കാഞ്ഞങ്ങാട്: കൃഷ്ണകിഷോറിന്റെ സ്വരമാധുരിക്കു മുന്നില്‍ ശാരീരിക വൈകല്യങ്ങള്‍ അടിയറവ് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ കാസര്‍കോട് പെറുമുഖയിലെ എ. കൃഷ്ണകിഷോര്‍ (15) ആണ് ശാസ്ത്രീയസംഗീതം അഭ്യസിച്ചു കച്ചേരി അരങ്ങേറിയത്.
പെര്‍ഡാല എച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാര്‍ഥിയായ കിഷോര്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ടില്‍ നിന്നാണ് സംഗീതം പഠിച്ചത്. നവരാത്രി ഉല്‍സവത്തോടനുബന്ധിച്ചു വെള്ളിക്കുന്നത്ത് ഭഗവതികാവിലായിരുന്നു അരങ്ങേറ്റം.
ഷണ്മുഖപ്രിയ രാഗത്തില്‍ രൂപക താളത്തിലുള്ള സിദ്ധിവിനായകമനിശം ചിന്തയാമ്യഹം എന്ന മുത്തുസ്വാമി ദീക്ഷിതര്‍ കൃതിയോടെ തുടങ്ങിയ കച്ചേരിയില്‍ 15 കൃതികള്‍ അവതരിപ്പിച്ചു. ഹിന്ദോള രാഗത്തില്‍ ഇതേ താളത്തിലുള്ള മാമവതു ശ്രീ സരസ്വതി എന്നു തുടങ്ങുന്ന മൈസൂര്‍ വാസുദേവാചാര്യ കൃതിയും മനോധര്‍മ്മ സ്വരങ്ങള്‍ സന്നിവേശിപ്പിച്ച് മോഹനരാഗം മിശ്രചാപ് താളത്തില്‍ പരിപാഹിമാം നൃപരേ എന്നു തുടങ്ങുന്ന സ്വാതി തിരുനാള്‍ കൃതിയും പാടിയതോടെ സദസില്‍ കരഘോഷമായി.
ശ്രോതാക്കള്‍ക്കു സുപരിചിതമായ കൃഷ്ണാ നീ ബേഗനെ, എന്ന തവം ചെയ്‌വനേ, നഗുമോ എന്നീ കീര്‍ത്തനങ്ങളും പാടി ഭാഗ്യാദ ലക്ഷ്മി... എന്നു തുടങ്ങുന്ന ദേവീ സ്തുതിയോടെ കച്ചേരി സമാപിച്ചു. ശ്രീധര്‍ റായ് കാസര്‍കോട് (മൃദംഗം), നടരാജ കല്ലൂരായ മധൂര്‍ (വയലിന്‍), എന്നിവര്‍ പക്കമേളം ഒരുക്കി. ഗഞ്ചിറ വായിച്ച് പക്കമേളം കൊഴുപ്പിക്കാനും തല്‍സമയ നിര്‍ദേശങ്ങള്‍ നല്‍കാനും വെള്ളിക്കോത്ത് വിഷ്ണുഭട്ടും വേദിയിലുണ്ടായിരുന്നു.
നവരാത്രി ആഘോഷ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് പി. ദിവാകരന്‍ നായര്‍ കൃഷ്ണകിഷോറിന് ഉപഹാരം നല്‍കി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സംഗീതാഭ്യാസം കൊണ്ടു ജന്മനാ ഉള്ള ശബ്ദവൈകല്യത്തെ അജിതീവിക്കാനും കൃഷ്ണകിഷോറിന് സാധിച്ചു. രാമഭട്ട്- സത്യഭാമ ദമ്പതികളുടെ മകനാണ്. എന്‍ജിനിയറിങ് വിദ്യാര്‍ഥിനി ശ്രുതി, അഞ്ചാം ക്ലാസുകാരി സുപ്രിയ എന്നിവര്‍ സഹോദരങ്ങള്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment