ശ്രമിക്കുകയുമാണുണ്ടായത്.
സംശയം തോന്നിയ ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടി ചോദ്യംചെയ്തപ്പോള്‍ 32 കിലോ സ്വര്‍ണം ടോയ്‌ലറ്റില്‍ ഒളിപ്പിച്ചതായി ഇവര്‍ വെളിപ്പെടുത്തി. ദുബായില്‍നിന്ന് വന്ന വിമാനം ചെന്നൈ വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് ആഭ്യന്തരസര്‍വീസായി പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ടോയ്‌ലറ്റില്‍ രണ്ട് കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലായി ഒരുകിലോ വീതമുള്ള 32 ബിസ്‌കറ്റുകളാണുണ്ടായിരുന്നത്.
ഇതില്‍ 'ജി.ജി.ആര്‍. ഗോള്‍ഡ് റിഫൈനറി 'എന്ന വിദേശ ലേബല്‍ ഉണ്ടായിരുന്നതായി ഡി.ആര്‍.ഐ. വൃത്തങ്ങള്‍ അറിയിച്ചു. ജ്വല്ലറികള്‍ക്ക് വില്‍ക്കാനാണ് സ്വര്‍ണം കടത്തിയതെന്ന് നാലുപേരും ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ഇവരെ സൈദാപ്പേട്ട മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ ചെന്നൈ വിമാനത്താവളത്തില്‍ നിന്നുമാത്രം എട്ടുതവണ സ്വര്‍ണം പിടിക്കുകയുണ്ടായി. സമീപകാലത്ത് ചെന്നൈ വിമാനത്താവളത്തില്‍ നടന്ന ഏറ്റവുംവലിയ സ്വര്‍ണവേട്ടയാണിത്. ചെന്നൈവഴി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള സ്വര്‍ണക്കടത്ത് വര്‍ധിച്ചുവരികയാണ്. ദക്ഷിണേന്ത്യയിലെ വിവിധ വിമാനത്താവളങ്ങള്‍വഴി സ്വര്‍ണം കടത്തിയ കേസില്‍ മാഹി സ്വദേശി ഫയാസിനെ സി.ബി.ഐ. അറസ്റ്റുചെയ്തിരുന്നു.
അയാളുടെ മുഖ്യ കൂട്ടാളികളായ അഷറഫിനുവേണ്ടി സി.ബി.ഐ. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ എല്ലാ വിമാനത്താവളങ്ങളിലും കസ്റ്റംസ്, എമിഗ്രേഷന്‍, ഡി.ആര്‍.ഐ. എന്നീ അന്വേഷണ എജന്‍സികള്‍ നിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment