പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായത്തിന് 831, വീടും വീട്ടു നമ്പറുമായി ബന്ധപ്പെട്ട് 568, ബി.പി.എല്‍ കാര്‍ഡ് അനുവദിക്കാന്‍ 2,778, വായ്പ എഴുതി തള്ളുന്നതിന് 358, പട്ടയം ലഭിക്കാന്‍ 692 പരാതികളും ഉള്‍പ്പെടെ ജനസമ്പര്‍ക്ക പരിപാടിയില്‍ 6908 പരാതികളാണ് ലഭിച്ചത്.
നവംബര്‍ 15 ന് കൃഷിവകുപ്പ് മന്ത്രി കെ.പി.മോഹനന്റെ അധ്യക്ഷതയില്‍ നടന്ന സ്‌ക്രീനിങ്ങ് കമ്മിറ്റി യോഗം പരാതികളില്‍ തീരുമാനമെടുക്കുകയും അപേക്ഷകള്‍ക്ക് മറുപടി തയ്യാറാക്കുകയും ചെയ്തു. 2013 ഓഗസ്റ്റ് 30 ന് ജനസമ്പര്‍ക്ക പരിപാടി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും നവംബര്‍ 29 ലേക്ക് മാറ്റുകയായിരുന്നു.
ഓണ്‍ലൈന്‍ മുഖേന ഓഗസ്റ്റ് രണ്ടിന് മുമ്പായി പരാതികളും അപേക്ഷകളും സമര്‍പിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ആകെ ലഭിച്ച 6,908 പരാതികള്‍ ബന്ധപ്പെട്ട ജില്ലാ ഓഫീസര്‍മാര്‍ക്ക് അയച്ചുകൊടുക്കുകയും അവയ്ക്ക് ഓണ്‍ലൈനായി തന്നെ മറുപടി തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രി നേരില്‍ കണ്ട് തീരുമാനമെടുക്കുന്നതിനായി 301 അപേക്ഷകള്‍ തെരഞ്ഞെടുക്കുകയും അവര്‍ക്ക് കൃത്യമായി സമയം അനുവദിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു തന്നെ അറിയിപ്പുകള്‍ പോസ്റ്റലായും എസ്.എം.എസ് വഴിയും ഇ-മെയില്‍ വഴിയും അറിയിച്ചിട്ടുണ്ട്.
മറ്റ് പരാതികളില്‍ എടുത്ത തീരുമാനങ്ങള്‍ മറുപടിയായി മുഴുവന്‍ അപേക്ഷകരെയും കത്ത് മുഖേന അറിയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ മുഖേന നവംബര്‍ 29 ന് മുന്‍പ് തന്നെ പരാതിക്കാരുടെ കൈയ്യില്‍ മറുപടി എത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ അറിയിപ്പ് പോസ്റ്റല്‍ വഴി ലഭിക്കാത്ത പരാതിക്കാര്‍ക്ക് എസ്.എം.എസ്, ഇ-മെയില്‍ മുഖേന അറിയിപ്പ് കിട്ടിയിട്ടുണ്ടെങ്കില്‍ പ്രസ്തുത എസ്.എം.എസോ മെയിലോ വേദിയില്‍ പ്രത്യേകം സജ്ജമാക്കിയ അന്വേഷണ കൗണ്ടറില്‍ കാണിച്ചാല്‍ നോട്ടീസിന്റെ കോപ്പി ലഭിക്കും.
ക്ഷണിക്കപ്പെട്ട 301 പരാതിക്കാര്‍ക്ക് മുഖ്യമന്ത്രിയെ കാണുന്നതിനായി രണ്ട് മണിക്കൂര്‍ വീതമുള്ള മൂന്ന് സമയ ക്രമീകരണം ഏര്‍പ്പെടുത്തി. രാവിലെ ഒമ്പത് മുതല്‍ പതിനൊന്ന് വരെയും പതിനൊന്ന് മുതല്‍ ഒരു മണി വരെയും രണ്ട് മുതല്‍ മൂന്ന് വരെയുമാണ് സമയക്രമം.
ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ടു മണിവരെ ഉച്ചഭക്ഷണ സമയത്ത് മുന്‍കൂട്ടി പരാതി നല്‍കാതെ കാത്തു നില്‍ക്കുന്നവരെ സമീപിച്ച് മുഖ്യമന്ത്രി പരാതി കൈപ്പറ്റും. ആറു മണിക്ക് ശേഷവും മുന്‍കൂട്ടി പരാതി നല്‍കാത്തവരുടെ പരാതികള്‍ ഇതുപോലെ സ്വീകരിക്കും.
എന്നാല്‍ രാത്രി എട്ടു മണി മുതല്‍ മുഖ്യമന്ത്രി നേരില്‍ പരാതികള്‍ കേള്‍ക്കും. മുന്‍കൂട്ടി പരാതി നല്‍കാതെ കാത്തിരിക്കുന്നവരുടെ പരാതികളും അപേക്ഷകളും മുഖ്യമന്ത്രി സ്വീകരിക്കുകയും നേരില്‍ കേള്‍ക്കുകയും ചെയ്യുമെങ്കിലും തീരുമാനം പിന്നീട് അറിയിക്കും.
ജനസമ്പര്‍ക്ക വേദിയെ പ്ലോട്ട് എ എന്നും പ്ലോട്ട് ബി എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. വേദി, ഉദ്യോഗസ്ഥര്‍ക്കുളള ഇരിപ്പിടം, മാധ്യമ പ്രവര്‍ത്തകര്‍ക്കുളള ഇരിപ്പിടം, ക്ഷണിക്കപ്പെട്ട പരാതിക്കാര്‍ക്കുളള ഇരിപ്പിടം എന്നിവയാണ് പ്ലോട്ട് എയില്‍ സജ്ജീകരിക്കുക. പ്ലോട്ട് ബി യില്‍ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് വരുന്ന മറ്റുളളവര്‍ക്ക് ഇരിക്കാം.
പ്രവേശന കവാടങ്ങളുടെ നിയന്ത്രണം പോലീസിനായിരിക്കും. 1500 പോലീസുകാരെ സുരക്ഷാ സംവിധാനങ്ങള്‍ക്കായി വിന്യസിക്കും. 500 ഉദ്യോഗസ്ഥരും പരിപാടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. എന്‍ സി സിയും, സ്റ്റുഡന്റ് പോലീസ് കേഡറ്റും വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കും.
പരാതിക്കാരെ അതാത് സമയത്ത് പ്ലോട്ട് എയില്‍ ക്ഷണിച്ചു വരുത്തും. പ്രവേശന കവാടത്തിലൂടെ അകത്ത് കടക്കുന്നവരുടെ ഇന്റിമേഷന്‍ കാര്‍ഡ് കമ്പ്യൂട്ടറില്‍ റീഡ് ചെയ്താണ് പ്ലോട്ട് എയിലേക്ക് പ്രവേശിപ്പിക്കുക. പരാതിക്കാര്‍ ഇരുന്നു കഴിഞ്ഞാല്‍ പരിഗണിക്കുന്ന പരാതിക്കാരുടെ പേരു വിവരം ഡിസ്‌പ്ലേ ബോര്‍ഡില്‍ തെളിയും.
സ്റ്റേജ് ഡിസ്‌പ്ലേ ബോര്‍ഡില്‍ പേരു കാണുന്ന പരാതിക്കാരെ സ്റ്റേജിലേക്ക് കയറ്റി വിടും. സ്റ്റേജിലേക്ക് വരുന്ന പരാതിക്കാരന്റെ പരാതി സംബന്ധിച്ച സകല വിവരവും സ്റ്റേജിലെ ഉദ്യോഗസ്ഥന്‍മാരുടേയും മുഖ്യമന്ത്രിയുടേയും മുന്നില്‍ പ്രദര്‍ശിപ്പിക്കും. ഇതോടെ പരാതിക്കാരന്‍ മുഖ്യമന്ത്രിയുടെ സമീപം ചെല്ലുകയും മുഖ്യമന്ത്രി പരാതിയില്‍ തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്യും.
മുന്‍കൂട്ടി പരാതി സമര്‍പിക്കാത്തവര്‍ക്ക് ജനസമ്പര്‍ക്ക പരിപാടി ദിനത്തില്‍ വരാം. പ്ലോട്ട് ബിയില്‍ കാത്തിരിക്കാം. ഉച്ചഭക്ഷണ സമയത്ത് മുഖ്യമന്ത്രി പ്ലോട്ട് ബിയില്‍എത്തി കാത്തു നില്‍ക്കുന്നവരുടെ പരാതി കൈപ്പറ്റും.
എട്ടു മണിക്കു ശേഷം കാത്തു നില്‍ക്കുന്നവരുണ്ടെങ്കില്‍ അവരെ പ്ലോട്ട് എയില്‍ കയറ്റും. മുഖ്യമന്ത്രി സ്റ്റേജില്‍ ഇരുന്ന് ആ പരാതികള്‍ പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജനസമ്പര്‍ക്ക പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരെ ജില്ലാതല കോര്‍ഡിനേറ്റര്‍മാരായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
പോലീസ് വിഭാഗം ജില്ലാ പോലീസ് മേധാവിയും വളണ്ടിയേഴ്‌സ് വിഭാഗത്തില്‍ ജില്ലാ സൈനിക് വെല്‍ഫെയര്‍ ഓഫീസറുമാണ് ജില്ലാതല കോര്‍ഡിനേറ്റര്‍മാര്‍.
മീഡിയ വിഭാഗം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറും മെഡിക്കല്‍ ഡി എം ഒ (ആരോഗ്യം)യും റിഫ്രഷ്‌മെന്റ് വിഭാഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസറും കോര്‍ഡിനേറ്റര്‍മാരാണ്. ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ കാസര്‍കോട് പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍ ഉപ വിഭാഗം), ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (ഇലക്‌ട്രോണിക്‌സ് ഉപ വിഭാഗം) പന്തല്‍ സജ്ജീകരണം പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെട്ടിട വിഭാഗം എന്നിവര്‍ക്കുമാണ് ചുമതല.
റിസപ്ഷന്‍ എന്‍ക്വയറി കമ്മിറ്റിയുടെ കണ്‍വീനര്‍ ഹുസൂര്‍ ശിരസ്തദാര്‍ പി കെ ശോഭയും എന്‍ക്വയറി കൗണ്ടര്‍ കണ്‍വീനര്‍ സീനിയര്‍ സൂപ്രണ്ട് (ഐ ആന്റ് എ) ജയലക്ഷ്മിയുമാണ്.
കുടിവെളളത്തിന്റെ കണ്‍വീനര്‍ ജില്ലാ ലോ ഓഫീസര്‍ എം സീതാരാമയും ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) എച്ച് ദിനേശനുമാണ്. ബാഡ്ജസ്, കൂപ്പണ്‍, ഡിസ്‌പ്ലേ പ്രിന്റിംഗ് എന്നിവയുടെ ചുമതല ഫിനാന്‍സ് ഓഫീസര്‍ ഇ പി രാജ്‌മോഹനാണ്.
സ്‌ക്രീനിംഗ് കമ്മിറ്റി അനുവദിച്ച വിവിധ ആനുകൂല്യങ്ങള്‍ ഈ കൗണ്ടറില്‍ വിതരണം ചെയ്യും. പരാതികള്‍ക്കുളള പരിഹാര നിര്‍ദേശങ്ങള്‍ തുടങ്ങിയ മറുപടിയും ലഭ്യമാക്കും. രാവിലെ ഒന്‍പതിനും വൈകുന്നേരം അഞ്ചിനും ഇടയില്‍ ഏതു സമയത്തും പൊതുജനങ്ങള്‍ക്ക് കൗണ്ടറുകളെ സമീപിക്കാവുന്നതാണ്. ജീവനക്കാര്‍ രാവിലെ എട്ട് മണിക്ക് തന്നെ ജനസമ്പര്‍ക്കപരിപാടിയില്‍ എത്തണം.
ജനസമ്പര്‍ക്ക വേദിയായ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ്‌സഗീര്‍, ജില്ലാ പോലീസ് മേധാവി തോംസണ്‍ജോസ്, എ ഡി എം എച്ച് ദിനേശന്‍, ജനസമ്പര്‍ക്ക പരിപാടി നോഡല്‍ ഓഫീസറായ ഡെപ്യൂട്ടി കളക്ടര്‍ എന്‍ ദേവിദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുര്‍ റഹിമാന്‍ എന്നിവര്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:
Post a Comment