തൃക്കരിപ്പൂര്‍: ജനുവരി 26നു ചെങ്കോട്ടയില്‍ നടക്കുന്ന റിപബ്ലിക്ദിന പരേഡില്‍ അവതരിപ്പിക്കാനുള്ള ഒപ്പന ശാസ്ത്രീയ നൃത്തരംഗത്തെ പ്രമുഖര്‍ ഉദിനൂരിലെത്തി വിലയിരുത്തി. ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ മൈതാനത്ത് ഉദിനൂര്‍ സ്‌കൂളിലെ 151 മൊഞ്ചത്തിമാര്‍ കൈകൊട്ടി പാടിയപ്പോള്‍ അവിസ്മരണീയമെന്നാണു സംഘം വിലയിരുത്തിയത്.
എന്നാല്‍, രാഷ്ട്രപതിയുടെ മുന്നില്‍ പുറംതിരിയാതെ മുഖാമുഖം മാത്രമേ ഒപ്പന അവതരിപ്പിക്കാന്‍ പാടുള്ളൂവെന്നും മൂന്നു മിനിറ്റില്‍ കൂടാന്‍ പാടില്ലെന്നും സംഘം നിര്‍ദേശിച്ചു. ഇത് അംഗീകരിക്കാമെന്നു സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതോടെ പരേഡില്‍ ഒപ്പന അവതരിപ്പിക്കാനുള്ള അനുവാദം നല്‍കി. നിബന്ധനകള്‍ പാലിക്കേണ്ടിവരുന്നതിനാല്‍ ഇരുന്നും നിന്നും ചാഞ്ഞും ചരിഞ്ഞും അവതരിപ്പിക്കേണ്ട ഒപ്പനയുടെ തനിമ നഷ്ടപ്പെടുമെന്ന ആശങ്കയുണ്ട്.
പദ്മഭൂഷണ്‍, പദ്മശ്രീ പുരസ്‌കാര ജേതാക്കളും കേന്ദ്ര സാഹിത്യ നാടക അക്കാദമി അവാര്‍ഡ് ജേതാക്കളുമായ പ്രമുഖരാണ് ഒപ്പന വിയിരുത്താന്‍ തിങ്കളാഴ്ച സ്‌കൂളിലെത്തിയത്. കേന്ദ്ര പ്രതിരോധ ഉദ്യോഗസ്ഥന്‍ രാജേന്ദ്രസിന്‍ഹയുടെ നേതൃത്വത്തില്‍ ഒഡീസി, കഥക് നൃത്തരംഗത്തെ ഗീതാ മഹാലിക്, ഗുരു രഞ്ജനാ ഗൗഹര്‍, ഗുരു സരോജ വൈദ്യനാഥന്‍, ഭരതനാട്യം വിദഗ്ധ ജയലക്ഷ്മി ഈശ്വര്‍, റസിഹര്‍ ദത്ത എന്നിവരാണ് ഒപ്പന വിലയിരുത്തി ഡല്‍ഹിയില്‍ അവതരിപ്പിക്കേണ്ട രീതിയെക്കുറിച്ച് നിര്‍ദേശം നല്‍കിയത്.
നേരത്തെ 121 പേരെ അണിനിരത്തി മെഗാ ഒപ്പന അവതരിപ്പിച്ച് ലിംകാ ബുക്‌സ് ഓഫ് റെക്കോഡിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിനിടെയാണു ഡല്‍ഹിയിലേക്കു ക്ഷണം ലഭിച്ചത്.
151 പേരാണു പരേഡിന് വേണ്ടി ഒപ്പന ഒരുക്കിയത്. പ്രസിദ്ധ മാപ്പിള കലാകാരന്‍ ജുനൈദ് മെട്ടമ്മലിന്റെ ആശയത്തിലും സംവിധാനത്തിലുമാണു മെഗാ ഒപ്പന തയ്യാറായത്. ഹൈസ്‌കൂള്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള കുട്ടികളാണ് ഒപ്പന അവതരിപ്പിക്കുന്നത്.
ചൊവ്വാഴ്ച ആടയാഭരണങ്ങളില്ലാതെയും സംഘത്തിനു മുന്നില്‍ ഒപ്പന അവതരിപ്പിക്കും. വിഷിഷ്ടാതിഥികള്‍ക്കൊപ്പം പി കരുണാകരന്‍ എം.പി, കെ കുഞ്ഞിരാമന്‍ എം.എല്‍.എ, സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, കേരള ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ. ബി മുഹമ്മദ് അഹ്മദ്, സെക്രട്ടറി പ്രദീപ്കുമാര്‍, പടന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ കെ സി ബാലകൃഷ്ണന്‍, പി.ടി.എ. പ്രസിഡന്റ് പി പി കരുണാകരന്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,



No comments:
Post a Comment