Latest News

കാര്‍ഷിക സംസ്‌കൃതിയുടെ സ്മരണകളില്‍ തെയ്യങ്ങള്‍ അരയിപ്പുഴ കടന്നു


കാഞ്ഞങ്ങാട്: വടക്കേ മലബാറിന്റെ കാര്‍ഷിക പാരമ്പര്യത്തിന്റെ ഗതകാല സ്മരണകള്‍ അയവിറക്കി തെയ്യങ്ങള്‍ അരയി മാളിയേക്കല്‍ പുഴ കടന്നു. അരിമണി വിതച്ച് നൂറുമേനി കൊയ്തതിനാലാണ് ഈ പ്രദേശത്തിന് അരയി എന്ന പേരു ലഭിച്ചത്. അതുകൊണ്ടുതന്നെ അരയിയില്‍ വിത്തെറിയുന്നതും കൃഷി സംരക്ഷിക്കുന്നതുമെല്ലാം തെയ്യങ്ങളാണെന്ന വിശ്വാസമാണ് കര്‍ഷകര്‍ക്ക്.

തുലാമാസം 11ന് ആടയാഭരണങ്ങളുമായി ഭക്തരെ അനുഗ്രഹിക്കാനെത്തുന്ന തെയ്യങ്ങളാണ് ഒരു വര്‍ഷത്തെ ഐശ്വര്യത്തിനു നിദാനമെന്ന വിശ്വാസമാണ് ഇവര്‍ക്ക്. രാജവാഴ്ചക്കാലം മുതലുള്ള ഓര്‍മകളാണ് ജലസഞ്ചാരം നടത്തുന്ന തെയ്യങ്ങളുടെ ഐതിഹ്യകഥകള്‍. നീലേശ്വരം രാജവംശത്തിന്റെ കീഴിലുള്ള തെക്കേ കോവിലകത്തിന്റെ അധീനതയിലായിരുന്നു അരയി മുതല്‍ മടിക്കൈ പന്നിപ്പള്ളി പാര്‍ഥസാരഥി ക്ഷേത്രം വരെയുള്ള നെല്‍പ്പാടങ്ങള്‍.
നെല്‍പ്പാടങ്ങളുടെ സംരക്ഷണത്തിനു നാടുവാഴി വിശ്വസ്തനും സത്യസന്ധനുമായ തേയത്ത്കാരി എന്ന ചെറുമനെയായിരുന്നു നിയോഗിച്ചിരുന്നത്. വയലുകള്‍ നോക്കിനടത്തി സംരക്ഷിച്ചിരുന്ന തേയത്ത്കാരി പിന്നീട് ദൈവകോലമായി മാറി എന്നാണ് ഐതിഹ്യം.

വയലുകളുടെ നാഥനായ തേയത്ത്കാരി തെയ്യക്കോലം ഗുളികനോടും കാര്‍ത്തിക ചാമുണ്ഡിയോടുമൊപ്പം പുഴ കടന്നു കന്നുകാലികളെയും കാലിച്ചെറുക്കന്‍മാരുടെയും തോഴനായ കാലിച്ചാന്‍ തെയ്യത്തെ കണ്ട് നാട്ടുവിശേഷങ്ങളും വിളവുസമൃദ്ധിയും അറിയിച്ചുകൊണ്ടാണ് അരയിപ്പുഴയ്ക്ക് അക്കരെയുള്ള ഏരത്തുമുണ്ട്യയിലെ തമ്പുരാന്റെ കളപ്പുരയിലേക്ക് പുഴ കടന്നു യാത്രയാവുന്നത്.

വയലുകളെ സംരക്ഷിക്കുന്ന കാര്‍ത്തിക ചാമുണ്ഡിയും കന്നുകാലികളെ സംരക്ഷിക്കുന്ന കാലിച്ചാനും തമ്മിലുള്ള സംഭാഷണമാണ് ഈ തെയ്യാട്ടത്തിന്റെ പ്രധാന ചടങ്ങ്. ഞായറാഴ്ച നടന്ന അരയി ചാമുണ്ഡി കളിയാട്ടം കാണാന്‍ ആയിരങ്ങളാണ് പുഴക്കരയിലെത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.