Latest News

സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍ അന്തരിച്ചു

കണ്ണൂര്‍ : മലയാളത്തിലെ നിരവധി അനശ്വരഗാനങ്ങളുടെ ശില്‍പിയായ കെ. രാഘവന്‍ മാസ്റ്റര്‍ (99) അന്തരിച്ചു. തലശ്ശേരി സഹകരണ ആസ്പത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ടാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ശവസംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് സ്വദേശമായ തലശ്ശേരിയിലെ തലായില്‍ നടക്കും.

മലയാളത്തിന്റെ തനതായ ഗാനശാഖയ്ക്ക് തുടക്കം കുറിച്ച മാസ്റ്റര്‍ക്ക് 2010 ല്‍ പത്മശ്രീ പുരസ്‌കാരവും 1997 ല്‍ ജെ.സി. ഡാനിയല്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. രണ്ടുതവണ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് (1973,77) ലഭിച്ചിട്ടുണ്ട്. സ്വരലയ യേശുദാസ് അവാര്‍ഡ്, എം ജി രാധാകൃഷ്ണന്‍ അവാര്‍ഡ് എന്നിവയും ലഭിച്ചു.

തമിഴ് ഹിന്ദി ഗാനങ്ങളില്‍ നിന്നും മലയാള ചലച്ചിത്രസംഗീതത്തെ വഴിമാറ്റിനടത്തിയ അതുല്യ പ്രതിഭയായിരുന്നു മാസ്റ്റര്‍ . പൊന്‍കുന്നം വര്‍ക്കിയുടെ കതിരുകാണാക്കിളി, പുള്ളിമാന്‍ എന്നിവ ആയിരുന്നു ആദ്യചിത്രങ്ങള്‍ . ഇവരണ്ടും പുറത്തിറങ്ങിയില്ല. 1954 ല്‍ പുറത്തിറങ്ങിയനീലക്കുയിലൂടെയാണ് ആസംഗീതം മലയാളികള്‍ ആസ്വദിച്ചുതുടങ്ങിയത്. നിലക്കുയിലിലെ കായലരികത്ത് വളയെറിഞ്ഞപ്പോള്‍ എന്നഗാനം സൂപ്പര്‍ഹിറ്റായി. ഈ ഗാനം പാടിയതും അദ്ദേഹമായിരുന്നു.

മമ്മുട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ബാല്യകാലസഖിയിലേത് അടക്കം 60 ലേറ ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചു. അപ്പോഴും പറഞ്ഞില്ലെ പോരെണ്ടാന്ന് എന്നഗാനം സ്വന്തം സംഗീതത്തില്‍ ആലപിച്ചത് അദ്ദേഹമായിരുന്നു. കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് റഷ്യയില്‍ നിന്നുള്ള സാംസ്‌കാരിക സംഘത്തിന് നല്‍കിയ സ്വീകരണ ചടങ്ങിലാണ് രാഘവന്‍ മാസ്റ്റര്‍ ഈ ഗാനം അവതരിപ്പിച്ചത്. തിക്കോടിയന്‍ രചിച്ച ഈ ഗാനം പിന്നീട് പി എന്‍ മേനോന്റെ കടമ്പ എന്ന ചിത്രത്തില്‍ പുനരാവിഷ്‌കരിച്ചു.

കണ്ണൂര്‍ തലശ്ശേരിയിലെ തലായി എന്ന സ്ഥലത്തെ സംഗീത പാരമ്പര്യമില്ലാത്ത കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. സംഗീത പഠനത്തിനുശേഷം ആകാശവാണിയിലെ ജീവനക്കാരനായി. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി നിലയങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

യശോധയാണ് ഭാര്യ. വീണാധരി, മുരളീധരന്‍ , കനകാംബരന്‍ , ചിത്രാംബരി, വാഗീശ്വരി എന്നിവരാണ് മക്കള്‍ . മൃതദേഹം ഞായറാഴ്ച രാവിലെ 11 വരെ സ്വവസതിയിലും 11 മുതല്‍ 12 വരെ ബി ഇ എം പി ഹൈസ്‌കൂളിലും പൊതുദര്‍ശനത്തിന് വെക്കും. നിരവധിപേര്‍ തലായിലെ വസതിയില്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. മന്ത്രിമാരായ എം കെ മുനീര്‍ , കെ പി മോഹനന്‍ എന്നിവര്‍ ശനിയാഴ്ച രാവിലെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.