Latest News

കാസര്‍കോട് ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിക്ക് ഉജ്വല തുടക്കം; വേദിയിലേക്ക് LDF ന്റെ രോഷ പ്രകടനം


കാസര്‍കോട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാസര്‍കോട് ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിക്ക് ഉജ്വല തുടക്കം. വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ കൂറ്റന്‍ വേദിയിലാണ് ജനസമ്പര്‍ക്ക പരിപാടി വെള്ളിയാഴ്ച രാവിലെ ആരംഭിച്ചത്.

രാവിലെ 7.30 മണിയോടെതന്നെ സ്‌റ്റേഡിയത്തിലെത്തിയ മുഖ്യമന്ത്രിയും ജില്ലയുടെ ചുമതലയുള്ള കൃഷിമന്ത്രി കെ.പി. മോഹനനും പരിപാടിയുടെ സജീകരണങ്ങള്‍ വിലയിരുത്തി. ഒമ്പത് മണിയോടെതന്നെ പരാതികള്‍ സ്വീകരിച്ച് തുടങ്ങി. പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും കൃഷിമന്ത്രിയും വ്യാഴാഴ്ച രാത്രി തന്നെ കാസര്‍കോട്ട് എത്തിയിരുന്നു. അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നടുവിലാണ് പരിപാടി നടക്കുന്നത്.

ജില്ലയുടെ പലഭാഗത്തുനിന്നും ജനങ്ങള്‍ മുന്‍സിപ്പല്‍ സ്റ്റേഡിത്തിലേക്ക് ഒഴുകുകയാണ്. വിദ്യാനഗര്‍ മുതല്‍ കാസര്‍കോട് നഗരംവരെ പലപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന തരത്തില്‍ വാഹനങ്ങളുടെ പെരുപ്പം വര്‍ധിച്ചിട്ടുണ്ട്. പോലീസ് വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുകയാണ്.

രാവിലെ പരിപാടി നടക്കുന്ന മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലേക്ക് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ കൂറ്റന്‍ പ്രകടനം നടന്നു. സോളാര്‍ തട്ടിപ്പു കേസില്‍ പ്രതികള്‍ക്ക് ഒത്താശനല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. ഗവണ്‍മെന്റ് കോളജ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. പ്രകടനം ജില്ലാ കോടതിപരിസരത്ത് റോഡില്‍ ബാരിക്കേഡുകള്‍ നിരത്തി പോലീസ് തടഞ്ഞു.

തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. ഇടതുമുന്നണി ജില്ലാ കണ്‍വീനര്‍ പി. രാഘവന്‍ സ്വാഗതംപറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളാദേവി, കെ.വി. കുഞ്ഞിരാമന്‍, എം.അനന്തന്‍ നമ്പ്യാര്‍, കരിവെള്ളൂര്‍ വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

എഡി.ജി.പി. ശങ്കര്‍ റെഡ്ഡി, ഐ.ജി. സുരേഷ് രാജ് പുരോഹിത് തുടങ്ങിയ ഉന്നത പോലീസ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി 1,800 പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.

ജനസമ്പര്‍ക്ക വേദിയിലേക്ക് ബി.ജെ.പിയും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിട്ടുണ്ട്. മറാഠി ജനവിഭാഗങ്ങളെ പട്ടിക വര്‍ഗത്തില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചതില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പിയുടെ പ്രതിഷേധം.








Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kasargod, Ummanchandi, LDF, Police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.