Latest News

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം അല്‍ മക്തൂം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് തുറന്നു


ദുബൈ: ദുബൈയുടെ വ്യോമഗതാഗത രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ യാത്രാവിമാനം പറന്നുയര്‍ന്നു. യൂറോപ്യന്‍ ബജറ്റ് സര്‍വീസായ വിസ് എയറിന്‍െറ ബുഡാപെസ്റ്റിലേക്കുള്ള വിമാനമാണ് അല്‍ മക്തൂം വിമാനത്താവളത്തില്‍ നിന്ന് ആദ്യമായി ചിറകുവിരിക്കുക.

3300 കോടി ഡോളറിന്‍െറ ആറ് വന്‍കിട പദ്ധതികളടങ്ങിയ ദുബൈ വേള്‍ഡ് സെന്‍ട്രലിന്‍െറ ഭാഗമായാണ് അല്‍ മക്തൂം വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത്. മൊത്തം നാല് ടെര്‍മിനലുകളുള്ള പദ്ധതിയുടെ ആദ്യ ടെര്‍മിനലാണ് ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്.

2020ല്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ 200 ദശലക്ഷം യാത്രക്കാരെയും 12 ദശലക്ഷം ടണ്‍ കാര്‍ഗോയും കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമായി അല്‍ മക്തൂം മാറും.
ദുബൈ നഗരത്തിന്‍െറ തിരക്കുകളില്‍ നിന്നകന്ന് ജബല്‍ അലിക്ക് സമീപമാണ് ദുബൈയിലെ രണ്ടാമത്തെ വിമാനത്താവളം. നാലര കിലോമീറ്റര്‍ നീളമുള്ള റണ്‍വേ ഏറ്റവും വലിയ യാത്രാവിമാനമായ എയര്‍ബസ് എ380ന് സര്‍വീസ് നടത്താന്‍ ശേഷിയുള്ളതാണ്. 

പ്രതിവര്‍ഷം 50 ലക്ഷം യാത്രക്കാരെയും ആറുലക്ഷം ടണ്‍ ചരക്കും കൈകാര്യം ചെയ്യാന്‍ ഇപ്പോള്‍ വിമാനത്താവളത്തിന് കഴിയും. 64 വിമാനങ്ങള്‍ നിര്‍ത്തിയിടാന്‍ ഇവിടെ സൗകര്യമുണ്ട്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, ഫയര്‍ സ്റ്റേഷനുകള്‍, വിമാന അറ്റകുറ്റപ്പണി കേന്ദ്രം, ഇന്ധനം നിറക്കാനുള്ള സംവിധാനം, 66000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പാസഞ്ചര്‍ ടെര്‍മിനല്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
നേരത്തെ നിശ്ചയിച്ചതില്‍ നിന്ന് നാലുവര്‍ഷം വൈകിയാണ് അല്‍ മക്തൂം വിമാനത്താവളത്തില്‍ നിന്ന് യാത്രാവിമാനത്തിന്‍െറ സര്‍വീസ് തുടങ്ങുന്നത്. 2009 പകുതിയോടെ പ്രവര്‍ത്തനം തുടങ്ങാനിരുന്നതായിരുന്നു. എന്നാല്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്ന് ഓപറേറ്റിങ് ലൈസന്‍സ് ലഭിക്കാന്‍ താമസിച്ചതാണ് സര്‍വീസ് വൈകാന്‍ കാരണം. 2010 ജൂണില്‍ ഇവിടെ നിന്ന് ചരക്കുവിമാനങ്ങളുടെ സര്‍വീസ് തുടങ്ങിയിരുന്നു.
ബുഡാപെസ്റ്റിന് പുറമെ യൂറോപ്യന്‍ നഗരങ്ങളായ കീവ്, ബുകാറസ്റ്റ്, സോഫിയ എന്നിവിടങ്ങളിലേക്കും വിസ് എയറിന്‍െറ സര്‍വീസുണ്ടാകും. ഒക്ടോബര്‍ 31 മുതല്‍ ജസീറ എയര്‍വേസും ഡിസംബര്‍ എട്ട് മുതല്‍ ഗള്‍ഫ് എയറും അല്‍ മക്തൂം വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് തുടങ്ങും.
ലോകത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന് പുറമെ ദുബൈ ലോജിസ്റ്റിക്സ് സിറ്റി, ഏവിയേഷന്‍ സിറ്റി, റസിഡന്‍ഷ്യല്‍ സിറ്റി, കൊമേഴ്സ്യല്‍ സിറ്റി, ഗോള്‍ഫ് സിറ്റി തുടങ്ങിയവയാണ് വേള്‍ഡ് സെന്‍ട്രലിലെ പ്രധാന പദ്ധതികള്‍. 2020ല്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ നാല് സൂപ്പര്‍ ജംബോ വിമാനങ്ങള്‍ക്ക് ഒരേ സമയം ഇവിടെ നിന്ന് സര്‍വീസ് നടത്താന്‍ സാധിക്കും. ഇതോടെ ദുബൈയുടെ വ്യോമഗതാഗതം, കാര്‍ഗോ, ടൂറിസം മേഖലകളില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ദുബൈയിലെ പുതിയ വികസന പദ്ധതികള്‍ നടക്കുന്ന കേന്ദ്രങ്ങളായ അറേബ്യന്‍ റാഞ്ചസ്, ദുബൈ മറീന, മീഡിയ സിറ്റി, പാം ജുമൈറ തുടങ്ങിയവക്ക് സമീപമാണ് പുതിയ വിമാനത്താവളം. അതിനാല്‍ തന്നെ ഈ മേഖലക്ക് പുത്തനുണര്‍വേകാന്‍ വിമാനത്താവളത്തിന് കഴിയും. എക്സ്പോ 2020ന് വേദി നിശ്ചയിച്ചിരിക്കുന്നതും വിമാനത്താവളത്തിന് സമീപമാണ്.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.